ഇന്ത്യയുള്‍പ്പടെ 56 രാജ്യങ്ങളിലേക്ക് കൂടി ഐട്യൂണ്‍സ്

Posted on: 05 Dec 2012
ആപ്പിളിന്റെ ഐട്യൂണ്‍സ് സ്റ്റോറിന്റെ സേവനം ഇനി ഇന്ത്യയിലും ലഭിക്കും. ഇന്ത്യയും തുര്‍ക്കിയും റഷ്യയും ദക്ഷിണാഫ്രിക്കയും ഉള്‍പ്പടെ 56 രാജ്യങ്ങളിലേക്ക് കൂടി ഐട്യൂണ്‌സ് എത്തുകയാണ്.

ആപ്പിള്‍ ഐട്യൂണ്‍സ് സ്റ്റോറില്‍ നിന്ന് സിനിമകളും സംഗീതവും ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ഉള്ളടക്കം വാങ്ങാന്‍ ഇനി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് തടസ്സമില്ല. ഇന്ത്യന്‍ സിനിമകളും, അന്താരാഷ്ട്ര സിനിമകളും ഐട്യൂണ്‍സ് വഴി വാങ്ങാം.

ഐട്യൂണ്‍സ് സ്‌റ്റോറിന്റെ സേവനം ഇന്ത്യയിലും
ലഭിക്കുന്നത്, ആപ്പിള്‍ ടിവി ഇവിടെയും ചുവടുറപ്പിക്കാന്‍ സാഹചര്യമൊരുക്കും.

ഇന്ത്യന്‍ ഐട്യൂണ്‍സ് സ്റ്റോറില്‍ പാട്ടൊന്നിന് 12 രൂപയാണ് വില. മ്യൂസിക് വീഡിയോ ഒരെണ്ണം ഡൗണ്‍ലോഡ് ചെയ്യാന്‍ 15 രൂപാ വേണം. എന്നാല്‍, സിനിമയുടെ കാര്യമാകുമ്പോള്‍, അതിന്റെ ജനപ്രിയതയും റിസല്യൂഷനും അനുസരിച്ച് നിരക്ക് മാറും. 290 രൂപ മുതല്‍ 490 വരെയാണ് വില.

അതേസമയം, സിനിമ വാടകയ്‌ക്കെടുക്കുമ്പോള്‍ നിരക്ക് കുറയും. ബോളിവുഡ് സിനിമ ഒന്ന് വാടകയ്ക്ക് കിട്ടാന്‍ 80 രൂപയും, അന്താരാഷ്ട്ര സിനിമയ്ക്ക് 120 രൂപയും മുടക്കണം.

ഒരു സിനിമ വാടകയ്‌ക്കെടുത്താല്‍ 30 ദിവസത്തിനകത്ത് കണ്ടുതുടങ്ങിയാല്‍ മതി. കണ്ടുതുടങ്ങിയാല്‍ 48 മണിക്കൂര്‍ അത് പൂര്‍ത്തിയാക്കാന്‍ ലഭിക്കും. ഡൗണ്‍ലോഡ് ചെയ്ത് കണ്ടുതീരുന്നതോടെ സിനിമ നിങ്ങളുടെ ഡ്രൈവില്‍നിന്ന് ഓട്ടോമാറ്റിക്കായി അപ്രത്യക്ഷമാകും.

അതേസമയം, വിലകൊടുത്താണ് വാങ്ങുന്നതെങ്കില്‍ ഏത് ഉപകരണത്തിലും ഏത് സമയത്തും എത്ര തവണ വേണമെങ്കിലും സിനിമ കാണാം.


ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചാണ് ഐട്യൂണ്‍സ് സ്‌റ്റോറില്‍നിന്ന് ഉള്ളടക്കം വാങ്ങാനാവുക. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാത്ത ആളാണ് നിങ്ങളെങ്കില്‍, 1000, 1500, 5000 എന്നീ വിലകള്‍ക്കുള്ള ഐട്യൂണ്‍സ് ഗിഫ്ട് കാര്‍ഡുകള്‍ ആപ്പിള്‍ നല്‍കും. ഇ-കാര്‍ഡിന്റെ രൂപത്തില്‍ ഓണ്‍ലൈന്‍ വഴിയോ, പ്രിന്റ് ചെയ്ത കാര്‍ഡായി തപാല്‍ മാര്‍ഗമോ ഗിഫ്ട് കാര്‍ഡുകള്‍ ലഭിക്കും.

മാത്രമല്ല, പ്രതിവര്‍ഷം 1200 രൂപ നിരക്കില്‍ ഐട്യൂണ്‍സ് മാച്ച് സര്‍വീസ് ലഭ്യമാക്കുകയും ആവാം. നിങ്ങളുടെ പക്കലുള്ള മ്യൂസിക് വിവരങ്ങള്‍ മുഴുവന്‍ ആപ്പിളിന്റെ ക്ലൗഡ് സര്‍വീസായ 'ഐക്ലൗഡി'ല്‍ ഓണ്‍ലൈനായി സൂക്ഷിക്കാന്‍ മാച്ച് സര്‍വീസ് സഹായിക്കും.

ഐക്ലൗഡില്‍ സൂക്ഷിക്കുന്ന മ്യൂസിക്, ആപ്പിള്‍ ടിവി, ഐപോഡ്, ഐഫോണ്‍, ഐപാഡ്, കമ്പ്യൂട്ടര്‍ എന്നിങ്ങനെ ഏത് ഉപകരണത്തിലൂടെയും ആസ്വദിക്കാന്‍ കഴിയും.

ഇന്ത്യയുള്‍പ്പടെ 56 രാജ്യങ്ങളിലേക്ക് കൂടി എത്തുന്നതോടെ, ആപ്പിളിന്റെ ഐട്യൂണ്‍സ് സേവനം ലഭ്യമാകുന്ന രാജ്യങ്ങളുടെ എണ്ണം 119 ആയി.

തുടക്കത്തില്‍ മ്യൂസിക് സ്റ്റോര്‍ ആയി ആരംഭിച്ച ഐട്യൂണ്‍സ് സ്റ്റോര്‍, ക്രമേണ എല്ലാത്തരം ഡിജിറ്റല്‍ ഉള്ളടക്കവും ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന സേവനമായി പരിണമിക്കുകയായിരുന്നു.
TAGS:
apple  |  itunes  |  itunes store  |  india 


Stories in this Section