ആപ്പിളിനെ ആപ്പിലാക്കി ഐഫോണ്‍ മാപ്‌സ്

Posted on: 20 Sep 2012


-സ്വന്തം ലേഖകന്‍
ഗൂഗിളിനെതിരെയുള്ള ആപ്പിളിന്റെ യുദ്ധത്തില്‍ ഒടുവിലത്തെ ദുരന്തം മാപ്പിന്റെ രൂപത്തിലെത്തി. ഐഫോണില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നായ മാപ്‌സ് ആപ്പാണ് (maps app) ആപ്പിളിനെ മുറിവേല്‍പ്പിച്ചിരിക്കുന്നത്.

ഗൂഗിളിന്റെ മാപ്പിങ് സര്‍വീസ് ഒഴിവാക്കി, ഐഒഎസ് 6 ല്‍ അവതരിപ്പിച്ച ആപ്പിളിന്റെ സ്വന്തം മാപ്‌സ് അടിമുടി അബദ്ധങ്ങള്‍ നിറഞ്ഞതാണെന്നാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. നഗരങ്ങളും സ്ഥാപനങ്ങളും തെറ്റായി അടയാളപ്പെടുത്തിയിരിക്കുന്നു. ചില പ്രദേശങ്ങള്‍ക്ക് വ്യക്തതയില്ല. മാപ്‌സില്‍ ഒരു സംഗതി സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നത് മറ്റൊന്നായിരിക്കും.

ഐഫോണ്‍ 5
ഈയാഴ്ച ഉപഭോക്താക്കളില്‍ എത്തുന്നതിന് മുന്നോടിയായി, ഐഒഎസ് 6 ന്റെ ഒരു പതിപ്പ് ആപ്പിള്‍ ബുധനാഴ്ച പുറത്തിറക്കുകയുണ്ടായി. അതിലെ മാപ്‌സില്‍ ഒട്ടേറെ അബദ്ധങ്ങളുള്ളതായി വിമര്‍ശകര്‍ പറയുന്നു.

കഴിഞ്ഞ ജൂണില്‍ 'ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം 6' (ഐഒഎസ്6) അവതരിപ്പിക്കുമ്പോഴാണ്, ഗൂഗിള്‍ മാപ്‌സ് ഐഫോണില്‍ നിന്നും ഐപാഡില്‍ നിന്നും ഒഴിവാക്കുന്ന കാര്യം ആപ്പിള്‍ പ്രഖ്യാപിച്ചത്. 2007 ല്‍ അവതരിപ്പിച്ച കാലം മുതല്‍ ഐഫോണിന്റെ അഭിഭാജ്യഘടകമായിരുന്നു ഗൂഗിള്‍ മാപ്‌സ്. ഐഫോണ്‍ 5 വാങ്ങുന്നവര്‍ ഗൂഗിള്‍ മാപ്‌സിന് പകരം ആപ്പിളിന്റെ മാപ്‌സ് സര്‍വീസ് ഉപയോഗിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍/ടാബ്‌ലറ്റ് രംഗത്ത് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുമായി ആപ്പിളിനോട് മത്സരിക്കുന്ന കമ്പനിയാണ് ഗൂഗിള്‍. ആ നിലയ്ക്ക് ഇരുകമ്പനികളും തമ്മിലുള്ള ബന്ധം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അത്ര മികച്ച രീതിയിലായിരുന്നില്ല. ഈ സാഹചര്യത്തിലാണ്, സ്വന്തം മാപ്‌സ് വികസിപ്പിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചത്.

കടലിന്റെ നടുക്കൊരു ഫര്‍ണിച്ചര്‍ മ്യൂസിയം പാടില്ലെന്ന് ആരു പറഞ്ഞു -ട്വിറ്ററില്‍ ആപ്പിള്‍ മാപ്‌സിനെ കളിയാക്കി പ്രത്യക്ഷപ്പെട്ട ചിത്രം
കഴിഞ്ഞ ആഗസ്തില്‍ കമ്പനിയുടെ മേധാവിയായി ചുമതലയേറ്റ ടിം കുക്കിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ആപ്പിള്‍ സ്വന്തം മാപ്‌സ് സര്‍വീസ് രൂപപ്പെടുത്തിയത്. നാവിഗേഷന്‍ കമ്പനിയായ ടോംടോം (TOM2) ഇതിനായി ആപ്പിളിന് മാപ്പുകള്‍ നല്‍കുന്നു.

എന്നാല്‍, ആപ്പിള്‍ മാപ്‌സില്‍ തെറ്റുകള്‍ കടന്നുകൂടിയതിന് തങ്ങള്‍ ഉത്തരവാദിയല്ലെന്ന് ടോംടോം അറിയിച്ചു. തങ്ങള്‍ ഡേറ്റ മാത്രമാണ് ആപ്പിളിന് നല്‍കുന്നത്, മാപ്‌സ് എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കാന്‍ തങ്ങള്‍ക്ക് അവകാശമില്ല-കമ്പനി അറിയിച്ചു. മാപ്‌സിലെ പിശകുകളെക്കുറിച്ച് ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആപ്പിള്‍ മാപ്‌സ് ആപ് ഉപയോഗിച്ച് സ്ഥലങ്ങളും സ്ഥാപനങ്ങളും സെര്‍ച്ച് ചെയ്യുമ്പോള്‍ തെറ്റായ ഫലങ്ങള്‍ ലഭിക്കുന്നത് സംബന്ധിച്ച ഒട്ടേറെ പരാതികളും വിമര്‍ശനങ്ങളും ട്വിറ്ററിലും മറ്റും പ്രത്യക്ഷപ്പെടുന്നുണ്ട. ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കുന്നതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ആപ്പിളിന്റെ മാപ്‌സ് സര്‍വീസെന്ന് ഒരു ബ്ലോഗര്‍ ചൂണ്ടിക്കാട്ടുന്നു. ശരിക്കും 'പിന്നോട്ടുള്ള ഒരു ചുവടുവെപ്പാണി'ത്, ബ്ലോഗ് പറയുന്നു.

'ഗൂഗിളിന് സാധിക്കുന്നതിലും മികച്ച അനുഭവം ഉപയോക്താക്കള്‍ക്ക് പ്രദാനം ചെയ്യാന്‍ തങ്ങള്‍ക്കാകുമെന്നാണ് ആപ്പിള്‍ വിശ്വസിക്കുന്നത്. എന്നാല്‍, ഗൂഗിളിന്റേത് മികച്ച മാപ്‌സ് ആപ്ലിക്കേഷനായതിനാല്‍, കുറച്ച് കാലത്തേക്കെങ്കിലും ഐഫോണ്‍ ഉപയോക്താക്കള്‍ നഷ്ടം സഹിക്കേണ്ടി വരും'-ഫോറെസ്റ്റര്‍ റിസര്‍ച്ചിലെ സാര റോറ്റ്മാന്‍ ഇപ്പ്‌സ് വിലയിരുത്തുന്നു.

Edit on Sept. 21, 2012

മാപ്‌സ് ആപ് മെച്ചപ്പെടുത്തുമെന്ന് ആപ്പിള്‍

ഐഫോണിലെ പുതിയ മാപ്‌സ് ആപില്‍ (Maps app) പിശകുകളും അബദ്ധങ്ങളും കടന്നുകൂടിയതിന്റെ പേരിലുയര്‍ന്ന വിമര്‍ശനത്തോട് ആപ്പിള്‍ പ്രതികരിച്ചു. മാപ്പിങ് സോഫ്ട്‌വേര്‍ 'മെച്ചപ്പെടുത്തുമെ'ന്ന് കമ്പനി പറഞ്ഞു.

ഐഫോണ്‍ 5 ആളുകളുടെ പക്കലെത്തുന്നതിന് തലേന്നാളാണ്, ആപ്പിളിന്റെ മാപ്പിങ് ആപ്ലിക്കേഷന്റെ പേരില്‍ വന്‍ പ്രതിഷേധമുയര്‍ന്നത്. ഗൂഗിള്‍ മാപ്‌സിന് പകരം ആപ്പിള്‍ സ്വന്തംനിലയ്ക്ക് വികസിപ്പിച്ച മാപ്‌സ് ആപ് ഉപയോഗിക്കുന്ന ആദ്യ ഉപകരണമാണ് ഐഫോണ്‍ 5.

തങ്ങള്‍ മാപ്പ് തുടര്‍ച്ചയായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് ആപ്പിള്‍ വക്താവ് ട്രൂഡി മ്യൂല്ലര്‍ പ്രസ്താവനയില്‍ പറഞ്ഞു. 'മാപ്‌സ് ഒരു ക്ലൗഡ്-അധിഷ്ഠിത ആപ്ലിക്കേഷനായതിനാല്‍, കൂടുതല്‍ പേര്‍ ഉപയോഗിക്കുമ്പോള്‍ അത് അതിനനുസരിച്ച് മെച്ചപ്പെടും'-പ്രസ്താവന വ്യക്തമാക്കി.

'കസ്റ്റമേഴ്‌സിന്റെ പ്രതികരണം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. മികച്ച കസ്റ്റമര്‍ അനുഭവത്തിനായി ഞങ്ങള്‍ കഠിനമായി ശ്രമിച്ചു വരികയാണ്'-മ്യുല്ലര്‍ പറഞ്ഞു.

ഗൂഗിള്‍ മാപ്‌സ് ആപ്
(Google Maps app) ഇപ്പോള്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ലഭ്യമല്ല. എന്നാല്‍, ഐഫോണിലെ വെബ്ബ് ബ്രൗസര്‍ വഴി ഗൂഗിള്‍ മാപ് നോക്കുന്നതിന് തടസ്സമില്ല.
TAGS:
apple  |  iphone 5  |  ios6  |  apple maps app  |  google maps 


Stories in this Section