ഐപാഡ് മിനി - ഇന്ത്യയില്‍ 21,900 രൂപ മുതല്‍

Posted on: 09 Dec 2012
ഒക്ടോബര്‍ അവസാന വാരം ആപ്പിള്‍ അവതരിപ്പിച്ച ഐപാഡ് മിനിയും, കമ്പിനിയുടെ നാലാംതലമുറ ഐപാഡും ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. 21,990 രൂപ മുതലാണ് ഐപാഡ് മിനിയുടെ വില.

പരമ്പരാഗതമായി ഐപാഡിന്റെ വലിപ്പം 9.7 ഇഞ്ചാണ്. അതില്‍നിന്ന് വ്യത്യസ്തമാണ് ഐപാഡ് മിനി. 7.9 ഇഞ്ച് വലിപ്പമുള്ള ടാബ്‌ലറ്റ് കമ്പ്യൂട്ടറാണത്.

വൈഫൈ കണക്ടിവിറ്റി മാത്രമുള്ള 16 ജിബി ഐപാഡ് മിനിക്ക് ഇന്ത്യയില്‍ 21,990 രൂപയാണ് വില. വൈഫൈയ്‌ക്കൊപ്പം ത്രീജി കൂടിയുള്ള 16 ജിബി മോഡലിന് വില 29,900 രൂപ.

അതേസമയം, വൈഫൈ മാത്രമുള്ള 32 ജിബി മോഡല്‍ ഐപാഡ് മിനിക്ക് 27,900 രൂപയും, വൈഫൈയും ത്രീജിയുമുള്ള മോഡലിന് 35,000 രൂപയും നല്‍കണം. 64 ജീബി മോഡലില്‍ വൈഫൈ മോഡലിന് 33,900 രൂപയും, വൈഫൈ + ത്രീജി മോഡലിന് 41,000 രൂപയും വിലയുണ്ട്.

7.9 ഇഞ്ച് ബാക്ക്‌ലിറ്റ് ഐപിഎസ് പാനലോടുകൂടിയ 1024 x 768 പിക്‌സല്‍ സ്‌ക്രീനാണ് ഐപാഡ് മിനിയുടേത്. ആപ്പിള്‍ എ5 ചിപ്പ്‌സെറ്റ് ടാബ്‌ലറ്റിന് കരുത്തേകുന്നു. 5എം.പി. ഒട്ടോഫോക്കസ് ക്യാമറ പിന്നിലുണ്ട്. ആപ്പിളിന്റെ വീഡിയോ കോളിങ് ആപ്ലിക്കേഷനായ ഫെയ്‌സ് ടൈമിനായി 1.2 എം.പി. ഫ്രണ്ട് ക്യാമറയും.

16ജിബി/ 32ജിബ/ 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് അല്ലാതെ, എസ്.ഡി.കാര്‍ഡ് സൗകര്യം ഐപാഡ് മിനിയിലോ ഐപാഡിലോ പ്രതീക്ഷിക്കരുത്. രണ്ട് വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമായ ഐപാഡ് മിനിയുടെ ഭാരം 308 ഗ്രാം ആണ്.

നാലാംതലമുറ ഐപാഡ്

9.7 ഇഞ്ച് വലിപ്പമുള്ള ഐപാഡ് 4 ന്റെ വൈഫൈ മാത്രമുള്ള 16 ജിബി മോഡലിന് 31,900 രൂപയാകും ഇന്ത്യയില്‍ വില. വൈഫൈയ്‌ക്കൊപ്പം സെല്ലുലാര്‍ കണക്ടിവിറ്റി കൂടിയുള്ള മൊഡലിന് 39,900 രൂപയും. 32 ജിബി മോഡല്‍ - വില 37,900 രൂപ (വൈഫൈ മാത്രം), 45,900 രൂപ (വൈഫൈ + സെല്ലുലാര്‍ കണക്ടിവിറ്റി). 64 ജിബി മോഡലിന് 43,900 രൂപയും (വൈഫൈ) 51,900 രൂപയും (വൈഫൈ + സെല്ലുലാര്‍).

2048 x 1536 പിക്‌സല്‍ റിസല്യൂഷനുള്ള 9.7 ഇഞ്ച് സ്‌ക്രീനാണ് ഐപാഡ് 4 ന്റേത്. ഡ്യുവല്‍ കോര്‍ എ6എക്‌സ് ചിപ്പ് കരുത്തു പകരും. പിന്‍ഭാഗത്ത് 5 എം.പി ഓട്ടോഫോക്കസ് ക്യാമറയും, ഫെയ്‌സ് ടൈം സൗകര്യത്തിനായി 1.2 എം.പി.ഫ്രണ്ട് ക്യാമറയും. വെള്ള, കറുപ്പ് നിറങ്ങളില്‍ ലഭ്യമാണ്. 652 ഗ്രാം ഭാരം.
TAGS:
apple  |  ipad mini  |  ipad  |  tablet computers  |  indian market 


Stories in this Section