കാഴ്ച്ചയില്‍ പുതുമയുമായി ആപ്പിളിന്റെ ഐഒഎസ് 7; ഫോണ്‍ മോഷണം ചെറുക്കാന്‍ പുതിയ ഫീച്ചര്‍

Posted on: 11 Jun 2013
ഐക്കണുകള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കും പുതിയ ലുക്ക്. പ്രതിയോഗികളുടെ ഗാഡ്ജറ്റുകളില്‍നിന്ന് വേറിട്ട് നിര്‍ത്തുന്ന പുതിയ ഡിസൈന്‍. ആപ്പിള്‍ അതിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം (ഐഒഎസ് ) അടിമുടി പുതുക്കിയിരിക്കുന്നു. ഈ വര്‍ഷം പുറത്തിറങ്ങുന്ന ഐഒഎസ് 7, ആപ്പിള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ഒരു പുത്തന്‍ അനുഭവമായിരിക്കും.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ വേള്‍ഡ്‌വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് പുതിയ ഐഒഎസ് ആപ്പിള്‍ അവതരിപ്പിച്ചത്. ഇത്രകാലവും ആപ്പിളിന്റെ ഹാര്‍ഡ്‌വേര്‍ രൂപകല്‍പ്പനയ്ക്ക് ചുക്കാന്‍ പിടിച്ച ജോണി ഐവിന്റെ മേല്‍നോട്ടത്തിലാണ് ഐഒഎസ് 7 പിറവികൊണ്ടത്. 2007 ല്‍ ആദ്യം അവതരിപ്പിച്ച ശേഷം ഈ മൊബൈല്‍ പ്ലാറ്റ്‌ഫോമിനുണ്ടാകുന്ന ഏറ്റവും വലിയ അപ്‌ഡേറ്റാണ് ഇപ്പോഴത്തേത്.

ഐഫോണ്‍ 4 നും അതിന് ശേഷമുള്ള ഐഫോണ്‍ വേര്‍ഷനുകള്‍ക്കും ഈ വര്‍ഷംതന്നെ ഐഒഎസ് 7 ലേക്ക് മാറാം. ഐപാഡ് 2 നും അതിന് ശേഷമുള്ള ഐപാഡ് മിനി ഉള്‍പ്പടെയുള്ള വേര്‍ഷനുകള്‍ക്കും ഈ സോഫ്റ്റ്‌വേര്‍ ലഭിക്കും. ഒപ്പം ഐപോഡ് ടച്ചിനും. ഫോണ്‍ മോഷണം ചെറുക്കാനുദ്ദേശിച്ചുള്ള 'ആക്ടിവേഷന്‍ ലോക്ക്' ഫീച്ചറും ഐഒഎസ് 7 ല്‍ ആപ്പിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു മള്‍ട്ടി-ലയേര്‍ഡ് ലുക്കാണ് ഐഒഎസ് 7 നുള്ളത്, ഒപ്പം അര്‍ധസുതാര്യമായ പാനലുകളും. മെയിന്‍ സ്‌ക്രീനിലെ ബാക്ക്ഗ്രൗണ്ട് ദൃശ്യങ്ങള്‍ ഫോണിന്റെ ചലനത്തിനൊപ്പം മാറും. കൂടുതല്‍ ആഴമുള്ളതെന്ന തോന്നലുളവാക്കാന്‍ ഇത് സഹായിക്കും.

മറ്റ് കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും ടാബ്‌ലറ്റുകളില്‍ നിന്നും തങ്ങളുടെ ഉത്പന്നങ്ങള്‍ വേറിട്ട് നില്‍ക്കാന്‍ പാകത്തിലുള്ള ആപ്പിളിന്റെ ഈ പുനര്‍രൂപകല്‍പ്പന തിരിച്ചടിയാകുമോ എന്ന് സംശയിക്കുന്നവരും കുറവല്ല. ഏറെക്കാലമായി ഐഫോണും ഐപാഡും ഉപയോഗിക്കുന്നവര്‍ പുതിയ മാറ്റം എത്രമാത്രം ഉള്‍ക്കൊള്ളുമെന്ന സംശയം ശക്തമാണ്.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 8 ഒഎസിന് കരുതിയ അത്ര സ്വീകാര്യത ഉപയോക്താക്കള്‍ നല്‍കാത്തതിന് കാരണം, പരമ്പരാഗത വിന്‍ഡോസിന്റെ ഡിസൈനില്‍ നിന്ന് വ്യത്യസ്തമാണ് വിന്‍ഡോസ് 8 ന്റെത് എന്നതാണ്. പുതിയ മാറ്റം അത്രയ്ക്കങ്ങ് ഉള്‍ക്കൊള്ളാന്‍ പരമ്പരാഗതമായി വിന്‍ഡോസ് ഉപയോഗിച്ച് ശീലിച്ചവര്‍ക്ക് കഴിയാതെ വന്നു.


ആപ്പിളിന്റെ പുതിയ ഐഒഎസ് പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത രൂപകല്‍പ്പനയില്‍ മാത്രം ഒതുങ്ങുന്നില്ല. ആപ്ലിക്കേഷനുകള്‍ ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ് ചെയ്യപ്പെടാന്‍ പുതിയ ഐഒഎസ് അവസരമൊരുക്കും. മാത്രമല്ല, വെബ്ബ് പാസ്‌വേഡുകള്‍, ആപ്പിന്റെ സിങ്കിങ് സര്‍വീസായ ഐക്ലൗഡ് ( iCloud ) വഴി ഓണ്‍ലൈനില്‍ സൂക്ഷിക്കപ്പെടും. ഒരാളുപയോഗിക്കുന്ന വ്യത്യസ്ത ഗാഡ്ജറ്റുകള്‍ക്ക് അത് ലഭ്യമാകും.

ഒരേ മുറിയില്‍ ആപ്പിള്‍ സര്‍വീസുപയോഗിക്കുന്നവര്‍ക്ക് വലിയ ഫയലുകള്‍ കൈമാറാന്‍ സഹായിക്കുന്ന 'എയര്‍ഡ്രോപ്പ്' ( AirDrop ) ഫീച്ചറും ഐഒഎസ് 7 ലുണ്ട്. ആപ്പിന്റെ മുഖ്യപ്രതിയോഗിയായ സാംസങിന്റെ ഗാലക്‌സി ഫോണിനുള്ള ഒരു ഫീച്ചറിന് ബദലായാണ് ഇത് ആപ്പിള്‍ അവതരിപ്പിക്കുന്നത്. ഫോണുകള്‍ പരസ്പരം മുട്ടിച്ചാല്‍ ഫയലുകള്‍ കൈമാറാന്‍ സഹായിക്കുന്ന നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ചിപ്പുകള്‍ ഗാലക്‌സി ഫോണുകളിലുണ്ട്.

'മുറിക്കുള്ളില്‍ മറ്റുള്ളവരുടെ ഫോണുകളുമായി കൂട്ടിമുട്ടിച്ച് നടക്കേണ്ട ആവശ്യമില്ല'-ആപ്പിളിലെ സോഫ്റ്റ്‌വേര്‍ എഞ്ചിനിയറിങ് സീനിയര്‍ വൈസ് പ്രസിഡന്റ് ക്രെയ്ഗ് ഫെഡെരിഗി പറഞ്ഞു.

ആന്‍ഡ്രോയ്ഡിന്റെ സൃഷ്ടാക്കളായ ഗൂഗിളുമായുള്ള മത്സരം വര്‍ധിപ്പിക്കുന്ന ചില ഘടകങ്ങളും ഐഒഎസ് 7 ലുണ്ട്. ഐഫോണിലെ വെര്‍ച്വല്‍ സഹായിയായ സിരി ( Siri ) മൈക്രോസോഫ്റ്റിന്റെ ബിംഗില്‍ നിന്നുള്ള സെര്‍ച്ച്ഫലങ്ങളാകും ഉപയോഗിക്കുകയെന്ന് ആപ്പിള്‍ പറഞ്ഞു. മാത്രമല്ല, ആപ്പിള്‍ അതിന്റെ മാപ്പിങ് സര്‍വീസ് ഡെസ്‌ക്‌ടോപ്പുകളിലേക്കും ലാപ്‌ടോപ്പുകളിലേക്കും വ്യാപിപ്പിക്കാനും തീരുമാനിച്ചു. ഗൂഗിള്‍ മാപ്‌സിനെ ആശ്രയിക്കുന്നത് കമ്പനി അവസാനിപ്പിക്കുന്നു എന്നര്‍ഥം.

പന്‍ഡോര ( Pandora ) പോലൊരു ഇന്റര്‍നെറ്റ് റേഡിയോ സര്‍വീസും ആപ്പിള്‍ ആരംഭിച്ചിട്ടുണ്ട്. ഐട്യൂണ്‍സ് റേഡിയോ ( iTunes Radio ) എന്നാണ് അതിന്റെ പേര്.
TAGS:
apple  |  ios 7  |  mobile os  |  ios  |  worldwide developers conference 


Stories in this Section