എച്ച്.ടി.സി -ആപ്പിള്‍ പേറ്റന്റ് തര്‍ക്കം ഒത്തുതീര്‍ന്നു

Posted on: 12 Nov 2012
പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ എച്ച്.ടി.സിയും ആപ്പിളും തമ്മിലുള്ള പേറ്റന്റ് തര്‍ക്കത്തിന് പരിസമാപ്തിയായി. പ്രശ്‌നം അന്താരാഷ്ട്രതലത്തില്‍ പരിഹരിച്ചതായി ഇരുകമ്പനികളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

2010 മാര്‍ച്ചില്‍ ആരംഭിച്ച നിയമയുദ്ധത്തിനാണ് ഇതോടെ വെടിനിര്‍ത്തലാകുന്നത്. പത്തുവര്‍ഷത്തേക്കുള്ള ലൈസന്‍സ് കരാറും ഇരുകമ്പനികളും തമ്മില്‍ ഒപ്പുവെച്ചു. എന്നാല്‍, കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ രണ്ടു കൂട്ടരും തയ്യാറായില്ല.

ഐഫോണിനായി തങ്ങള്‍ പേറ്റന്റ് ചെയ്ത സങ്കേതങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നു എന്നാരോപിച്ച് 2010 ല്‍ ആപ്പളാണ് എച്ച്.ടി.സിക്കെതിരെ കോടതിയെ സമീപിച്ചത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വേറുപയോഗിച്ച് സ്മാര്‍ട്ട്‌ഫോണിറക്കുന്ന ഒരു കമ്പനിക്കെതിരെയുള്ള ആപ്പിളിന്റെ ആദ്യ ബലപരീക്ഷണമായിരുന്നു അത്.

എച്ച്.ടി.സിയെ തുടര്‍ന്ന്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന സാംസങ്, മോട്ടറോള മൊബിലിറ്റി തുടങ്ങി പല കമ്പനികള്‍ക്കെതിരെയും ആപ്പിള്‍ നിയമനടപടി ആരംഭിച്ചു. ആ കമ്പനികള്‍ തിരിച്ച് ആപ്പിളിനെതിരെയും പേറ്റന്റ് ലംഘനം ആരോപിച്ചു.

പേറ്റന്റ് ലംഘിച്ചതിന് ആപ്പിളിന് സാംസങ് 105 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഒരു യു.എസ്. ജൂറി വിധിച്ചത് കഴിഞ്ഞ ആഗസ്ത് അവസാനവാരമായിരുന്നു. ഒട്ടേറെ രാജ്യങ്ങളില്‍ ആപ്പിളും മറ്റ് കമ്പനികളുമായി പേറ്റന്റ് പോര് തുടരുന്നതിനിടെയാണ് എച്ച്.ടി.സിയുമായുള്ള തര്‍ക്കം അവസാനിപ്പിച്ചിരിക്കുന്നത്.

ഇരുകമ്പനികളും തമ്മില്‍ ആഗോളതലത്തില്‍ ഇരുപതിലേറെ പേറ്റന്റ് കേസുകള്‍ നിലവിലുണ്ടായിരുന്നതായി എ.എഫ്.പി.റിപ്പോര്‍ട്ട് ചെയ്തു.

ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞതില്‍ താന്‍ ആഹ്ലാദവാനാണെന്ന് ആപ്പിള്‍ മേധാവി ടിം കുക്ക് പ്രതികരിച്ചു. നവമായ ഉത്പന്നങ്ങള്‍ക്ക് രൂപംനല്‍കുന്നത് തങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം പരിഹരിക്കാനായതില്‍ എച്ച്.ടി.സി.മേധാവി പീറ്റര്‍ ചോയുവും സന്തോഷം പ്രകടിപ്പിച്ചു.
TAGS:
apple  |  htc  |  patent issue  |  mobile market 


Stories in this Section