ആന്‍ഡ്രോയിഡ് ഗെയിമുകള്‍ വഴി സ്‌പാം വൈറസ് പടരുന്നു

Posted on: 19 Dec 2012
'ആന്‍ഗ്രി ബേര്‍ഡ്‌സ്' ഉള്‍പ്പടെയുള്ള ജനപ്രിയ ആന്‍ഡ്രോയിഡ് ഗെയിമുകളുടെ പേരില്‍ സ്പാം വൈറസ് പടരുന്നതായി മുന്നറിയിപ്പ്. ഉടമസ്ഥരറിയാതെ ഫോണുകളെ പാഴ്‌സന്ദേശങ്ങള്‍ അയയ്ക്കാന്‍ പ്രേരിപ്പിക്കുന്ന ദുഷ്ടപ്രോഗ്രാമാണ് ഗെയിമുകള്‍ വഴി പടരുന്നതത്രേ.

സൗജന്യമായി ലഭിക്കുന്ന ആന്‍ഡ്രോയിഡ് ഗെയിമുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയിലാണ് പുതിയ ഫോണുകളില്‍ വൈറസ് കടന്നുകൂടുന്നത്. 'സ്പാംസോള്‍ജിയര്‍' (SpamSoldier) എന്ന് വിളിക്കുന്ന ബോട്ട്‌നെറ്റാണത്രേ സ്പാം വൈറസിന് പിന്നിലെന്ന് സുരക്ഷാസ്ഥാപനമായ 'ക്ലൗഡ്മാര്‍ക്ക്' നടത്തിയ വിശകലനത്തില്‍ വ്യക്തമായി.

ഒരുക്കില്‍ ഫോണില്‍ കയറിക്കൂടിയാല്‍, ആ ഗെയിം ആപ്പ് ഒരു വെബ് സെര്‍വറുമായി ബന്ധപ്പെടുകയും അവിടുന്ന് ലഭിക്കുന്ന ഫോണ്‍ നമ്പറുകളിലേക്ക് പാഴ്‌സന്ദേശങ്ങള്‍ (സ്പാം) അയയ്ക്കാനാരംഭിക്കുകയും ചെയ്യും.

'ആന്‍ഗ്രി ബേര്‍ഡ്‌സ് സ്‌പേസ്', 'നീഡ് ഫോര്‍ സ്പീഡ് മോസ്റ്റ് വാന്‍ഡഡ്' എന്നിങ്ങനെ ഒട്ടേറെ ആന്‍ഡ്രോയിഡ് ഗെയിമുകളില്‍ ഇത്തരം ദുഷ്ടപ്രോഗ്രാമുകള്‍ മറഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സ്പാം റിലേ ചെയ്യുന്നതിന് ആദ്യം കുറെ ഫോണുകളെ ഉപയോഗിക്കുന്നു. ആ ഫോണുകള്‍ വഴി, ജനപ്രിയ ആന്‍ഡ്രോയിഡ് ഗെയിമുകളുടെ സൗജന്യ പതിപ്പുകള്‍ ലഭ്യമാണ് എന്ന് കാണിച്ച് ആയിരക്കണക്കിന് പാഴ്‌സന്ദേശങ്ങള്‍ അയയ്ക്കപ്പെടുന്നു. ആ സൗജന്യ ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നവരാണ് കെണിയില്‍ പെടുക.

അത്തരം സൗജന്യ ഗെയിമുകളുടെ ഉറവിടം ചൈനയിലുള്ള ചില സെര്‍വറുകളാണ്, അല്ലാതെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അല്ലെന്ന് 'ക്ലൗഡ്മാര്‍ക്ക്' നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

ഇത്തരം വ്യാജ ഗെയിമുകള്‍ ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍, ഫോണിന്റെ മെയിന്‍ സ്‌ക്രീനില്‍ നിന്ന് അതിന്റെ ഐക്കണ്‍ അപ്രത്യക്ഷമാകും. എന്നിട്ട്, അതൊരു കേന്ദ്രസെര്‍വറുമായി ബന്ധപ്പെട്ട് സ്പാം അയയ്‌ക്കേണ്ട നമ്പര്‍ പട്ടിക ശേഖരിക്കുന്നു. ആ നമ്പറുകളിലേക്ക് സൗജന്യ ആപ്പുകളെക്കുറിച്ച് സന്ദേശങ്ങള്‍ പോകുന്നു. സന്ദേശങ്ങള്‍ കിട്ടുന്ന ചിലര്‍ കെണിയില്‍ വീഴുന്നു.

നിങ്ങള്‍ക്കൊരു ഗിഫ്റ്റ് കാര്‍ഡ് ലഭിച്ചിരിക്കുന്നു എന്നിങ്ങനെയുള്ള വ്യാജ സന്ദേശങ്ങള്‍ അയയ്ക്കാനും, ഇങ്ങനെ സ്പാം വൈറസ് ബാധിച്ച ഫോണുകളെ സൈബര്‍ ക്രിമിനലുകള്‍ ഉപയോഗിക്കുന്നു.
TAGS:
android phones  |  android  |  spam  |  computer virus  |  spamsoldier  |  mobile games  |  online security 


Stories in this Section