ഐപാഡിനെ വെല്ലുവിളിച്ച് ആമസോണ്‍ കിന്‍ഡ്ല്‍ ഫയര്‍

Posted on: 08 Sep 2012


-സ്വന്തം ലേഖകന്‍
സമ്പുഷ്ടമായ ഡിജിറ്റല്‍ ഉള്ളടക്കം. അത് ഇ-ബുക്കുകളായാലും ഓണ്‍ലൈന്‍ സിനിമകളായാലും. ഒപ്പം കുറഞ്ഞ വിലയും. വിപണിയില്‍ ആപ്പിള്‍ ഐപാഡിനെ വെല്ലുവിളിക്കാന്‍ തങ്ങളുടെ പുതിയ കിന്‍ഡ്ല്‍ ഫയര്‍ ടാബ്‌ലറ്റിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആമസോണ്‍.

499 ഡോളര്‍ ഐപാഡിന്റെ പകുതിവിലയ്ക്കാണ് കഴിഞ്ഞ വര്‍ഷം ആമസോണ്‍ അതിന്റെ ഏഴിഞ്ച് കിന്‍ഡ്ല്‍ ഫയര്‍ ടാബ്‌ലറ്റ് അവതരിപ്പിച്ചത്. പത്തുമാസത്തിനുള്ളില്‍ അമേരിക്കന്‍ വിപണിയില്‍ ഐപാഡ് കഴിഞ്ഞാല്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ടാബ്‌ലറ്റായി അത് മാറി.

ഇപ്പോള്‍ സര്‍ഫേസ് ടാബ്‌ലറ്റുമായി മൈക്രോസോഫ്റ്റും, നെക്‌സസ് 7 ടാബുമായി ഗൂഗിളും രംഗത്തെത്തിയതോടെ വിപണിയില്‍ മത്സരം മുറുകിയിരിക്കുന്നു. മാറിയ സാഹചര്യം കണക്കിലെടുത്താണ്, ലോകത്തെ ഏറ്റവും വലിയ ഓണ്‍ലെന്‍ റീട്ടയ്ല്‍ കമ്പനിയായ ആമസോണ്‍ കിന്‍ഡ്ല്‍ ഫയര്‍ ടാബ്‌ലറ്റുകളുടെ പുതിയ മോഡലുകള്‍ രംഗത്തെത്തിച്ചിരിക്കുന്നത്.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ് കിന്‍ഡ്ല്‍ ഫയര്‍ കുടുംബത്തില്‍പെട്ട നാല് പുതിയ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. ഏഴിഞ്ച് സ്‌ക്രീനുള്ളതാണ് രണ്ടു മോഡലുകള്‍, രണ്ടെണ്ണം 8.9 ഇഞ്ച് വലിപ്പമുള്ളതും. 159 ഡോളര്‍ മുതല്‍ 599 ഡോളര്‍ വരെ വില പരിധിയുള്ളവയാണ് ഈ മോഡലുകള്‍.

ഐപാഡിന് വെല്ലുവിളിയുയര്‍ത്തുമെന്ന് ആമസോണ്‍ പ്രതീക്ഷിക്കുന്നത് 8.9 ഇഞ്ച് കിന്‍ഡ്ല്‍ ഫയര്‍ എച്ച്.ഡി (Kindle Fire HD) ആണ്. 1920 ബൈ 1200 സ്‌ക്രീന്‍ റിസല്യൂഷനുള്ള ഈ മോഡല്‍, കിന്‍ഡ്ല്‍ ഫയറിന്റെ ഏഴിഞ്ച് മോഡലിന്റെ എല്ലാ ഫീച്ചറുകളും ഉള്‍ക്കൊള്ളുന്നതാണ്.

മാത്രമല്ല, 4G LTE കണക്ടിവിറ്റിയും കിന്‍ഡ്ല്‍ ഫയര്‍ എച്ച്.ഡിയിലുണ്ട്. 16 ജിബി, 32 ജിബി, 64 ജിബി സ്‌റ്റോറേജ് ഈ മോഡലിലുണ്ട്. അതില്‍ 64 ജിബി മോഡലിന് 599 ഡോളറായിരിക്കും വില. ഹൈഡെഫിനിഷനുള്ള 8.9 ഇഞ്ച് കിന്‍ഡ്ല്‍ ഫയര്‍ നവംബര്‍ 20 മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും.

ഗൂഗിളിന്റെ ആന്‍ഡ്രോയിഡാണ് പ്ലാറ്റ്‌ഫോമെങ്കിലും, കിന്‍ഡ്ല്‍ ഫയര്‍ എച്ച്.ഡി.യിലെ ഡിഫോള്‍ട്ട് സെര്‍ച്ച് എന്‍ജിന്‍ ഗൂഗിളായിരിക്കില്ല. പകരം, ബിംഗ് (Bing) ആയിരിക്കും കിന്‍ഡ്ല്‍ ഫയര്‍ എച്ച്.ഡി.യിലെ സെര്‍ച്ച് എന്‍ജിന്‍ എന്ന് മൈക്രോസോഫ്റ്റ് പറഞ്ഞതായി 'മാഷബിള്‍' റിപ്പോര്‍ട്ട് ചെയ്തു. ആമസോണും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.


TAGS:
amazon  |  kindle fire  |  ipad  |  tablet computers  |  mobile market  |  android tablets 


Stories in this Section