ചാരക്കണ്ണുകളുമായി ഇന്ത്യയുടെ അവാകസ്

Posted on: 26 Jan 2013
ബാംഗ്ലൂര്‍: ശത്രു രാജ്യത്തിന്റെ സൈനിക നീക്കങ്ങള്‍ ആകാശത്ത് വെച്ച് നിരീക്ഷിക്കാന്‍ ശേഷിയുള്ള അവാകസ് എയര്‍ക്രാഫ്റ്റ് പദ്ധതിക്ക് ഇന്ത്യ തുടക്കം കുറിച്ചു.

ശത്രുരാജ്യങ്ങളിലേക്ക് പ്രവേശിക്കാതെ തന്നെ റഡാറിന്റെയും ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും സഹായത്തോടെ നിരീക്ഷിക്കാന്‍ കഴിയുന്ന എയര്‍ബോണ്‍ വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റ (അവാകസ്) മുള്ള വിമാനമാണ് വികസിപ്പിക്കുന്നത്.

വളരെ ദൂരത്തുനിന്നു തന്നെ ശത്രുരാജ്യങ്ങളെ നിരീക്ഷിക്കാനുള്ള ശേഷിയാണ് ഈ സംവിധാനത്തിനുള്ളതെന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ. ഡയറക്ടര്‍ ജനറല്‍ വി.കെ. സരസ്വത് പറഞ്ഞു. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം തന്നെ അവാകസ് വിമാനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്.

6,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. നേരത്തേ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എയര്‍ബോണ്‍ ഏര്‍ളി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ നിന്ന് വ്യത്യസ്തമാണ് അവാകസെന്നും അദ്ദേഹം പറഞ്ഞു. 360 ഡിഗ്രിയില്‍ നിരീക്ഷണം നടത്താന്‍ കഴിയുന്ന ഈ പുതിയ സംവിധാനത്തിന് ഭാരം കൂടുതലാണ്. അവാകസ് നിരീക്ഷണവിമാനത്തിന് കൂടുതല്‍ ഉയരത്തില്‍ പറക്കാനും കഴിയും.

കൂടുതല്‍ കൃത്യതയോടെ ദൃശ്യങ്ങള്‍ നല്‍കാന്‍ കഴിയുന്ന റഡാറുകളാണ് ഉള്‍പ്പെടുത്തുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എയര്‍ബോണ്‍ ഏര്‍ളി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം ഈ വര്‍ഷം തന്നെ വ്യോമസേനയ്ക്ക് കൈമാറുമെന്നും വി.കെ. സരസ്വത് പറഞ്ഞു.

2014 ഓടെ ഇത്തരത്തിലുള്ള മൂന്ന് വിമാനങ്ങള്‍ സേനയ്ക്ക് കൈമാറാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 40 കി.മീറ്ററോളം പറന്ന് ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ കഴിയുന്ന ബോബിന്റെ നിര്‍മാണവും ഡി.ആര്‍.ഡി.ഒ.യുടെ പരിഗണനയിലാണ്. വിദൂര നിയന്ത്രണ സംവിധാനമാണ് ഇത്തരം ബോംബുകളില്‍ ഉപയോഗിക്കുക. വിമാനങ്ങളില്‍ നിന്ന് ഇത്തരം ബോംബുകള്‍ നിയന്ത്രിക്കാനും വിക്ഷേപിക്കാനും കഴിയും. തീര്‍ത്തും തദ്ദേശീയമായാണ് ഇത് നിര്‍മിക്കുന്നത്.

ഈ സംവിധാനമുള്ള വിമാനത്തിന് സ്വന്തം രാജ്യത്തിന് യുദ്ധതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങളും നല്‍കാന്‍ കഴിയും. ആകാശത്തും കരയിലും ഒരുപോലെ നിരീക്ഷിക്കാന്‍ കഴിയുന്നതാണ് ഇത്. ബ്രസീലിന്റെ നവീകരിച്ച എബ്രയര്‍ വിമാനത്തിലാണ് ഈ നിരീക്ഷണ സംവിധാനം ഘടിപ്പിച്ചത്. ബ്രസീലിയന്‍ വിമാനം നവീകരിച്ചാണ് നിരീക്ഷണ വിമാനമാക്കിമാറ്റിയത്.

കര നേവി വ്യോമ സേനകള്‍ക്ക് ഒരു പോലെ സഹായമാകുന്നതാണ് നിരീക്ഷണ വിമാനം. വിമാനത്തില്‍ ആയിരത്തോളം മിഷന്‍ സിസ്റ്റം കമ്പോണന്‍റുകളുണ്ട്. കൂടാതെ ഇലക്‌ട്രോണിക് സ്‌കാനിങ് ആന്‍റിന, റഡാര്‍ ആന്‍റിന എന്നിവയും ഉണ്ട്.

വ്യോമ സേനക്കായി ഇസ്രായേല്‍, റഷ്യ എന്നീ രാജ്യങ്ങളുടെ അവാകസ് വിമാനങ്ങള്‍ക്കായി ഇന്ത്യ നേരത്തേ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇത്തരത്തിലുള്ള മൂന്ന് വിമാനങ്ങള്‍ ഇന്ത്യന്‍ സേനയുടെ കൈവശമുണ്ട്. ഇസ്രായേലിന്റെ ഫാല്‍ക്കോണ്‍ അവാകസും ഇതില്‍ ഉള്‍പ്പെടും.Stories in this Section