സര്‍ഫേസിന്റെ രംഗപ്രവേശം: ഏസറിന്റെ വിന്‍ഡോസ് ടാബ് വൈകും

Posted on: 02 Nov 2012


-പി.എസ്.രാകേഷ്‌
മൈക്രോസോഫ്റ്റിന്റെ പ്രോഗ്രാമുകള്‍ ഉപയോഗിച്ചു ശീലിച്ചവര്‍ക്കറിയാം അതില്ലാത്ത കമ്പ്യൂട്ടറുകളില്‍ പണിയെടുക്കുമ്പോഴുള്ള പ്രയാസം. ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകളുടെ ഏറ്റവും വലിയ പോരായ്മയും അതുതന്നെ. സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്ന മൈക്രോസോഫ്റ്റ് ഓഫീസ് വേഡ്, എക്‌സല്‍, പവര്‍ പോയന്റ് തുടങ്ങിയ പ്രോഗ്രാമുകളൊന്നും അതില്‍ കിട്ടില്ല. അതിന്റെയൊക്കെ സമാനസ്വഭാവത്തിലുള്ള മറ്റു പ്രോഗ്രാമുകള്‍ ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെങ്കിലും മൈക്രോസോഫ്റ്റിന്റെ പ്രോഗ്രാമുകളുടെ അത്ര സൗകര്യപ്രദമല്ല അവയെന്ന് പരാതിപ്പെടുന്നവരുണ്ട്.

ഇക്കാര്യം കണ്ടറിഞ്ഞ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ക്കായി പ്രത്യേകമായി മൈക്രോസോഫ്റ്റ് അവതരിപ്പിച്ച ഓപ്പറേറ്റിങ് സിസ്റ്റമാണ് വിന്‍ഡോസ് ആര്‍.ടി. മൈക്രോസോഫ്റ്റിന്റെ എല്ലാ ജനപ്രിയ പ്രോഗ്രാമുകളും ടാബ്‌ലറ്റുകളില്‍ ഓടിക്കാന്‍ വിന്‍ഡോസ് ആര്‍.ടി. സഹായിക്കും. ഈ ഒ.എസ്. ടാബ്‌ലറ്റ് കമ്പനികള്‍ക്ക് മാത്രമേ വില്‍ക്കുകയുള്ളുവെന്ന് മൈക്രോസോഫ്റ്റ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും കമ്പനിയുടെ ടാബ്‌ലറ്റ് വാങ്ങി അതില്‍ വിന്‍ഡോസ് ആര്‍.ടി. ഇന്‍സ്റ്റാള്‍ ചെയ്യാമെന്ന് വിചാരിച്ചാല്‍ നടപ്പില്ലെന്നര്‍ഥം. വിന്‍ഡോസ് ആര്‍.ടി. പ്രീഇന്‍സ്റ്റാള്‍ ചെയ്തുകൊണ്ട് വിപണിയിലെത്തുന്ന ടാബ്‌ലറ്റുകള്‍ തന്നെ വാങ്ങിയാലേ അതുപയോഗിക്കാനാകൂ.

വിന്‍ഡോസ് ആര്‍.ടി.യില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റുകളിറക്കാന്‍ വന്‍കിട കമ്പനികളായ ഏസര്‍, ഡെല്‍, ലെനോവോ തുടങ്ങിയവരെല്ലാം പദ്ധതിയിട്ടതാണ്. തായ്‌വാനീസ് കമ്പനിയായ ഏസറായിരുന്നു ഇക്കാര്യത്തില്‍ തിടുക്കം കാട്ടിയത്. ലോകത്തെ നാലാമത്തെ വലിയ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ നിര്‍മാതാക്കളായ ഏസറിന് ടാബ്‌ലറ്റ് വില്‍പനയില്‍ ഇതുവരെ കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. ആ പോരായ്മ പരിഹരിക്കാന്‍ വിന്‍ഡോസ് സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കമ്പനി.

ഇതിനിടെയാണ് 'സര്‍ഫേസ്' എന്ന പേരില്‍ വിന്‍ഡോസ് ആര്‍.ടി.യില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റ് േൈക്രോസോഫ്റ്റ് തന്നെ വിപണിയിലെത്തിച്ചത്. മൈക്രോസോഫ്റ്റ് ആദ്യമായി പുറത്തിറക്കുന്ന കമ്പ്യൂട്ടര്‍ എന്ന പേരുകൂടി സര്‍ഫേസിനു ലഭിച്ചു.

സര്‍ഫേസിന്റെ വരവോടെ തങ്ങളുടെ വിന്‍ഡോസ് ആര്‍.ടി. ടാബ്‌ലറ്റ് അല്പം വൈകിപ്പിക്കാനാണ് ഏസറിന്റെ തീരുമാനം. കമ്പനി പ്രസിഡന്റ് ജിം വോങ് ഇക്കാര്യം പ്രഖ്യാപിച്ചുകഴിഞ്ഞു. ''അടുത്ത വര്‍ഷം ജനവരിയില്‍ തന്നെ വിന്‍ഡോസ് ആര്‍.ടി. ടാബുകള്‍ വിപണിയിലെത്തിക്കണമെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിനായുളള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയുമായിരുന്നു. അതിനിടയ്ക്കാണ് അതേ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന സര്‍ഫേസ് ടാബുകള്‍ അവതരിപ്പിക്കപ്പെട്ടത്. അതുകൊണ്ട് അല്പം കാത്തിരിക്കാനാണ് ഞങ്ങളുടെ തീരുമാനം. 2013 ഏപ്രിലിലേ ഏസറിന്റെ വിന്‍ഡോസ് ആര്‍.ടി. ടാബ് വില്‍പനയ്‌ക്കെത്തൂ''- വോങ് വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.

സര്‍ഫേസ് ടാബ്‌ലറ്റിനോടുള്ള ഉപയോക്താക്കളുടെ പ്രതികരണം പഠിക്കാനാണ് ഏസറിന്റെ ഈ പിന്‍മാറ്റമെന്ന് വ്യക്തമായിക്കഴിഞ്ഞു. രണ്ടാഴ്ച മുമ്പ് വില്‍പന തുടങ്ങിയ സര്‍ഫേസ് ടാബുകളെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല വിപണിയില്‍ നിന്ന് ലഭിക്കുന്നത്. ഹാര്‍ഡ്‌വേറിനെ ആരും കുറ്റം പറയുന്നില്ലെങ്കിലും ആപ്ലിക്കേഷനുകളുടെ കുറവാണ് പലരും ഉയര്‍ത്തിക്കാട്ടുന്ന പോരായ്മ.

വിന്‍ഡോസിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമായ ആപ്ലിക്കേഷനുകള്‍ മാത്രമേ വിന്‍ഡോസ് ആര്‍.ടി.യില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകൂ. തേഡ്പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഇതില്‍ പ്രവര്‍ത്തിപ്പിക്കാനാകില്ല. ഹൈഡെഫനിഷന്‍ വീഡിയോകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ സര്‍ഫേസ് ഹാങ് ആകുന്നുവെന്ന പരാതിയും ചിലര്‍ ഉന്നയിക്കുന്നു.

ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ട് കുറ്റമറ്റ ടാബ് ഇറക്കാനാകും ഏസര്‍ ശ്രമിക്കുകയെന്ന് നിരീക്ഷികള്‍ കരുതുന്നു.
TAGS:
acer  |  windows rt  |  surface  |  microsoft  |  tablet computers 


Stories in this Section