ആദ്യ എട്ടിഞ്ച് വിന്‍ഡോസ് ടാബുമായി ഏസര്‍

Posted on: 09 Jun 2013


-പി.എസ്.രാകേഷ്
ടാബ്‌ലറ്റുകളെക്കൂടി മനസില്‍ കണ്ട് മൈക്രോസോഫ്റ്റ് വികസിപ്പിച്ച ഒഎസാണ് വിന്‍ഡോസ് 8. സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് രംഗത്ത് ആന്‍ഡ്രോയ്ഡും ഐഫോണും നേടുന്ന മേല്‍ക്കൈ തകര്‍ക്കുകയെന്ന ലക്ഷ്യം കൂടി വിന്‍ഡോസ് എട്ടിനുണ്ട്. 2012 ഒക്‌ടോബര്‍ 26 നാണ് വിന്‍ഡോസ് 8 പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയത്. ഈ വര്‍ഷം ജനവരി ആകുമ്പോഴേക്ക് ആറുകോടി വിന്‍ഡോസ് 8 ലൈസന്‍സുകള്‍ ലോകമെമ്പാടുമായി വിറ്റുപോയിട്ടുണ്ട്.

ആദ്യമിറങ്ങിയ വിന്‍ഡോസ് 8 ടാബുകളെല്ലാം പത്തിഞ്ചിനു മുകളില്‍ സ്‌ക്രീന്‍ വലിപ്പമുള്ളവയായിരുന്നു. സ്വാഭാവികമായും വിലയും കൂടി. ഇപ്പോഴിതാ 8.1 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുമായി ഒരു വിന്‍ഡോസ് 8 ടാബ് വിപണിയിലെത്തിയിരിക്കുന്നു. തായ്‌വാന്‍ കമ്പനിയായ ഏസര്‍ പുറത്തിറക്കിയ ഈ ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ പേര് ഐക്കോണിയ ഡബ്ല്യു 3 ( Acer Iconia W3 ) എന്നാണ്.

തായ്‌പേയില്‍ രാജ്യാന്തര ടെക്ഗാഡ്ജറ്റ് മേളയായ 'കമ്പ്യൂട്ടക്‌സ് 2013'ലാണ് ഈ ഗാഡ്ജറ്റ് ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടത്. ലോകത്തിലെ ആദ്യ എട്ടിഞ്ച് വിന്‍ഡോസ് ടാബ്‌ലറ്റാണിതെന്ന് ഏസര്‍ അവകാശപ്പെടുന്നു.

ഇന്റല്‍ ആറ്റം Z2760 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഐക്കോണിയ ഡബ്ല്യു 3 യില്‍ 1.8 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍-കോര്‍ ചിപ്പാണുളളത്. എല്‍ഇഡി ബാക്ക്‌ലിറ്റ് ഡിസ്‌പ്ലേയോടുകൂടിയ സ്‌ക്രീനിന്റെ റിസൊല്യൂഷന്‍ 1280 X 800 പിക്‌സല്‍സ്. കണക്ടിവിറ്റിക്കായി വൈഫൈ, ബ്ലൂടൂത്ത് 4.0, മൈക്രോ-യു.എസ്.ബി., മൈക്രോ-എച്ച്.ഡി.എം.ഐ. ഓപ്ഷനുകളുണ്ട്.


രണ്ട് മെഗാപിക്‌സല്‍ വീതമുളള ഫ്രണ്ട്, ബാക്ക് ക്യാമറകളുമുണ്ട് ഈ ടാബില്‍. 540 ഗ്രാം ഭാരവും 11.35 മില്ലിമീറ്റര്‍ കനവുമുള്ള ഐക്കോണിയ ഡബ്ല്യൂ 3 യ്ക്ക് എട്ട് മണിക്കൂര്‍ ബാറ്ററി ആയുസ്സ് ഏസര്‍ ഉറപ്പ് നല്‍കുന്നു.

ലൂമിയ സ്മാര്‍ട്‌ഫോണുകളിലുടെ ജനപ്രീതി നേടിയ ലൈവ് ടൈല്‍സ് സംവിധാനത്തോടുകൂടിയ ഐക്കോണിയയുടെ ഹോംസ്‌ക്രീന്‍ ആകര്‍ഷകമാണ്. ടാബ്‌ലറ്റില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകളും ഫോട്ടോകളുമെല്ലാം മറ്റ് വിന്‍ഡോസ് 8 ഡിവൈസുകളിലേക്ക് സിങ്ക് ചെയ്യാനുള്ള സംവിധാനവുമുണ്ട്.

മൈക്രോസോഫ്റ്റ് ഓഫീസ് ഹോം, സ്റ്റുഡന്റ് 2013 എന്നിവയുടെ പ്രീ-ഇന്‍സ്റ്റാള്‍ഡ് പതിപ്പുകളുമായാണ് ഐക്കോണിയ ഡബ്ല്യൂ 3 യുടെ വരവ്. ബ്ലൂടൂത്ത് കണക്ടിവിറ്റിയോടു കൂടിയ കീബോര്‍ഡും ഈ ടാബിനൊപ്പം ലഭിക്കും. ട്രിപ്പിള്‍ എ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കീബോര്‍ഡ് ടാബ്‌ലറ്റില്‍നിന്ന് പവര്‍ വലിച്ചെടുക്കില്ല.

മൈക്രോ-യു.എസ്.ബി. പോര്‍ട്ടുള്ളതിനാല്‍ എം.പി.ത്രി. പ്ലെയറുകള്‍, മൗസ് എന്നിവ ടാബ്‌ലറ്റുമായി ഏളുപ്പത്തില്‍ കണക്ട് ചെയ്യാനാവും. 32 ജി.ബി. സ്‌റ്റോറേജ് ശേഷിയുളള മോഡലിന് 329 യൂറോയും (24,742 രൂപ), 64 ജി.ബി. മോഡലിന് 379 യൂറോയും (28,503 രൂപ) ആയിരിക്കും വിലയെന്ന് ഏസര്‍ അറിയിച്ചിട്ടുണ്ട്.

ഐക്കോണിയ ഡബ്ല്യു 3 യുടെ വരവോടെ എട്ടിഞ്ച് ടാബ്‌ലറ്റ് വിപണിയിലും വിന്‍ഡോസ് 8 ഒ.എസ്. വ്യാപകമാകുമെന്നുറപ്പാണ്. ഗൂഗിളിന്റെ നെക്‌സസ് 7, ആപ്പിളിന്റെ ഐപാഡ് മിനി എന്നിവയാണ് ഈ സെഗ്‌മെന്റില്‍ ഇപ്പോള്‍ നന്നായി വിറ്റുപോകുന്ന ടാബുകള്‍.


Stories in this Section