ആകാശ് ഇല്ല; പകരം ആകാശ് രണ്ട്

Posted on: 15 Nov 2012


-പി.എസ്.രാകേഷ്‌നവംബര്‍ 12 ന് ആകാശ് 2 ടാബ്‌ലറ്റ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുറത്തിറക്കിയപ്പോള്‍


ടെക്‌നോളജി രംഗത്ത് രാജ്യത്തിന് ലോകപ്രശസ്തി നേടിക്കൊടുത്ത സംഭവമായിരുന്നു ആകാശ് ടാബ്‌ലറ്റ് പദ്ധതിയുടെ പിറവി. 1500 രൂപയ്ക്ക് ടാബ്‌ലറ്റ് നിര്‍മിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുകയെന്നതായിരുന്നു പദ്ധതി. ഇത്രയും കുറഞ്ഞ വിലയ്ക്ക് ടാബ്‌ലറ്റ് നിര്‍മിക്കുക അസാധ്യമെന്നിരിക്കെ, 'സാക്ഷത്' എന്ന് ആദ്യം പേരിട്ട ആ ടാബ്‌ലറ്റിനെപ്പറ്റി ലോകം മുഴുവനുമുള്ള ടെക്ക് മാസികകളും വെബ്‌സൈറ്റുകളും വാര്‍ത്ത നല്‍കി.

രാജ്യത്തെ 504 സര്‍വകലാശാലകളിലും 2500 കോളേജുകളിലുമായി ഒരുലക്ഷം വിദ്യാര്‍ഥികള്‍ക്ക് ആകാശ് ടാബ്‌ലറ്റ് വിതരണം ചെയ്യുന്നതിനുള്ള ബൃഹദ്പദ്ധതിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഒറ്റയടിക്ക് ഒരുലക്ഷം ടാബ്‌ലറ്റുകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡര്‍ സര്‍ക്കാര്‍ നല്‍കുകയും ചെയ്തു. നിര്‍മാണച്ചെലവായി കണക്കാക്കുന്ന 1500 രൂപയില്‍ പകുതി തുക സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നതോടെ 750 രുപയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് ആകാശ് സ്വന്തമാക്കാനാകുമെന്നായിരുന്നു പ്രഖ്യാപനം.

വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ആകാശ് കുട്ടികളുടെ കൈകളിലെത്തിയില്ല. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ആകാശ് കണി കാട്ടാന്‍ കിട്ടിയില്ല എന്നതാണ് സത്യം.

കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാറ്റവിന്‍ഡ് ലിമിറ്റഡ് ആയിരുന്നു സര്‍ക്കാറിന് വേണ്ടി ആകാശ് ടാബ്‌ലറ്റുകള്‍ നിര്‍മിച്ചുനല്‍കാമെന്ന കരാറില്‍ ഒപ്പിട്ടത്. അതനുസരിച്ച് ഒരുലക്ഷം ടാബ്‌ലറ്റുകളുടെ ഓര്‍ഡര്‍ സര്‍ക്കാര്‍ ഡാറ്റാവിന്‍ഡിന് നല്‍കുകയും ചെയ്തു. ഇന്ത്യയില്‍ നിര്‍മാണപ്ലാന്റ് ആരംഭിക്കാത്തതിനാല്‍ ഹൈദരാബാദിലെ ക്വാഡ് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിന് നിര്‍മ്മാണക്കരാര്‍ മറിച്ചുനല്‍കുകയാണ് ഡാറ്റവിന്‍ഡ് ചെയ്തത്.

50,000 ടാബ്‌ലറ്റുകള്‍ നിര്‍മിച്ചുനല്‍കാനാണ് ആദ്യഘട്ടത്തില്‍ ഡാറ്റവിന്‍ഡ് ആവശ്യപ്പെട്ടത്. ക്വാഡ് ഇലക്‌ട്രോണിക്‌സ് ആകട്ടെ 20,000 ടാബ്‌ലറ്റുകള്‍ പെട്ടെന്നുതന്നെ ഉണ്ടാക്കി. ഐ.ഐ.ടി. രാജസ്ഥാനായിരുന്നു ആകാശിന്റെ ഗുണനിലവാര പരിശോധനയുടെ ചുമതല. ശരാശരിനിലവാരം പോലും പുലര്‍ത്താത്തവയായിരുന്നു ക്വാഡ് നിര്‍മിച്ച ആകാശ് ടാബ്‌ലറ്റുകളെന്ന് രാജസ്ഥാന്‍ ഐ.ഐ.ടി.യിലെ വിദഗ്ധര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ ഡാറ്റവിന്‍ഡും കേന്ദ്രസര്‍ക്കാറും ഒരുപോലെ പ്രതിസന്ധിയിലായി.

2011 ഒക്‌ടോബര്‍ അഞ്ചിന് ആകാശ് വിതരണം ആരംഭിക്കുമെന്നായിരുന്നു കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഐ.ടി. മന്ത്രി കപില്‍ സിബലിന്റെ പ്രഖ്യാപനം. പേരിനൊരു വിതരണച്ചടങ്ങ് നടത്തി മുഖം രക്ഷിച്ച കപില്‍ സിബല്‍, പിന്നീട് ഏറെക്കാലം ആകാശിനെക്കുറിച്ച് മിണ്ടിയിട്ടേയില്ല.

ഒരുവര്‍ഷം പിന്നിടുമ്പോള്‍ ആകാശ് രണ്ട് എന്ന പുതിയ ടാബ്‌ലറ്റ് അവതരിപ്പിച്ചുകൊണ്ട് വീണ്ടും വാര്‍ത്ത സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ആകാശ് രണ്ട് ഇറങ്ങി എന്നതിനര്‍ഥം ആകാശ് ഒന്ന് ഇനിയുണ്ടാകില്ല എന്നുതന്നെ. പഴയ ആകാശിനേക്കാള്‍ സൗകര്യങ്ങളും വിലയും കൂടും ആകാശ് രണ്ടിന്.

ന്യൂഡല്‍ഹിയില്‍ നടന്ന വര്‍ണശബളമായ ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ആകാശ് രണ്ട് പുറത്തിറക്കിയത്. 2,236 രൂപയാണ് ടാബ്‌ലറ്റിന്റെ വില. വിദ്യാര്‍ഥികള്‍ക്ക് ഈ ടാബ് 1,132 രൂപയ്ക്ക് നല്‍കാനാണ് സര്‍ക്കാറിന്റെ പദ്ധതിയെന്നും രാഷ്ട്രപതി പ്രഖ്യാപിച്ചു.

രാജ്യത്തെ എഞ്ചിനിയറിങ് കോളേജുകളിലും സര്‍വകലാശാലകളിലുമായി ഒരുലക്ഷം ആകാശ് ടാബ്‌ലറ്റുകള്‍ വിതരണം ചെയ്യലാണ് സര്‍ക്കാറിന്റെ ആദ്യഘട്ടത്തിലെ ലക്ഷ്യം. അഞ്ചുവര്‍ഷത്തിനുള്ളില്‍ 2.20 കോടി വിദ്യാര്‍ഥികളുടെ കൈകളില്‍ ടാബ്‌ലറ്റ് എത്തും.

ഇതൊക്കെത്തന്നെയല്ലേ ആകാശ് ഒന്ന് പുറത്തിറക്കുമ്പോഴും സര്‍ക്കാര്‍ പറഞ്ഞതെന്ന് ആരും ചോദിക്കരുത്. പിഴവുകളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് സര്‍ക്കാര്‍ ഈ ലക്ഷ്യം പൂര്‍ത്തിയാക്കുമെന്ന് ശുഭാപ്തിവിശ്വാസം പുലര്‍ത്താം.

ഏഴിഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനും ഒരു ഗിഗാഹെര്‍ട്‌സ് കോര്‍ടക്‌സ് എ8 പ്രൊസസറുമുള്ള ആകാശ് രണ്ട് ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനിലാണ് പ്രവര്‍ത്തിക്കുക. 512 എം.ബി. റാം, നാല് ജി.ബി. മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്‌ലോട്ട്, യു.എസ്.ബി. പോര്‍ട്ട് എന്നിവയും ആകാശ് രണ്ടിലുണ്ട്.

3000 എം.എ.എച്ച്. ബാറ്ററിയാണ് ആകാശിന് ഊര്‍ജ്ജം പകരുന്നത്. തുടര്‍ച്ചയായി മൂന്നുമണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ ടാബ്‌ലറ്റിനാകും. വി.ജി.എ. ഫ്രണ്ട് ക്യാമറ, ജി സെന്‍സര്‍, കണക്ടിവിറ്റിക്കായി വൈഫൈ, ജി.പി.ആര്‍.എസ് എന്നീ സംവിധാനങ്ങളും ആകാശ് രണ്ടിലുണ്ട്.
TAGS:
aakash tablet  |  aakash 2  |  india  |  tablet computers 


Stories in this Section