LATEST NEWS
  May 11, 2010
ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്‌ക്കാരം
തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. നോവലിനുള്ള പുരസ്‌ക്കാരം ബെന്യാമിനും('ആടു ജീവിതം') ചെറുകഥയ്ക്കുള്ള പുരസ്‌ക്കാരം കെ.ആര്‍ മീരയ്ക്കും('ആവേ മരിയാ') ലഭിച്ചു.

യാത്രാവിവരണവിഭാഗത്തില്‍ രവീന്ദ്രന്‍ (എന്റെ കേരളം), വിവര്‍ത്തന വിഭാഗത്തില്‍ കെ. സച്ചിദാനന്ദന്‍ (പടിഞ്ഞാറന്‍ കവിതകള്‍), ബാലസാഹിത്യവിഭാഗത്തില്‍ എ. വിജയന്‍ (മുയര്‍ച്ചെവി) എന്നിവരും എന്‍.കെ ദേശം(കവിത), ടി.ജെ.എസ് ജോര്‍ജ്(ജീവചരിത്രം), കെ.എസ് രവികുമാര്‍(സാഹിത്യവിമര്‍ശനം) കെ.എം രാഘവന്‍നമ്പ്യാര്‍(നാടകം) എന്നിവരും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരങ്ങള്‍.


ജി. ബാലകൃഷ്ണന്‍ നായര്‍, ഏറ്റുമാനൂര്‍ സോമദാസന്‍, പി.വി.കെ പനയാല്‍, ഏരുമേലി പരമേശ്വരന്‍പിള്ള എന്നിവര്‍ക്കാണ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌ക്കാരം.

ചെറുകഥാസമാഹാരത്തിനുള്ള ഗീതാ ഹിരണ്യന്‍ അവാര്‍ഡ് ഷാജികുമാര്‍ പി.വിയുടെ ജനം എന്ന പുസ്തകത്തിന് ലഭിച്ചു. മാതൃഭൂമി ഓണ്‍ലൈന്‍ വിഭാഗത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റാണ് ഷാജി കുമാര്‍.

സാഹിത്യഅക്കാദമിയുടെ ഐ.സി. ചാക്കോ അവാര്‍ഡ് ഡോ. ജോസഫ് സ്‌കറിയയുടെ പഴശി രേഖകളിലെ വ്യവഹാരഭാഷ എന്നപുസ്തകത്തിനാണ്. കെ.എം. നരേന്ദ്രന് (ശ്രദ്ധ) സി.ബി. കുമാര്‍ അവാര്‍ഡും, ഇ. ചന്ദ്രശേഖരന്‍ നായര്‍ക്ക് കെ.ആര്‍. നമ്പൂതിരി അവാര്‍ഡും, എം.ബി മനോജിന് കനശ്രീ അവാര്‍ഡും ഡോ. മധു വാസുദേവന് ജി.എന്‍ പിള്ള അവാര്‍ഡും ലഭിച്ചു.

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പി.വത്സലയുടെ അധ്യക്ഷതയില്‍ കൂടിയ എക്‌സിക്യൂട്ടീവ് യോഗമാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്.

പുനത്തില്‍ കുഞ്ഞബ്ദുള്ളക്കും വിഷ്ണുനാരായണന്‍ നമ്പൂതിരിക്കും അക്കാദമി ഫെല്ലോഷിപ്പുകളും നല്‍കിയിട്ടുണ്ട്. ഈ മാസം നടക്കുന്ന അക്കാദമി വാര്‍ഷിക സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Latest news