Mathrubhumi

വനിതാ ബില്‍: സര്‍ക്കാര്‍ സമവായത്തിന്‌

Posted on: 11 Mar 2010


ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചേക്കും. യോഗം വിളിക്കാന്‍ പ്രധാനമന്ത്രി സന്നദ്ധനാണെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്‌സഭയില്‍ അറിയിച്ചു.

ബില്‍ സംബന്ധിച്ച് പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിനായി സര്‍വകക്ഷിയോഗം വിളിക്കുന്നതില്‍ തെറ്റില്ല എന്നതാണ് പ്രധാനമന്ത്രിയുടെ നിലപാടെന്ന് പ്രണബ് ലോക്‌സഭയില്‍ വിശദീകരിച്ചു. ബില്ലിനോടുള്ള സമാജ്‌വാദി പാര്‍ട്ടി, ആര്‍.ജെ.ഡി, ഒരു വിഭാഗം ഐക്യജനതാദള്‍ എന്നിവരുടെ എതിര്‍പ്പ് തുടരുന്നതിനാലാണ് പ്രധാനമന്ത്രി മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിക്കാന്‍ സന്നദ്ധനായത്. ഈ പാര്‍ട്ടികളുടെ എതിര്‍പ്പ് കാരണം കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യസഭയുടെയും ലോക്‌സഭയുടെയും പ്രവര്‍ത്തനം ഏതാണ്ട് നിലച്ചിരിക്കുകയാണ്. രാജ്യസഭയില്‍ ബഹളം വച്ച അംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്താക്കിയെങ്കിലും ലോക്‌സഭയില്‍ ഇതുവരെ ബജറ്റ് ചര്‍ച്ച തുടങ്ങാനായിട്ടില്ല. ഇന്നും ഇരു സഭകളും ഉച്ച വരെ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.

ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് തങ്ങളുമായി ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി ജെ.ഡി.യു. നേതാവ് ശരത് യാദവ് അറിയിച്ചു.

പ്രതിപക്ഷ കക്ഷികളുമായി വേണ്ടത്ര ചര്‍ച്ച നടത്താതെ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതിനെ ബി.ജെ.പി. നേരത്തെ വിമര്‍ശിച്ചിരുന്നു.

അതിനിടെ വനിതാ സംവരണ ബില്ലിലെ അപാകങ്ങള്‍ പരിഹരിക്കക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി. അസ്‌രാര്‍ ഉള്‍ ഹഖ് രംഗത്തു വന്നിട്ടുണ്ട്. പാര്‍ട്ടി ഹൈക്കമാന്‍ഡിനോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page