
സ്മാര്‍ട്ട്‌സിറ്റി: ടീകോമിന് സര്‍ക്കാരിന്റെ അന്തിമ കത്ത്
Posted on: 10 Mar 2010

തിരുവനന്തപുരം: കൊച്ചിയിലെ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ നിര്‍മാണപ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ പ്രൊമോട്ടര്‍മാരായ ദുബായ് ടീകോമിന് അന്തിമ കത്ത് നല്‍കും. പണി നിശ്ചിത സമയത്ത് ആരംഭിക്കണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാര്‍ പുതിയ സംരംഭകരെ തേടുമെന്നുമാണ് കത്തില്‍ അറിയിച്ചിരിക്കുന്നത്.
ഇതു സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശപ്രകാരം തയ്യാറാക്കിയ കത്തിന്റെ കരട് ഐ.ടി. സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ഇന്ന് വൈകീട്ട് ചേരുന്ന മന്ത്രിസഭാ യോഗം ഈ കരട് ചര്‍ച്ച ചെയ്ത് ഇതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും. ഇതിനുശേഷം ചീഫ് സെക്രട്ടറിയാണ് കത്ത് ടീകോമിന് കൈമാറുക. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര്‍പ്രസാദ് പദ്ധതിയുടെ കരാര്‍ സംബന്ധിച്ച കാര്യത്തില്‍ നിയമോപദേശം നല്‍കിയത്. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ നിന്ന് ടീകോമിനെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അന്തിമ കത്ത് നല്‍കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. കത്ത് നല്‍കുന്ന കാര്യം സര്‍ക്കാര്‍ ടെലിഫോണ്‍ മുഖേന ടീക്കോമിനെ അറിയിച്ചിട്ടുണ്ട്.







