Mathrubhumi

പത്തുവര്‍ഷത്തിനകം ഐ.ടി. മേഖല മൂന്നിരട്ടി വളരും -ക്രിസ്‌

Posted on: 10 Mar 2010


തിരുവനന്തപുരം: പത്തുവര്‍ഷത്തിനകം ഐ.ടി. മേഖലയ്ക്ക് മൂന്നിരട്ടി വളര്‍ച്ചയുണ്ടാകുമെന്ന് ഇന്‍ഫോസിസ് സി.ഇ.ഒ. ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഊരാളുങ്കല്‍ തൊഴിലാളി സഹകരണ സംഘം കോഴിക്കോട് ബൈപ്പാസിനു സമീപം സ്ഥാപിക്കുന്ന യു.എല്‍. സൈബര്‍ പാര്‍ക്കിന്റെ വെബ്‌സൈറ്റ് www.ulcyberpark.com പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തുവര്‍ഷത്തിനകം മൂന്നിരട്ടി വളര്‍ച്ചയെന്നു പറയുമ്പോള്‍ ഒരു വര്‍ഷം ശരാശരി 11 ശതമാനം വളര്‍ച്ചയാണുണ്ടാവുക. ഐ.ടി. മേഖലയില്‍ 15 ശതമാനം വളര്‍ച്ചയെന്നുപറഞ്ഞാല്‍ മൂന്നു ലക്ഷം പുതിയ തൊഴിലവസരങ്ങളാണ്. ഐ.ടി. മേഖലയിലെ ഒരു തൊഴിലിന് അഞ്ച് അനുബന്ധ തൊഴിലുകളുമുണ്ടാവും.ഐ.ടി.കേന്ദ്രമായി വികസിക്കാന്‍ കേരളത്തിന് വന്‍ സാധ്യതകളാണുള്ളത്. ഇതിന് കേരളത്തിന്റെ മെച്ചപ്പെട്ട പ്രതിച്ഛായ പ്രചരിപ്പിക്കപ്പെടുകയും രാഷ്ട്രീയ നേതൃത്വം ശരിയായ തീരുമാനങ്ങളെടുക്കുകയും വേണം. പുതിയ സൈബര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ഇതു നല്ല അവസരമാണ്. മാന്ദ്യത്തിനു ശേഷം തിരിച്ചുവരുന്ന ഐ.ടി.മേഖല പുതിയ കേന്ദ്രങ്ങള്‍ തേടുകയാണെന്ന് ക്രിസ് ചൂണ്ടിക്കാട്ടി.

വ്യവസായമന്ത്രി എളമരം കരീം അധ്യക്ഷനായിരുന്നു. എ.പ്രദീപ് കുമാര്‍ എം.എല്‍.എ., അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.ബാലകൃഷ്ണന്‍, മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍, കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടര്‍ അല്‍കേഷ് കുമാര്‍ ശര്‍മ, ടൂറിസം ഡയറക്ടര്‍ എം.ശിവശങ്കര്‍, യു.എല്‍. സൈബര്‍ പാര്‍ക്ക് സി.ഇ.ഒ. കെ.ജി.ഗിരീഷ് ബാബു, ഊരാളുങ്കല്‍ സൊസൈറ്റി പ്രസിഡന്റ് പി.രമേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഊരാളുങ്കല്‍ സൊസൈറ്റിയുടെ 25.11 ഏക്കര്‍ സ്ഥലത്താണ് സൈബര്‍ പാര്‍ക്ക് വരുന്നത്. രാജ്യത്ത് തൊഴിലാളികളുടെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന ആദ്യ പാര്‍ക്കാണിത്. ഇതിന് സെസ് പദവി അനുവദിച്ചുകൊണ്ടുള്ള കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ ഉത്തരവ് ഫിബ്രവരി 23ന് പുറത്തിറങ്ങിയിട്ടുണ്ട്. പാര്‍ക്കിന്റെ നിര്‍മാണപ്രവര്‍ത്തനം ജൂണില്‍ തുടങ്ങാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page