
സി.പി.എം. മുന്‍ കേന്ദ്രകമ്മിറ്റിയംഗം ഡബ്ല്യു.ആര്‍. വരദരാജനെ കാണാനില്ല
Posted on: 19 Feb 2010
ചെന്നൈ: സി.പി.എം. മുന്‍ കേന്ദ്ര കമ്മിറ്റിയംഗവും പാര്‍ട്ടിയുടെ തമിഴ് മുഖപത്രം 'തീക്കതിരി'ന്റെ ഉപദേഷ്ടാവുമായ ഡബ്ല്യു.ആര്‍. വരദരാജനെ കാണാനില്ലെന്ന് ഭാര്യ സരസ്വതി പോലീസില്‍ പരാതി നല്കി.ഇക്കഴിഞ്ഞ ഫിബ്രവരി 11 മുതല്‍ വരദരാജനെ കാണാനില്ലെന്ന് പരാതിയില്‍ പറയുന്നു. വരദരാജന്റെ കൈയക്ഷരത്തിലുള്ള ഒരു കുറിപ്പ് വീട്ടില്‍നിന്ന് കിട്ടിയത് ഭാര്യ പോലീസിന് കൈമാറിയിട്ടുണ്ട്. കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും തന്റെ ജീവിതം പ്രതിസന്ധിയിലാണെന്നും കുറിപ്പില്‍ വരദരാജന്‍ പറയുന്നുണ്ട്.
രോമംപോയ കവരിമാനിനെപ്പോലെയാണ് (കവരിമാനിന്റെ രോമംപോയാല്‍ അതിന് ജീവിച്ചിരിക്കാനാവില്ലെന്നാണ് തമിഴ് ഐതിഹ്യം) താനെന്നും മാനംപോയ നിലയില്‍ എന്തിനാണ് ജീവിക്കുന്നതെന്നുമുള്ള ചോദ്യം തനിക്കുമുന്നില്‍ ഉയരുന്നുണ്ടെന്നും കുറിപ്പില്‍ വരദരാജന്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ആത്മഹത്യ ഒരു കമ്യൂണിസ്റ്റുകാരന്റെ വഴിയല്ലെന്നും വരദരാജന്‍ കുറിപ്പില്‍പ്പറയുന്നു. തനിക്കെന്തെങ്കിലും പറ്റിയാല്‍ ശരീരം മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനായി വിട്ടുകൊടുക്കണമെന്നും കുറിപ്പിലുണ്ട്. തന്റെ പുസ്തകങ്ങളും ലാപ്‌ടോപ്പും 'തീക്കതിരി'ന് നല്കണമെന്നും കുറിപ്പില്‍ നിര്‍ദേശിക്കുന്നു.
സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ഡബ്ല്യു.ആര്‍. വരദരാജനെ തിരഞ്ഞെടുക്കപ്പെട്ട പദവികളില്‍നിന്ന് സി.പി.എം. അടുത്തിടെ നീക്കിയിരുന്നു. സി.പി.എം. കേന്ദ്ര കമ്മിറ്റിയില്‍നിന്നും സംസ്ഥാന കമ്മിറ്റിയില്‍നിന്നും വരദരാജനെ നീക്കാനുള്ള തീരുമാനം ഫിബ്രവരി നാലിനും അഞ്ചിനും കൊല്‍ക്കത്തയില്‍ ചേര്‍ന്ന സെന്‍ട്രല്‍ കമ്മിറ്റി യോഗം ശരിവയ്ക്കുകയും ചെയ്തു.







