Mathrubhumi

യുറേനിയം സമ്പുഷ്ടീകരണം: പത്ത് ശാലകള്‍ തുടങ്ങും - ഇറാന്‍

Posted on: 09 Feb 2010


ടെഹ്‌റാന്‍: പത്ത് യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകള്‍ കൂടി തുടങ്ങാന്‍ ഇറാന്‍ പദ്ധതിയിടുന്നു. അടുത്തവര്‍ഷം പദ്ധതി തുടങ്ങുമെന്ന് ഇറാന്‍ ആണവോര്‍ജ മേധാവി അലി അക്ബര്‍ സലേഹി പറഞ്ഞു. ടെഹ്‌റാനിലെ റിയാക്ടറില്‍ ആണവ ഇന്ധന ഉത്പാദന ജോലികള്‍ തുടങ്ങുന്നതിന്റെ ഭാഗമായി പ്രസിഡന്റ് മഹമൂദ് അഹ്മദി നെജാദുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാന്റെ പ്രസ്താവന പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ വീണ്ടും ആശങ്കയുയര്‍ത്തി. എന്നാല്‍ അവരുടെ ആശങ്ക അസ്ഥാനത്താണെന്നും ചര്‍ച്ചകള്‍ ഇനിയും സാധ്യമാണെന്നും അഹ്മദി നെജാദ് ഓര്‍മിപ്പിച്ചു. യുറേനിയത്തിന്റെ സാന്ദ്രത 20 ശതമാനമാക്കുംവിധം സമ്പുഷ്ടീകരണ പരിപാടിയാണ് തുടങ്ങുന്നതെന്ന് ഞായറാഴ്ച പ്രഖ്യാപിച്ച സലേഹി ഇക്കാര്യം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ ഔദ്യോഗികമായി അറിയിക്കുമെന്ന് വ്യക്തമാക്കി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പ്രതിനിധികള്‍ക്ക് ഇക്കാര്യം പരിശോധിക്കുകയുമാവാം.

20 ശതമാനം സാന്ദ്രതയുള്ള യുറേനിയം ഇന്ധനം പകരം കിട്ടിയാല്‍ സമ്പുഷ്ടീകരണ പരിപാടികള്‍ നിര്‍ത്തിവെക്കാമെന്ന് സലാഹി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇറാന്റെ കൈവശമുള്ള സാന്ദ്രത കുറഞ്ഞ യുറേനിയം നല്‍കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഇതിനുള്ള ഇപ്പോഴത്തെ യു.എന്‍.നിര്‍ദേശങ്ങളില്‍ സലേഹി ചില ഭേദഗതികള്‍ ആവശ്യപ്പെടുന്നുണ്ട്. ഈ ഭേദഗതികള്‍ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുമോയെന്ന് ഇപ്പോഴും വ്യക്തമല്ല.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page