Mathrubhumi

ഓസ്‌ട്രേലിയ കുടിയേറ്റ നിയമം കര്‍ശനമാക്കി

Posted on: 09 Feb 2010


മെല്‍ബണ്‍: പ്രത്യേക വൈദഗ്ധ്യം ആവശ്യമില്ലാത്ത സാധാരണ പരിശീലന കോഴ്‌സുകളില്‍ ചേര്‍ന്ന് ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസത്തിന് ശ്രമിക്കുന്ന പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി ഓസ്‌ട്രേലിയ കുടിയേറ്റനിയമം കര്‍ക്കശമാക്കി.

ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസത്തിന് ശ്രമിക്കുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഇരുപതിനായിരം വിദേശ വിദ്യാര്‍ഥികളുടെ അപേക്ഷ പുതിയ നിയമപ്രകാരം റദ്ദാക്കും. കേശാലങ്കാരം, പാചകം തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള വിദേശ വിദ്യാര്‍ഥികളുടെ കുത്തൊഴുക്ക് നിയന്ത്രിച്ച് നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് കൂടുതല്‍ അവസരം നല്‍കുംവിധമാണ് പുതിയ നിയമം.

അവിദഗ്ധ തൊഴില്‍കോഴ്‌സുകളിലൂടെ ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസം തരപ്പെടുത്താമെന്ന് വിദ്യാര്‍ഥികള്‍ക്ക് വാഗ്ദാനം നല്‍കുന്ന വിദ്യാഭ്യാസ ഇടനിലക്കാരെ നിയന്ത്രിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. ഒട്ടേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇത്തരം ഇടനിലക്കാരുടെ ഇരയായതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അവിടത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കിയിരുന്നു. ഇത്തരം കോഴ്‌സുകളിലൂടെ ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസത്തിന് അനുവദിക്കില്ലെന്ന് കുടിയേറ്റകാര്യ മന്ത്രി ക്രിസ് ഇവാന്‍സ് പറഞ്ഞു.

ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ജനസംഖ്യയും ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങളും കുത്തനെ കൂടിയതാണ് പുതിയ നിയമത്തെപ്പറ്റി ആലോചിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. വിദഗ്ധ ജോലിക്കാര്‍ക്ക് പരിഗണന നല്‍കുംവിധമാണ് നിയമം പരിഷ്‌കരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഓസ്‌ട്രേലിയയില്‍ ഒരു ലക്ഷത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികളാണുള്ളത്. ഓസ്‌ട്രേലിയയിലെ മൊത്തം വിദേശവിദ്യാര്‍ഥികളുടെ 19 ശതമാനത്തോളമാണിത്.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page