Mathrubhumi

കരുനാഗപ്പള്ളി അപകടം: നാലു മരണം

Posted on: 01 Jan 2010


More Photos

പുത്തന്‍തെരുവ്(കൊല്ലം): കരുനാഗപ്പള്ളിക്ക് സമീപം പുത്തന്‍തെരുവില്‍ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ പാചകവാതകം നിറച്ച ടാങ്കര്‍ലോറിയില്‍ സേ്ഫാടനത്തെ തുടര്‍ന്ന് വന്‍ തീപ്പിടിത്തം. അപകടത്തില്‍ ഒരു പോലീസുകാരനടക്കം നാലുപേര്‍ മരിച്ചു, 21 പേര്‍ക്ക് പൊള്ളലും പരിക്കുമേറ്റു. ഒരു പോലീസ് ജീപ്പും 15 കടകളും 50 ബൈക്കുകളും കത്തിനശിച്ചു. ആറരമണിക്കൂര്‍ ഭഗീരഥപ്രയത്‌നം ചെയ്താണ് തീയണച്ചത്. 10 മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ചവറ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ചവറ കോട്ടയ്ക്കകം വിളക്കാട്ടുവീട്ടില്‍ പ്രദീപ് കുമാര്‍ (43), ചിറ്റുമല തൊടിയൂര്‍ സജീവ് മന്‍സിലില്‍ റഷീദ് (32), കുലശേഖരപുരം കടത്തൂര്‍ ബിന്‍ഷാദ് മന്‍സിലില്‍ ബിജു (32), കുലശേഖരപുരം പ്ലാവള്ളി പടീറ്റതില്‍ അഷ്‌റഫ് (22) എന്നിവരാണ് മരിച്ചത്. ചവറ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സുനില്‍കുമാറി(43)നെയും കായംകുളം ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ സമീറി(39)നെയും അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം കിംസ് ആസ്​പത്രിയിലും കായംകുളം ഫയര്‍‌സ്റ്റേഷനിലെ ഫയര്‍മാന്‍ വിനോദ്കുമാര്‍ (31), പിങ്കുദാസ് (20), സമദ് (44), നാസര്‍ (32), പ്രശാന്തദാസ് (26), തുളസീധരന്‍ പിള്ള (49), അഭിലാഷ് (27), സജീവ് (22) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.

ഫയര്‍ഫോഴ്‌സ് കരുനാഗപ്പള്ളി സ്റ്റേഷന്‍ ഓഫീസര്‍ വി.സി.വിശ്വനാഥന്‍ കൊല്ലം ശങ്കേഴ്‌സ് ആസ്​പത്രിയിലും ചവറ സബ് ഇന്‍സ്‌പെക്ടര്‍ എസ്.ഷുക്കൂര്‍ (40) കൊല്ലം ബെന്‍സിഗര്‍ ആസ്​പത്രിയിലും ചവറ എ.എസ്.ഐ. ഫിലിപ്പ് (53), കരുനാഗപ്പള്ളിയിലെ ഫയര്‍മാന്‍ സി.പി.ജോസ് (38), നിസാര്‍ (27), സദാശിവന്‍ (41), ചന്ദ്രന്‍ പിള്ള (49) എന്നിവര്‍ കരുനാഗപ്പള്ളി താലൂക്ക് ആസ്​പത്രിയിലും ചികിത്സയിലാണ്.

വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മംഗലാപുരം റിഫൈനറിയില്‍നിന്ന് പാരിപ്പള്ളിയിലെ ഐ.ഒ.സി.പ്ലാന്റിലേക്ക് പോകുകയായിരുന്ന 18 ടണ്‍ പാചകവാതകം നിറച്ച ടാങ്കര്‍ലോറിയും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍നിന്ന് ഓച്ചിറയ്ക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ടാങ്കര്‍ലോറിയുടെ ക്യാബിനും ടാങ്കറും മുറിഞ്ഞുമാറി.

കാര്‍ തകരുകയും അതിലുണ്ടായിരുന്ന ഓച്ചിറ മേമന പറമ്പില്‍വീട്ടില്‍ അസീസ് (55), സൂര്യാസില്‍ മനാഫ് (26), പുത്തന്‍പുരയ്ക്കല്‍ ലാല്‍ നിവാസില്‍ ഗിരിലാല്‍ (29) എന്നിവരെ പോലീസും ഫയര്‍ഫോഴ്‌സും എത്തി ആസ്​പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് ടാങ്കര്‍ ലോറിയില്‍ പൊട്ടിത്തെറിയുണ്ടായത്.

കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞതുമുതല്‍ പാചകവാതകം ചോര്‍ന്നുകൊണ്ടിരുന്ന ടാങ്കര്‍ലോറിയില്‍ അത്യുഗ്രന്‍ ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായി. തീ മുകളിലേക്ക് ആളിപ്പടരുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ചവറ പോലീസ് സ്റ്റേഷനിലെ ജീപ്പ് പൂര്‍ണ്ണമായി കത്തിനശിച്ചു. അതിലുണ്ടായിരുന്ന പോലീസുകാര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഫയര്‍ഫോഴ്‌സിലെ ജീവനക്കാര്‍ക്കും നാട്ടുകാരായ നിരവധിപേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു.

ഇടിവെട്ടുന്നതുപോലെ സേ്ഫാടനശബ്ദം കേട്ട് ഉണര്‍ന്ന നാട്ടുകാര്‍ അപകടവിവരം അറിഞ്ഞ് സ്ഥലംവിട്ട് ഓടി. അപകടം സംഭവിച്ച് അരമണിക്കൂറിനുള്ളില്‍ കളക്ടര്‍ എ.ഷാജഹാനും ജില്ലാ പോലീസ് സൂപ്രണ്ട് ഹര്‍ഷിത അത്തല്ലൂരിയും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രദേശത്തെ വൈദ്യുതലൈന്‍ നേരത്തേതന്നെ ഓഫ് ചെയ്തിരുന്നു.

തിരുവനന്തപുരം മുതല്‍ എറണാകുളംവരെയുള്ള ജില്ലകളിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെ മുഴുവന്‍ അപകടസ്ഥലത്തേക്ക് വിളിച്ചുവരുത്തി. ആംബുലന്‍സുകളും സ്ഥലത്ത് എത്തിച്ചേരാന്‍ നിര്‍ദ്ദേശിച്ചു. ചവറ കെ.എം.എം.എല്ലില്‍നിന്ന് രക്ഷാപ്രവര്‍ത്തകരെ വിളിച്ചുവരുത്തി.

വിവിധ ജില്ലകളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സിന്റെ 25 യൂണിറ്റുകള്‍ ചവറ കെ.എം.എം.എല്ലില്‍നിന്നും ഓച്ചിറ ക്ഷേത്രക്കുളത്തില്‍നിന്നും ലോറിയില്‍ വെള്ളം സംഭരിച്ച് തീ ആളിപ്പടര്‍ന്നുകൊണ്ടിരുന്ന ടാങ്കര്‍ ലോറിയുടെ വശങ്ങളില്‍ ഒഴിച്ച് തണുപ്പിച്ചുകൊണ്ടിരുന്നു. പാചകവാതകം കത്തിത്തീരുകയേ പോംവഴിയുള്ളൂവെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

11 മണിയോടെ പാചകവാതകം കത്തിത്തീര്‍ന്നു. രണ്ടുമണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌നന്‍, തൊഴില്‍മന്ത്രി പി.കെ.ഗുരുദാസന്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ടാങ്കര്‍ ലോറി ഓടിച്ചിരുന്ന തമിഴ്‌നാട് നാമക്കല്‍ സ്വദേശി സിദ്ധേശ്വറി(20)നെ പോലീസ് അറസ്റ്റുചെയ്തു. സംഭവമുണ്ടായ ഉടന്‍ ഇയാള്‍ ഓടിരക്ഷപ്പെട്ടിരുന്നു.




Related News:
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page