Mathrubhumi

ഹാലിം അപകടകാരിയെന്ന് എന്‍.ഐ.എ.

Posted on: 01 Jan 2010



കൊച്ചി: ''കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ പ്രതി അബ്ദുള്‍ ഹാലിം തികച്ചും അപകടകാരിയാണ്'' -നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി വ്യാഴാഴ്ച കൊച്ചിയിലെ സി.ബി.ഐ. പ്രത്യേക കോടതിയെ അറിയിച്ചു.

കോഴിക്കോട് സബ് ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയെ എന്‍.ഐ.എ. അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യപ്രകാരം എറണാകുളം സബ് ജയിലിലേക്ക് മാറ്റിക്കൊണ്ട് പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാര്‍ ഉത്തരവിട്ടു.

കേസിന്റെ വിചാരണ ഇനിമുതല്‍ കൊച്ചി കോടതിയിലാണ്. പ്രതിയെ കോഴിക്കോട്ട് നിന്ന് റിമാന്‍ഡ് കാലാവധി തീരുമ്പോഴൊക്കെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നതും അപകടസാധ്യതയുള്ളതിനാലാണ് എറണാകുളം സബ് ജയിലിലേക്ക് മാറ്റേണ്ടതെന്ന് എന്‍.ഐ.എ. യുടെ പ്രോസിക്യൂട്ടര്‍ അനില്‍കുമാര്‍ കോടതിയില്‍ പറഞ്ഞു.

കോഴിക്കോട് ഇരട്ട സ്‌ഫോടനം അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് പ്രതിയെ സബ് ജയിലില്‍ വച്ച് ചോദ്യം ചെയ്യാം. പ്രതി ഹാലിമിനെ വ്യാഴാഴ്ച പ്രത്യേക കോടതിയില്‍ ഹാജരാക്കിയിരുന്നു. 14 ദിവസത്തേക്ക് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡ്ജി വിജയകുമാര്‍ ചോദിച്ചു. കോഴിക്കോട് ജയിലില്‍ നിന്ന് തന്നെ എറണാകുളം ജയിലിലേക്ക് മാറ്റുന്നതിനെ പ്രതി എതിര്‍ത്തു. എന്നാല്‍, കേസ് വിചാരണ ചെയ്യാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള പ്രത്യേക കോടതി നടപടിയെ എതിര്‍ത്തിട്ട് കാര്യമില്ലെന്ന് പ്രതിയോട് കോടതി പറഞ്ഞു. താന്‍ ഈ കേസില്‍ നിരപരാധിയാണെന്നും എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ സത്യസന്ധമായി കേസ് അന്വേഷിക്കേണ്ടത് കോടതിയുടെ മേല്‍നോട്ടത്തില്‍ ആയിരിക്കണമെന്നും പ്രതി നിര്‍ദേശിച്ചു. വക്കീലിനെ കേസ് നടത്താന്‍ ചുമതലപ്പെടുത്തുന്നുണ്ടോ എന്ന് കോടതി പ്രതിയോട് ചോദിച്ചു. ഉണ്ടെന്നായിരുന്നു മറുപടി.

2006 ലാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലും സ്വകാര്യ ബസ്സ്റ്റാന്‍ഡിലും സ്‌ഫോടനങ്ങള്‍ നടന്നത്. കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി തടിയന്റവിട നസീറും ഈ കേസില്‍ പ്രതിയാണ്. നേരത്തെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നാണ് സൂചന. എറണാകുളം കളക്ടറേറ്റ് സ്‌ഫോടനം അന്വേഷിക്കുന്നതിനിടയിലാണ് കണ്ണൂര്‍ സ്വദേശിയായ അബ്ദുള്‍ ഹാലിമിനെ പോലീസ് പിടികൂടിയത്. ഈ കേസ് എന്‍.ഐ.എ. ഏറ്റെടുത്തതിനെ തുടര്‍ന്ന് പ്രഥമവിവര റിപ്പോര്‍ട്ടുകളും മറ്റ് രേഖകളും കോഴിക്കോട് കോടതിയില്‍ നിന്ന് കൊച്ചി സി.ബി.ഐ. കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.

കേരളത്തില്‍ നടന്നിട്ടുള്ള സ്‌ഫോടന-തീവ്രവാദ കേസുകളിലെ പ്രതികള്‍ ഒന്നില്‍ കൂടുതല്‍ കേസുകളുമായി ബന്ധപ്പെട്ടിട്ടുള്ളതായി എന്‍.ഐ.എ.യ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലും അബ്ദുള്‍ ഹാലിം പ്രതിയാണ്. അബ്ദുള്‍ ഹാലിമിനെ ചോദ്യംചെയ്താല്‍ കോഴിക്കോട് സ്‌ഫോടന കേസ് കൂടാതെ മറ്റ് കേസുകളെ കുറിച്ചും വിവരങ്ങള്‍ ലഭിക്കുമെന്ന് എന്‍.ഐ.എ. കരുതുന്നു. തടിയന്റവിട നസീറും അബ്ദുള്‍ ഹാലിമും വളരെ അടുത്ത് ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതായിട്ടാണ് സൂചന. കോഴിക്കോട് സ്‌ഫോടനത്തിന്റെ ആസൂത്രണത്തിലും ഹലിം പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്.

സര്‍ക്കാരിനെ അട്ടിമറിക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഹാലിം നടത്തിയിട്ടുണ്ടെന്ന് പ്രഥമവിവര റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. കുറ്റം തെളിഞ്ഞാല്‍ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. ഇതേ കുറ്റം കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി സൂഫിയ മഅദനിക്കെതിരെയും ചുമത്തിയിട്ടുണ്ട്.

അബ്ദുള്‍ ഹാലിമിനെ കനത്ത പോലീസ് വലയത്തിലാണ് കോടതിയില്‍ ഹാജരാക്കിയത്.
Related News in Print Edition:
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page