Mathrubhumi

തച്ചങ്കരിയെ അയച്ചതില്‍ അസ്വാഭാവികതയില്ല: വി.എസ്‌

Posted on: 09 Dec 2009


തിരുവനന്തപുരം: തടിയന്റവിട നസീറുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഐ.ജി ടോമിന്‍ ജെ തച്ചങ്കരിയെ അയച്ചതില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. തച്ചങ്കരിയെ ബാംഗ്ലൂരിലേക്ക് അയച്ചത് സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടല്ലെന്ന് ഇന്നലെ വി.എസ് പറഞ്ഞിരുന്നു. തീവ്രവാദ കേസുകള്‍ അന്വേഷിക്കേണ്ടത് സംസ്ഥാനത്തെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആണല്ലോ എന്നുകരുതിയാണ് തച്ചങ്കരിയെ അയച്ചതിനെക്കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്ന് പറഞ്ഞതെന്ന് വി.എസ് വിശദീകരിച്ചു.

തീവ്രവാദവിരുദ്ധ സ്‌ക്വാഡ് തലവന്‍ വിനോദ് കുമാര്‍ അമേരിക്കയില്‍ പോയതിനാലാണ് ടോമിന്‍ തച്ചങ്കരിയെ ബാംഗ്ലൂരിലേക്ക് അയച്ചതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചതായി വി.എസ് അറിയിച്ചു. വിനോദ് കുമാര്‍ തിരിച്ചുവന്ന ശേഷം അദ്ദേഹം തന്നെ അന്വേഷണം തുടരും. തച്ചങ്കരിയെക്കുറിച്ചുള്ള തന്റെ അഭിപ്രായം അതത് സമയങ്ങളില്‍ ആഭ്യന്തരമന്ത്രിയെ അറിയിക്കാറുണ്ടെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി കോടിയേരി നടത്തിയ വിശദീകരണത്തില്‍ താന്‍ തൃപ്തനാണെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അന്വേഷണ ചുമതല താത്കാലികമായി മാത്രമാണ് ടോമിന്‍ തച്ചങ്കരിയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു.

തച്ചങ്കരിയെ ബാംഗ്ലൂരിലേക്ക് അയച്ചത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്. തച്ചങ്കരിയെ സര്‍ക്കാര്‍ ബാംഗ്ലൂരിലേക്ക് അയച്ചിട്ടില്ലെന്ന് വി.എസ് പറഞ്ഞതിന് തൊട്ടുപിന്നാലെ ആഭ്യന്തര മന്ത്രാലയമാണ് അദ്ദേഹത്തെ അയച്ചതെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page