Mathrubhumi

ശബരിമലയില്‍ കൂടുതല്‍ പോലീസുകാരെ നിയമിക്കും

Posted on: 03 Dec 2009




സന്നിധാനം: ശബരിമലയില്‍ തീര്‍ഥാടനകാലം കഴിഞ്ഞാലും സുരക്ഷാക്രമീകരണത്തിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശബരിമല സുരക്ഷസംബന്ധിച്ച് ഇന്ന് രാവിലെ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമെടുത്തത്.

അടുത്തദിവസംതന്നെ ശബരിമലയിലെ പോലീസുകാരുടെ എണ്ണം 2000മാക്കും. തിരക്കുവര്‍ധിക്കുന്നതിനനുസരിച്ച് 2000 പേരെക്കൂടി നിയോഗിക്കും. കൂടുതല്‍ സ്ഥലങ്ങളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വികള്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായതായി മന്ത്രി പറഞ്ഞു. ഇപ്പോള്‍ 18 സ്ഥലങ്ങളില്‍മാത്രമാണ് ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വികളുള്ളത്. അരവണ പ്ലാന്റ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലാണ് പൂതിയതായി ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വികള്‍ സ്ഥാപിക്കുന്നത്.

ശബരിമലയിലേയ്ക്ക് കൂടുതല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൊണ്ടുവരാനും ധാരണയായിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി എല്ലാദിവസവും വകുപ്പ് തലവന്‍മാരുടെ യോഗം ചേരും. തീര്‍ഥാടനകാലം കഴിഞ്ഞാലും സായുധ പോലീസ് സംഘത്തെ ശബരിമലയില്‍ വിന്യസിക്കും.

കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ കൈമാറുന്ന രഹസ്യവിവരങ്ങള്‍ ക്രോഡീകരിക്കാന്‍ പോലീസ് ആസ്ഥാനത്ത് സ്ഥിരം സംവിധാനമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വംമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ശബരമല ചീഫ് കമ്മീഷ്ണര്‍ കെ.ജയകുമാര്‍, ഡി.ജി.പി ജേക്കബ് പുന്നൂസ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page