
ടീകോമുമായി വീണ്ടും ചര്‍ച്ചയെന്ന് മുഖ്യമന്ത്രി
Posted on: 02 Dec 2009
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗം അന്തിമ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ടീകോം കമ്പനി അധികൃതരുമായി ഒരു തവണ കൂടി ചര്‍ച്ച നടത്തും. അതിനുശേഷം കരാറിന്റെ ഭാവി സംബന്ധിച്ച് തീരുമാനമെടുക്കും. ദുബായിയിലെ സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ലെന്നും സ്മാര്‍ട്ട് സിറ്റിയെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ അമേരിക്കയിലെ ചില വന്‍കിട കമ്പനികള്‍ അടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ കടം എഴുതിത്തള്ളുന്ന കാര്യവും അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും. 121 കോടിയുടെ കടം എഴുതിത്തള്ളാനാണ് കമ്മീഷന്റെ ശുപാര്‍ശ. ഇത് സംബന്ധിച്ച് കടാശ്വാസ കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനവിന്റെ കാര്യത്തില്‍ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനം കാര്യക്ഷമമായ നടപടികളാണ് എടുത്തത്. 14 രൂപയ്ക്ക് ഇതിനകം അരി നല്‍കുന്നുണ്ട്.
ഇക്കാര്യത്തില്‍ കേരളത്തിന്റെ നടപടികള്‍ മാതൃകാപരമാണെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ തന്നെ ലോക്‌സഭയില്‍ പറഞ്ഞിട്ടുണ്ട്. ഇത് കേരളത്തിലെ പ്രതിപക്ഷം ഓര്‍ക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് വേണ്ടി മെഡല്‍ നേടിയ താരങ്ങള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും. ക്ഷീരകര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തിയ ക്ഷേമനിധിയുടെ പരിധി വര്‍ദ്ധിപ്പിക്കാനും തലശ്ശേരിയില്‍ സര്‍ക്കസ് അക്കാദമി തുടങ്ങാനും മന്ത്രിസഭായോഗം തീരുമാനിച്ചു.







