
കൈഗ ആണവനിലയത്തിലെ വാട്ടര്‍കൂളറില്‍ വികിരണ മാലിന്യം
Posted on: 30 Nov 2009
വെള്ളം കുടിച്ച 50 ജീവനക്കാരെ ചികിത്സ നല്കി വിട്ടു
അന്വേഷണം തുടങ്ങി
ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലുള്ള കൈഗ ആണവ വൈദ്യുതി നിലയത്തിലെ കുടിവെള്ളത്തില്‍ റേഡിയോ വികിരണ ശേഷിയുള്ള 'ട്രിഷിയം' ആരോ കലര്‍ത്തി. ഈ വെള്ളം കുടിച്ച അമ്പതോളം ജീവനക്കാര്‍ ഉയര്‍ന്നതോതിലുള്ള വികിരണത്തിനു വിധേയരായതായി പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ ഇവരെല്ലാം ആസ്പത്രി വിട്ടെന്ന് അധികൃതര്‍ അറിയിച്ചു.
കര്‍ശന സുരക്ഷാ ക്രമീകരണങ്ങളുള്ള കൈഗ നിലയത്തിലെ ഈ അട്ടിമറി ഉന്നതകേന്ദ്രങ്ങളില്‍ നടുക്കം സൃഷ്ടിച്ചു. ക്രൂരമായ ഈ നടപടിക്കു പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍ അനില്‍ കകോദ്ക്കര്‍ പറഞ്ഞു. ട്രിഷിയം കലര്‍ന്ന വെള്ളം ഒരു വാട്ടര്‍കൂളറിലേക്ക് ആരോ മനപ്പൂര്‍വം കടത്തിവിട്ടതാണ്. നിലയത്തിന്റെ പ്രവര്‍ത്തനത്തിലെ ഗുരുതരമായ വീഴ്ചയാണിത്-കകോദ്ക്കര്‍ പറഞ്ഞു.
കൈഗ നിലയത്തിലെ ഒന്നാമത്തെ മെയിന്റനന്‍സ് യൂണിറ്റിലാണ് സംഭവം നടന്നത്. നവംബര്‍ 24ന് ഇവിടത്തെ കൂളറില്‍നിന്ന് വെള്ളം കുടിച്ച അമ്പതോളം ജീവനക്കാരെ പതിവു പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 'ട്രിഷിയ'ത്തിന്റെ ഉയര്‍ന്ന തോത് ശ്രദ്ധയില്‍പ്പെട്ടത്. മല്ലാപ്പുരിലെ പ്ലാന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഇവര്‍ കഴിഞ്ഞ ദിവസം ആസ്പത്രി വിട്ടതായി അധികൃതര്‍ പറഞ്ഞു.
ഹൈഡ്രജന്റെ റേഡിയോ ആക്ടീവ് ഐസോടോപ്പായ ട്രിഷിയം ആണവ റിയാക്ടറുകളിലും ന്യൂട്രോണ്‍ ജനറേറ്ററുകളിലും ഇന്ധനമായി ഉപയോഗിച്ചുവരുന്നുണ്ട്. ആണവനിലയത്തിലെ ഒരു വാട്ടര്‍കൂളറിലെ കുടിവെള്ളം മലിനമായതായി പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞതായും കരുതല്‍ നടപടി സ്വീകരിച്ചതായും സ്റ്റേഷന്‍ ഡയറക്ടര്‍ ജെ.പി. ഗുപ്ത പറഞ്ഞു. സംഭവത്തെക്കുറിച്ച് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിദഗ്ധസമിതി പ്രാഥമികപരിശോധന നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
സംഭവം ആണവനിലയത്തിലെ ചോര്‍ച്ചമൂലമുള്ള ആണവ വികിരണമല്ല. ട്രിഷിയം വിഷവസ്തുവുമല്ല. ദ്രാവകരൂപത്തിലുള്ള അതിന്റെ അളവ് മരുന്നൊന്നും കൂടാതെ സ്വാഭാവികമായി കുറഞ്ഞുവരും - ഗുപ്ത പറഞ്ഞു. അധികൃതരോട് അതൃപ്തിയുള്ള ഒരു ജീവനക്കാരനടക്കം പതിനഞ്ചോളം പേരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നുണ്ട്.
നിലയത്തിലെ എല്ലാ യന്ത്ര സംവിധാനങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ ആണവ അപകടങ്ങള്‍ക്ക് സാധ്യതയില്ലെന്ന് അധികൃതര്‍ പറഞ്ഞു. മലിനീകരണം നടന്ന വാട്ടര്‍ കൂളറും ശക്തമായി കവചിതമായിരുന്നു. എന്നാല്‍ അതില്‍ നിന്ന് അധികജലം ഒഴുകി പുറത്തുപോകാനുള്ള ഭാഗത്തുകൂടി ട്രിഷിയം ഉള്ളിലേക്ക് കലര്‍ത്തിയെന്നാണ് നിഗമനം. ലാബില്‍ നിന്ന് ട്രിഷിയം എങ്ങനെ കൈക്കലാക്കി എന്നും മറ്റും അന്വേഷിക്കുന്നുണ്ട്.
മറ്റു ജലസ്രോതസ്സുകളില്‍ പ്രശ്‌നമെന്തെങ്കിലും ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി ഒന്നാം റിയാക്ടര്‍ യൂണിറ്റിലുണ്ടായിരുന്നവരാണ് വാട്ടര്‍കൂളറില്‍നിന്നു വെള്ളംകുടിച്ചത്. ഈ യൂണിറ്റ് കുറച്ചുദിവസമായി അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുകയായിരുന്നു.
ട്രിഷിയത്തിന്റെ അംശം ശരീരത്തിനകത്തുചെന്നാല്‍ രക്തത്തില്‍ കലരും. ഇത് അമിതതോതിലായാല്‍ അര്‍ബുദംപോലുള്ള രോഗങ്ങള്‍ക്ക് ഇടയാക്കും. എന്നാല്‍, ഇവിടെ കുടിവെള്ള മലിനീകരണത്തിന് ഇരയായ ജീവനക്കാര്‍ക്ക് അപകടസാധ്യതയൊന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ആശങ്ക വേണ്ട -കേന്ദ്രം
ന്യൂഡല്‍ഹി: കൈഗ ആണവവൈദ്യുതിനിലയത്തിലെ വാട്ടര്‍കൂളറില്‍ മലിനീകരണം നടന്ന സംഭവം കേന്ദ്രം അതിഗൗരവമായാണ് കാണുന്നതെന്ന് ശാസ്ത്രസാങ്കേതിക സഹമന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. അന്വേഷണം നടന്നുവരികയാണെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതൃപ്തിയുള്ള ഏതോ ജീവനക്കാരന്‍ നിലയത്തിലെ വാട്ടര്‍ കൂളറില്‍ ട്രിഷിയം കലര്‍ത്തിയെന്നാണ് പ്രാഥമികാന്വേഷണത്തില്‍ നിന്നുള്ള സൂചന. ഇത് അങ്ങേയറ്റം ദുഷ്ടത നിറഞ്ഞ പ്രവൃത്തിയാണ്. എന്നാല്‍ ആണവചോര്‍ച്ചയാണെന്ന ആശങ്ക അസ്ഥാനത്താണ്. നിലയത്തിന്റെ പ്രവര്‍ത്തനത്തില്‍ ഒരു പാളിച്ചയും ഉണ്ടായിട്ടില്ല -മന്ത്രി പറഞ്ഞു.
അതിനിടെ സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന്റെ വിദഗ്ധ സംഘത്തെ കൈഗയിലേക്ക് അയച്ചിട്ടുണ്ടെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അംഗം ബി. ഭട്ടാചാര്യ പറഞ്ഞു.
വി.എന്‍. പ്രസന്നന്‍
Related News in Print Edition:







