Mathrubhumi

മൃഗങ്ങളെ കൊന്നൊടുക്കി വിവാദമേള സമാപിച്ചു

Posted on: 27 Nov 2009



കാഠ്മണ്ഡു:നേപ്പാളിലെ ഗഢീമയി ക്ഷേത്രത്തിലെ വിവാദ കുരുതിമേള സമാപിച്ചു. ആയിരക്കണക്കിന് മൃഗങ്ങളെയും പക്ഷികളെയുമാണ് രണ്ടുദിവസത്തെ മേളയില്‍ കൂട്ടക്കൊലയ്ക്കിരയാക്കിയത്. മേളയിലെ കൂട്ടക്കുരുതിയും രക്തപ്രളയവും കണ്ട് 150 സന്ദര്‍ശകര്‍ ബോധരഹിതരായതായി നേപ്പാള്‍ പത്രമായ നയാപത്രിക റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാരാജില്ലയിലെ ഗഢീമയി ക്ഷേത്രത്തിന് മൂന്നുകിലോമീറ്റര്‍ ചുറ്റളവിലാണ് അറവുനടന്നത്. രണ്ടുദിസത്തെ കൂട്ടക്കൊല അവസാനിച്ചപ്പോള്‍ മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍ ക്ഷേത്രപരിസരത്ത് കൂമ്പാരമായിക്കിടക്കുകയാണ്. ബുള്‍ഡോസറുകളുപയോഗിച്ചാണ് ഇവ നീക്കുന്നത്.

മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍ കൈക്കലാക്കാനെത്തിയ ഇന്ത്യയിലെയും നേപ്പാളിലെയും ദളിത് വിഭാഗക്കാര്‍ മാംസം കൊണ്ടുപോകാന്‍ ക്ഷേത്ര അധികാരികള്‍ ഏര്‍പ്പെടുത്തിയ കരാറുകാരുമായി ഏറ്റുമുട്ടി.

ആര്‍ക്കും എന്തിനെയും ഏതുവിധേനയും കൊല്ലാനുള്ള മേളയാണ് നേപ്പാളില്‍ നടന്നതെന്ന് യുവസംഘടനയായ റൂട്ട്‌സ് ആന്‍ഡ് ഷൂട്ട്‌സ് അംഗം മനോജ് ഗൗതം പറയുന്നു. കശാപ്പുകാരന്റെ പരിചയക്കുറവുമൂലം പല മൃഗങ്ങളും അതിക്രൂരമായാണ് കൊല്ലപ്പെട്ടത്. നിര്‍ജലീകരണവും അവശതയും കാരണം ചില മൃഗങ്ങള്‍ മേള തുടങ്ങുന്നിതനു മുന്‍പു മരിച്ചുവീണു. രക്ഷപ്പെടാന്‍ ശ്രമിച്ചവയും വേട്ടയാടപ്പെട്ടു.

ഗഢീമയി മേളയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ക്രൂരതയെ ന്യായീകരിക്കുകയാണ് നേപ്പാളിലെ കൂട്ടുമുന്നണി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കൂട്ടക്കുരുതിക്കെതിരെ പ്രചാരണം നടത്തിയ അനിമല്‍ വെല്‍ഫെയര്‍ നെറ്റ്‌വര്‍ക്ക് നേപ്പാളും ആന്റി-അനിമല്‍ സാക്രിഫൈസ് അലയന്‍സും സംയുക്തപ്രസ്താവനയില്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ അറവുത്സവത്തില്‍ ചൊവ്വാഴ്ച മാത്രം 20,000 എരുമകളും 1,50,000 ഓളം മറ്റ് മൃഗങ്ങളും കെല്ലപ്പെട്ടതായി പുരോഹിതര്‍ പറഞ്ഞു.
Related News in Print Edition:
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page