Mathrubhumi

പിണറായിയുടെ വീട്: രണ്ടു പേര്‍ പിടിയില്‍

Posted on: 23 Nov 2009




തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കൊട്ടാരസദൃശ്യമായ വസതിയുണ്ടെന്ന് പ്രചരിപ്പിച്ച ഇ-മെയിലിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടു പേരെ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം ഭരണിക്കാവ് കുന്നില്‍വീട്ടില്‍ കെ.ആര്‍.മനോജ് (39), കോട്ടയം ഏറ്റുമാനൂര്‍ ഈസ്റ്റ് ഗേറ്റില്‍ വലിയടത്ത് ഇല്ലത്ത് കാര്‍ത്തിക് (22) എന്നിവരാണ് പോലീസ് പിടിയിലായത്.

വിവാദ ഇ-മെയിലിന് മലയാളത്തിലുള്ള അടിക്കുറുപ്പുകള്‍ നല്‍കി ഇന്റര്‍നെറ്റ് കൂട്ടായ്മകളിലേക്ക് കടത്തിവിട്ടവരാണ് അറസ്റ്റിലായ ഇരുവരും. ഇവര്‍ക്ക് ലഭിച്ച മെയില്‍ തയാറാക്കിയ വ്യക്തിയെക്കുറിച്ച് സൂചന ലഭിച്ചതായും ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സൗദി അറേബ്യയില്‍ ബിസിനസുകാരനായ തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ അമ്പലമുക്കില്‍ വെള്ളിയാട്ടില്‍ വീട്ടില്‍ പ്രമോഷിന്റെ വീടാണ് പിണറായി വിജയന്‍േറതെന്ന പേരില്‍ ഇ-മെയിലുകളിലൂടെ പ്രചരിച്ചത്. പിണറായി വിജയന്റെ വീട് എന്നര്‍ത്ഥം വരുന്ന ഇംഗ്ലീഷ് വിശേഷണവുമായി ലഭിച്ച ഇ-മെയിലില്‍ മാറ്റംവരുത്തി ഇരുവരും മലയാളത്തിലുള്ള അടിക്കുറുപ്പുകളോടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

'പിണറായിയില്‍ പണിത വിജയന്റെ കൊട്ടാരമെന്ന്' വിശേഷണം ചിത്രത്തില്‍ കൂട്ടിച്ചേര്‍ത്തത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിയായ കാര്‍ത്തിക്കായിരുന്നു. 'തൊഴിലാളി നേതാവിന്റെ ആഡംബരവസതിയെന്ന' വിശേഷണമാണ് വിദേശമലയാളിയായ മനോജ് നല്‍കിയത്. ദക്ഷിണാഫ്രിക്കയില്‍ ജോലിയുള്ള ഇയാള്‍ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ കരുനാഗപ്പള്ളിയിലെ വീട്ടില്‍വെച്ച് സ്വന്തം കമ്പ്യൂട്ടറില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് മെയില്‍ അയച്ചത്. കഴിഞ്ഞ 11 നാണ് ഇയാള്‍ മെയില്‍ തയാറാക്കിയത്. ഇരുവരും ഉപയോഗിച്ച കമ്പ്യൂട്ടറുകള്‍ പോലീസ് പിടിച്ചെടുത്തു. പിടിയിലായവര്‍ക്ക് പരസ്​പരബന്ധമില്ലെന്നും രാഷ്ട്രീയ പിന്‍ബലമില്ലെന്നും പോലീസ് വ്യക്തമാക്കി. ഇവര്‍ തയാറാക്കിയ മെയിലുകളാണ് വ്യാപകമായി പ്രചരിച്ചത്. മലയാളം അടിക്കുറിപ്പ് നല്‍കിയശേഷം ആയിരക്കണക്കിന് ആളുകള്‍ക്ക് ഒരുമിച്ച് ഇ-മെയില്‍ ലഭിക്കുന്ന വിധത്തില്‍ ഇന്റര്‍നെറ്റ് കൂട്ടായ്മകളിലേക്ക് കടത്തിവിടുകയായിരുന്നു.

ഇ-മെയിലിലൂടെ പ്രചരിച്ച ചിത്രമെടുത്തിട്ടുള്ളത്ഒക്ടോബര്‍ 31 നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിനിമാ ഷൂട്ടിങ്ങിന് വേദിയാകാറുള്ള വീട്ടില്‍ സംഭവദിവസം മലയാളസിനിമയിലെ ഒരു പ്രമുഖ നടന്‍ എത്തിയിരുന്നു.

ഭേദഗതി ചെയ്ത ഐ.ടി. ആക്ട് പ്രകാരം സംസ്ഥാനത്ത് കേസെടുക്കുന്ന ആദ്യസംഭവമാണിത്. കഴിഞ്ഞ 16 നാണ് ഇ-മെയിലിനെക്കുറിച്ച് പിണറായി വിജയന്‍ ഡി.ജി.പി.യ്ക്ക് പരാതി നല്‍കിയത്.

സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ ഡിവൈ.എസ്.പി. ജെ.സുകുമാരപിള്ള, ഹൈടെക് സെല്‍ ഡിവൈ.എസ്.പി. എന്‍.വിനയകുമാരന്‍ നായര്‍ സി.ഐ.മാരായ വി.കെ. അജിത് മോഹന്‍, ഇ.എസ്. ബിജുമോന്‍, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്റര്‍നെറ്റ് ഉപയോഗിച്ച് അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയതിന് മൂന്നുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ എടുത്തിട്ടുള്ളത്. പ്രതികളെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്-മൂന്ന് കോടതിയില്‍ ഹാജരാക്കി.

Related News in Print Edition:
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page