Mathrubhumi

റിട്രോസ്‌പെക്ടീവുകളുടെ കരുത്തുമായി ചലച്ചിത്രമേള നാളെ മുതല്‍

Posted on: 22 Nov 2009



പനാജി: സമകാലിക ലോകസിനിമകളുടെ മഴവില്‍ സ്വഭാവം വെളിപ്പെടുത്തുന്ന റിട്രോസ്‌പെക്ടീവുകളുടെ കരുത്താണ് തിങ്കളാഴ്ച ആരംഭിക്കുന്ന ഇന്ത്യയുടെ 40 ാം അന്തര്‍ദേശീയ ചലച്ചിത്രമേളയെ വ്യത്യസ്തമാക്കുന്നത്.

47 രാജ്യങ്ങളില്‍ നിന്നുള്ള 54 ചിത്രങ്ങളാണ് ലോക സിനിമാ വിഭാഗത്തിലുള്ളത്. ലോകസിനിമയില്‍ സക്രിയമായി പ്രവര്‍ത്തിക്കുന്ന ഏറ്റവും പ്രായമേറിയ സംവിധായകനായ മാനുവല്‍ ഡി ഒലിവേറ, അഭിനയത്തില്‍ നിന്നും പരീക്ഷണ സിനിമയുടെ സംവിധാനത്തിലേക്ക് കടന്നുവന്ന ജര്‍മന്‍ പ്രതിഭ റൊണാള്‍ഡ് റെബര്‍ തായ്‌ലാന്‍ഡ് നവതരംഗ സിനിമയിലെ പ്രമുഖനായ നൊണ്‍സി നികിബുത്ര്, ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് സംവിദായിക ഗുരിന്ദര്‍ ഛദ്ദ എന്നവരുടെ റിട്രോസ്‌പെക്ടീവുകളാണ് ഗോവന്‍ മേളയെ ശ്രദ്ധേയമാക്കുന്നത്.

യുദ്ധവും സമാധാനവും പ്രമേയമാകുന്ന ചലച്ചിത്രങ്ങളുടെ വിഭാഗവും ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള സിനിമകളുടെ പ്രത്യേക വിഭാഗവും ലോകസിനിമയുടെ പുത്തന്‍ പ്രവണതകളെ വെളിപ്പെടുത്തും. എസ്‌തോണിയ, ക്രൊയേഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്രങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നതിനു പുറമെ സമകാലിക ഇറ്റാലിയന്‍ സിനിമക്കും പൊളീഷ് സിനിമക്കുമായി പ്രത്യേക വിഭാഗവും ഇത്തവണത്തെ മേളയിലുണ്ട്.

മേളയുടെ ജൂറി ചെയര്‍മാനായ ബ്രസീലിയന്‍ സംവിധായകന്‍ ജൊവോ ബാറ്റിസ്റ്റ ഡി ആന്ദ്രേഡിന്റെ തിരഞ്ഞെടുത്ത ചിത്രങ്ങളും മേളയുടെ ലാറ്റിനമേരിക്കന്‍ വിഭാഗത്തെ സമ്പന്നമാക്കും. മാറുന്ന ചലച്ചിത്രകാലത്തെ വെളുപ്പെടുത്തിക്കൊണ്ട് ഡിജിറ്റല്‍ സിനിമകളുടെ ഒരു സമാഹാരവും മേളയ്‌ക്കെത്തുന്നുണ്ട്.

തിങ്കളാഴ്ച ആരംഭിക്കുന്ന ചലച്ചിത്രമേളയില്‍ നടന്‍ മമ്മൂട്ടിയും പഴയകാല നായിക വഹീദ റഹ്മാനും മുഖ്യാതിഥികളാകും. വൈകീട്ട് നടക്കുന്ന ചടങ്ങില്‍ കേന്ദ്രവാര്‍ത്താവിതരണ മന്ത്രി അംബികാ സോണിയാണ് ഉദ്ഘാടനം ചെയ്യുക. മലയാളി താരം അസിന്‍ ദീപം തെളിയിക്കുന്ന ചടങ്ങില്‍ ലോകപ്രശസ്ത നടന്‍ ബെന്‍ കിങ്‌സ്‌ലി, ബോളിവുഡ് താരങ്ങളായ കബീര്‍ ബേദി, ദിവ്യാ ദത്ത എന്നിവരും പങ്കെടുക്കും.

ഇന്ത്യന്‍ പനോരമാ വിഭാഗത്തില്‍ 26 സിനിമകളും 18 നോണ്‍-ഫീച്ചര്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. അന്തരിച്ച ചലച്ചിത്രപ്രതിഭകളായ നാഭേന്ദു ചാറ്റര്‍ജി, പ്രകാശ് മെഹ്‌റ, ഗുല്‍ഷന്‍ മെഹ്‌റ, ലീല നായിഡു, ശക്തി സാമന്ത, ഫിറോസ് ഖാന്‍, മുരളി, ലോഹിതദാസ്, രാജന്‍ പി ദേവ്, നിലു ഫുലേ, ഭാസ്‌കര്‍ ചന്ദവാര്‍ക്കര്‍, ആര്‍ ലക്ഷ്മണ്‍, നാഗേഷ് എന്നിവരുടെ ഓര്‍മ്മചിത്രങ്ങളും മേളയിലുണ്ട്. അസമീസ് ഭാഷയില്‍ നിന്ന് 5 ചിത്രങ്ങളും ആശാ പരേഖ്, ഷര്‍മ്മിള ടാഗോര്‍, സൗമിത്ര ചാറ്റര്‍ജി എന്നിവരുടെ ചിത്രങ്ങളും മേളയിലുണ്ടാകും.

ഡോണ്‍ ജോര്‍ജ്


Pathravarthakal

News in this Section