Mathrubhumi

റാണയ്ക്ക് വിസ: കോണ്‍സുലേറ്റിന് വീഴച പറ്റിയതായി കണ്ടെത്തി

Posted on: 22 Nov 2009






ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇതൊയ്ബ ഭീകരന്‍ തവാഹൂര്‍ റാണയ്ക്കും ഭാര്യക്കും വിസ നല്‍കിയത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇരുവര്‍ക്കും വിസ അനുവദിച്ചത്.

വിസയ്ക്കായുള്ള അപേക്ഷയില്‍ ഇവര്‍ നല്‍കിയ വിലാസം വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. റാണ ജോലി ചെയ്‌തെന്ന് അപേക്ഷയില്‍ പറഞ്ഞ കമ്പനി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. മുംബൈയില്‍ കമ്പനിക്ക് ഓഫീസ് ഇല്ലെന്നും ഇവര്‍ ഇന്ത്യന്‍ ഏജന്‍സികളെ അറിയിച്ചു.

റാണയ്ക്ക് ഒരുവര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും സംറാസ് റാണ അക്തറിന് അഞ്ചുവര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുമാണ് ചിക്കാഗോയിലെ കോണ്‍സുലേറ്റ് ജനറല്‍ അനുവദിച്ചത്.

ഈ വിസയുടെ സഹായത്തോടെയായിരുന്നു ഇരുവരും മുംബൈ ആക്രമണത്തിനുമുമ്പ് നിരവധി തവണ ഇന്ത്യസന്ദര്‍ശിച്ചത്.

എന്നാല്‍ ഇരുവരുടെയും അപേക്ഷ വേണ്ടവിധത്തില്‍ പരിശോധിച്ചതായി കഴിഞ്ഞ ആഴ്ച കോണ്‍സുലേറ്റ് പറഞ്ഞിരുന്നു. പാകിസ്താന്‍ വംശജരായ ആള്‍ക്കാര്‍ക്ക് വിസ നല്‍കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ കോണ്‍സുലേറ്റ് ലംഘിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ കഴിഞ്ഞമാസം എഫ്.ബി.ഐ അറസ്റ്റു ചെയ്തത്.
Pathravarthakal

News in this Section