Mathrubhumi

കാരുണ്യപ്രവാഹത്തില്‍ ഒജുവ ജയില്‍മോചിതനായി

Posted on: 22 Nov 2009




തിരുവനന്തപുരം: ജയില്‍ മോചിതനാവാന്‍ വെറും രണ്ടായിരം രൂപയ്ക്കുവേണ്ടി കൊതിച്ച നൈജീരിയന്‍ സ്വദേശി സില്‍വസ്റ്റര്‍ ചുക്കോടി ഒജുവയ്ക്ക് മുന്നില്‍ കാരുണ്യപ്രവാഹം. ശനിയാഴ്ച വൈകീട്ട് ജയില്‍ മോചിതനായ ഒജുവ ഇപ്പോള്‍ പോലീസിന്റെ സംരക്ഷണയിലാണ്.

ബി.ഫാം പഠിക്കാനെത്തി വൃക്കരോഗം ബാധിച്ച് യാത്രാരേഖകള്‍ പുതുക്കാതെ ജയിലില്‍ എത്തിയ ഒജുവ രണ്ടായിരം രൂപ പിഴയടയ്ക്കാനില്ലാതെ വിഷമിക്കുന്ന വാര്‍ത്ത വെള്ളിയാഴ്ച 'മാതൃഭൂമി' പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്ത കണ്ട് ഒട്ടേറെപ്പേരാണ് ഒജുവയ്ക്ക് സഹായവുമായി മുന്നോട്ടുവന്നത്.

ഒജുവയുടെ ദുഃസ്ഥിതിയറിഞ്ഞ് പൊളൈറ്റ് ചാരിറ്റീസ് ചെയര്‍മാന്‍ അഡ്വ. പുഞ്ചക്കരി രവി ശനിയാഴ്ച രാവിലെ തന്നെ കോടതിയിലെത്തി രണ്ടായിരം രൂപ ഒടുക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകീട്ട് അഞ്ചുമണിയോടെ ഒജുവ ജയില്‍മോചിതനായി. പത്തുമാസം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ഒജുവയെ നൈജീരിയയില്‍ എത്തിക്കാന്‍ സിറ്റിപോലീസ്‌കമ്മീഷണര്‍ എം.ആര്‍. അജിത്കുമാര്‍ ശ്രമം തുടങ്ങി.

കൊടൈക്കനാലിലേക്ക് യാത്ര പുറപ്പെടാന്‍ തീരുമാനിച്ചിരുന്ന നെയ്യാറ്റിന്‍കര സ്വദേശി ശബരിനാഥ് രാധാകൃഷ്‌നന്‍ യാത്ര മാറ്റിവെച്ച് വൈകീട്ടുവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുന്നില്‍ കാത്തുനിന്നു. ഒജുവയ്ക്ക് രണ്ടായിരം രൂപയും ശബരിനാഥ് കൊടുത്തു.

പലരില്‍ നിന്നും പതിനായിരത്തിലധികം രൂപ ലഭിച്ചതായി ഒജുവയുടെ അഭിഭാഷകന്‍ മനു കല്ലംപള്ളി പറഞ്ഞു. എ. സമ്പത്ത് എം.പി, അമൃതാ ആസ്​പത്രിയിലെ ഫാര്‍മസി വിഭാഗം തലവന്‍ കെ.ജി. രവികുമാര്‍, കരമന ചെല്‍സാ ആസ്​പത്രിയിലെ ഡോ. ഗോപാലകൃഷ്‌നന്‍, കിളിമാനൂരിലെ ശബരി ഫിനാന്‍സ് ഉടമ രാജേന്ദ്രന്‍, മെഡിക്കല്‍ കോളേജിലെ ബി.ഫാം വിദ്യാര്‍ഥികള്‍ എന്നിവര്‍ സഹായധനം നല്കി. വിദേശത്തുനിന്നുവരെ ആളുകളും സന്നദ്ധസംഘടനകളും സഹായവാഗ്ദാനം അറിയിച്ചു. ഇതുവരെ ലഭിച്ചതുക ഒജുവയെ ഏല്പിച്ചു.

1994 ല്‍ ബി.ഫാം പഠനത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ ഒജുവയ്ക്ക് വൃക്കരോഗം ബാധിച്ചതിനാല്‍ യാത്രാരേഖകള്‍ പുതുക്കാന്‍ കഴിഞ്ഞിരുന്നില്ല. രേഖകളില്ലാതെ താമസിച്ചതിന് മജിസ്‌ട്രേട്ട് കോടതി, ഒജുവയെ കഴിഞ്ഞ ദിവസം നാലുമാസം തടവിനും രണ്ടായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. വിചാരണക്കാലയളവില്‍ പത്തുമാസം തടവില്‍ കിടന്നതിനാല്‍ ഇനി ജയില്‍ശിക്ഷയില്ല. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം കൂടി ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നു. 2006 മുതല്‍ ചികിത്സയിലായിരുന്ന ഒജുവയെ 2009 ജനവരിയില്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ നിന്നാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. മതിയായ യാത്രാരേഖകളില്ലാതെ ഇന്ത്യയില്‍ തങ്ങിയ കേസിലായിരുന്നു അറസ്റ്റ്. രോഗബാധിതനായതിനാല്‍ യാത്രാരേഖ പുതുക്കാനായില്ലെന്ന വസ്തുത കോടതി മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ശിക്ഷ ലഘൂകരിച്ചത്.

ജയില്‍മോചിതനായ ഒജുവയെ മെഡിക്കല്‍ കോളേജ് പോലീസ് ഏറ്റെടുത്തു. നൈജീരിയയിലേക്ക് ഉടന്‍ പോകണമെന്നും ബി.ഫാം കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ടെന്നും ഒജുവ 'മാതൃഭൂമി'യോട് പറഞ്ഞു. തന്നോട് കരുണ കാട്ടിയവരോടും ഇന്ത്യയോടും ഒജുവ നന്ദിയും പറഞ്ഞു.

വിചാരണത്തടവിലായിരുന്നപ്പോള്‍ ചികിത്സയ്ക്ക് നിവൃത്തിയില്ലാതെ ഒജുവ വിഷമിക്കുന്നതിനെപ്പറ്റി നവംബര്‍ മൂന്നിനും 'മാതൃഭൂമി' വാര്‍ത്ത നല്കിയിരുന്നു.

Pathravarthakal

News in this Section