
റാണയുടെ സന്ദര്‍ശനം അന്വേഷിക്കുന്നുണ്ടെന്ന് ഡി.ജി.പി
Posted on: 22 Nov 2009
കൊച്ചി: ലഷ്‌കര്‍ ഇ തോയിബയുമായി ബന്ധമുള്ള തഹാവുര്‍ ഹുസൈന്‍ റാണ കൊച്ചിയിലെത്തിയത് എന്തിനാണെന്ന് വിശദമായി അന്വേഷിച്ചുവരികയാണെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് വ്യക്തമാക്കി. അതേസമയം ഡേവിഡ് ഹെഡ്‌ലി കോള്‍മാന്‍ കേരളത്തിലെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹെഡ്‌ലി കേരളത്തിലെത്തിയോ എന്നതു സംബന്ധിച്ച അന്വേഷണത്തിലാണ് തഹാവുര്‍ റാണയുടെ സന്ദര്‍ശനം സംബന്ധിച്ച വിവരം ലഭിച്ചതെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു. കൊച്ചിയിലെ നിരവധി ഹോട്ടലുകളില്‍ പരിശോധന നടത്തിയതില്‍ നിരവധി റാണമാരെക്കുറിച്ചുള്ള വിവരം ലഭിച്ചിരുന്നു. എന്നാല്‍ കൊച്ചിയിലെ ഗേറ്റ്‌വേ ഹോട്ടലില്‍ തങ്ങിയ റാണയാണ് അമേരിക്കയില്‍ പിടിയിലായ റാണയെന്ന് വ്യക്തമായിട്ടുണ്ട്. അന്വേഷണത്തില്‍ ലഭിച്ച എല്ലാ വിവരങ്ങളും ദേശീയ അന്വേഷണ ഏജന്‍സിക്ക് നല്‍കിയിട്ടുണ്ടെന്നും ഡി.ജി.പി വ്യക്തമാക്കി.
റാണ കൊച്ചിയിലെത്തിയത് ബിസിനസ്സ് ആവശ്യത്തിനാണോ അല്ലയോ എന്നത് അന്വേഷണത്തില്‍ തെളിയേണ്ടതാണെന്നാണ് ഡി.ജി.പി പറയുന്നത്. റാണ കൊച്ചിയിലെത്തിയപ്പോള്‍ അയാളെ ബന്ധപ്പെട്ടിരുന്ന ഫോണ്‍ നമ്പര്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭ്യമായിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള വിവരങ്ങളെല്ലാം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയിട്ടുണ്ട്. ലഷ്‌കര്‍ ബന്ധമുള്ള മലയാളി തടിയന്റവിട നസീര്‍ ആണോ ബംഗ്ലാദേശില്‍ അറസ്റ്റിലായത് എന്നതു സംബന്ധിച്ച് കേരളത്തിന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ഡി.ജി.പി. പറഞ്ഞു.
അതേസമയം, റാണ കൊച്ചിയിലെത്തിയപ്പോള്‍ ഫോണിലും നേരിട്ടും ബന്ധപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘം വിശദമായി പരിശോധിച്ചിട്ടുണ്ട്. റാണയെ ഫോണില്‍ ബന്ധപ്പെട്ടവരെ അന്വേഷണ സംഘം ചോദ്യംചെയ്തുവെങ്കിലും ഇവര്‍ ഇമ്മിഗ്രേഷന്‍ ആവശ്യത്തിനുതന്നെ വന്നവരാണെന്നാണ് വിലയിരുത്തല്‍. ഇവരോടൊക്കെ റാണ ഇമ്മിഗ്രേഷനും മറ്റുമായി വന്‍ തുകയാണ് ചോദിച്ചതെന്നും വിവരമുണ്ട്. അതിനാല്‍ ആരും റാണയുടെ റിക്രൂട്ട്‌മെന്റില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല.
എന്നാല്‍, ഇമ്മിഗ്രേഷന്‍ റിക്രൂട്ട്‌മെന്റ് എന്ന മറയുണ്ടാക്കി തന്റെ 'യഥാര്‍ഥ ഉദ്ദേശ്യം' നിവേറ്റുകയായിരുന്നു റാണയുടെ ലക്ഷ്യമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. ഇമ്മിഗ്രേഷന്‍ ആവശ്യത്തിനായി പരസ്യം കണ്ട് എത്തിയവരെ ഒഴിവാക്കാനായിരുന്നു റാണ വന്‍ തുകകള്‍ ആവശ്യപ്പെട്ടതെന്നും കരുതുന്നുണ്ട്.
ഇതിനിടെ, കൊച്ചിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് 28ന് യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.







