Mathrubhumi

വിദേശ നിക്ഷേപമാവാം; നിയന്ത്രണം സോഷ്യലിസ്റ്റുകള്‍ക്കെങ്കില്‍- യെച്ചൂരി

Posted on: 22 Nov 2009



ന്യൂഡല്‍ഹി: സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ വിദേശ മൂലധനം തേടുന്നതില്‍ അപാകമില്ലെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. അതിന്റെ നിയന്ത്രണം ഏത് ഭരണകൂടത്തിന്റെ കൈയിലാണ് എന്നുള്ളതാണ് നിര്‍ണായകം. റഷ്യന്‍വിപ്ലവത്തിന് ശേഷം ലെനിന്‍ വിദേശ നിക്ഷേപം തേടിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് മുതലാളിത്ത രാഷ്ട്രങ്ങള്‍ റഷ്യയില്‍ നിക്ഷേപം നടത്താന്‍ തയ്യാറായില്ല. ചൈന വിദേശ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെങ്കിലും അവിടെ സോഷ്യലിസ്റ്റ് ഭരണമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്- യെച്ചൂരി പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന അന്താരാഷ്ട്ര കമ്യൂണിസ്റ്റ്-തൊഴിലാളി പാര്‍ട്ടികളുടെ സമ്മേളനത്തിന്റെ രണ്ടാംദിവസം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തികമാന്ദ്യം മറികടക്കാന്‍ കോടിക്കണക്കിന് ഡോളര്‍ ഉത്തേജക പാക്കേജുകളായി കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയതിനെ യെച്ചൂരി വിമര്‍ശിച്ചു. ഈ തുക പൊതുസംരംഭങ്ങളില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമായിരുന്നു. സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ ബദല്‍രീതി അതാണ്.

മുതലാളിത്ത സര്‍ക്കാറുകളെക്കൊണ്ട് ജനങ്ങള്‍ക്കനുകൂലമായ നടപടികളെടുപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുകയാണ് വേണ്ടത് -യെച്ചൂരി പറഞ്ഞു. ജനകീയ സമരങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. വിവിധ രാജ്യങ്ങളില്‍ പാര്‍ട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.

മാവോവാദികള്‍ക്ക് ചെയര്‍മാന്‍ മാവോയുമായി ഒരു ബന്ധവുമില്ലെന്ന് ഒരു ചോദ്യത്തിനുത്തരമായി യെച്ചൂരി പറഞ്ഞു. മാവോയുടെ പേര് ദുരുപയോഗം ചെയ്യുകയാണ് അവര്‍ ചെയ്യുന്നത്. 'തോക്കിന്‍കുഴലിലൂടെ വിപ്ലവം' എന്ന് പറയുന്നവര്‍ മാവോയുടെ ഉദ്ധരണിയെ വികലമാക്കുകയാണ്. 'തോക്കിന് നേരെ നില്‍ക്കുമ്പോള്‍' എന്ന് ഇതിന് തൊട്ടു മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു.

47 രാജ്യങ്ങളില്‍നിന്ന് 87 പേര്‍ പങ്കെടുക്കുന്ന സമ്മേളനം ഞായറാഴ്ച പൊതുസമ്മേളനത്തോടെ സമാപിക്കും.

അടുത്ത വര്‍ഷവും സമ്മേളനം ചേരാന്‍ ധാരണയായിട്ടുണ്ട്. ഏതെങ്കിലും ആഫ്രിക്കന്‍ രാജ്യമായിരിക്കും വേദിയാവുക എന്ന് യെച്ചൂരി സൂചിപ്പിച്ചു.

Pathravarthakal

News in this Section