Mathrubhumi

ചേറൂര്‍ ഇരട്ടക്കൊലപാതകം: തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

Posted on: 22 Nov 2009



തൃശ്ശൂര്‍: ചേറൂര്‍ ഇരട്ടക്കൊലപാതകക്കേസില്‍ തെങ്ങുകയറ്റത്തൊഴിലാളികളായ രണ്ട് തമിഴ്‌നാട് സ്വദേശികളെ അറസ്റ്റ് ചെയ്തു. ചേറൂരിനടുത്ത് പെരിങ്ങാവില്‍ വാടകയ്ക്ക് തമാസിച്ചിരുന്ന ഡിണ്ടിഗല്‍ നത്തം താലൂക്കുകാരായ സെന്‍തുറൈ മംഗലംപെട്ടി മുരുകേശന്‍ (25), സെന്‍തുറൈ എംപുതൂര്‍ മംഗലംപെട്ടി ശെല്‍വം (21) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

വൃദ്ധസഹോദരിമാരുടെ ആഭരണങ്ങള്‍ മോഷ്ടിക്കാനാണ് കൊലപാതകം ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഇവര്‍ മോഷ്ടിച്ച നാലേമുക്കാല്‍ പവന്റെ മാലയും മോഷ്ടിച്ച ശേഷം വിറ്റ നാലുപവന്റെ മാലയും കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കൊലപാതകം. ചേറൂര്‍ എ.കെ.ജി. മന്ദിരത്തിനടുത്ത് തെക്കൂട്ട് വിശാലാക്ഷി (78), സഹോദരി സരസ്വതി അമ്മ (68) എന്നിവരാണ് കൊല്ലപ്പെട്ടത്. റിട്ട. അധ്യാപികയായ വിശാലാക്ഷിയും സരസ്വതി അമ്മയും അവിവാഹിതരാണ്. ഇവര്‍ തനിച്ചാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇവരുടെ പറമ്പിലെ ജോലികള്‍ പതിവായി ചെയ്തുവരുന്നവരെപ്പറ്റിയുള്ള അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

മൂന്നുവര്‍ഷമായി തെങ്ങുകയറ്റത്തിന് വന്നിരുന്ന മുരുകേശന്‍, ശെല്‍വം എന്നിവരെ സംഭവശേഷം അവരുടെ വീടുകളില്‍ കാണാതായതോടെയാണ് കേസിന് തുമ്പുണ്ടായത്. ഇവര്‍ സ്വദേശത്തേയ്ക്ക് പോയന്നറിഞ്ഞതോടെ പോലീസ് ഡിണ്ടിഗലിലേയ്ക്ക് പോയി. അവിടെനിന്ന് കസ്റ്റഡിയിലെടുത്ത മുരുകേശനെ ചോദ്യം ചെയ്തതോടെ സംഭവം പുറത്താവുകയായിരുന്നു. തൃശ്ശൂരില്‍നിന്ന് എത്തിയ പോലീസ് സംഘം മുരുകേശനെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ ശെല്‍വം വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പോലീസ് അറിയിച്ചു. തമിഴ്‌നാട് പോലീസിന്റെയും നാട്ടുപ്രമാണിയുടെയും സഹായത്തോടെയാണ് ശെല്‍വനെ ഡിണ്ടിഗലില്‍നിന്ന് കേരള പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ തൃശ്ശൂരില്‍ എത്തിച്ച പോലീസ് സംഭവം നടന്ന വീട്ടില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.


Pathravarthakal

News in this Section