Mathrubhumi

നവാസ് ചില വസ്ത്രവ്യാപാരികള്‍ക്ക് പണം എത്തിച്ചു

Posted on: 22 Nov 2009



കൊച്ചി: കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസിലെ മൂന്നാം പ്രതിയും സംസ്ഥാനത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വിതരണ ഏജന്റുമായ നവാസ്, കോയമ്പത്തൂരിലെ ചില പ്രമുഖ വസ്ത്രവ്യാപാരികള്‍ക്ക് ഹവാല പണം എത്തിച്ചു കൊടുത്തതായി തെളിവ് ലഭിച്ചു. കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് വസ്ത്രങ്ങള്‍ മൊത്തമായി കയറ്റി അയയ്ക്കുന്നവരാണ് ഇവരില്‍ പലരും.

നവാസിന്റെ കോയമ്പത്തൂര്‍ ബന്ധങ്ങളെക്കുറിച്ചന്വേഷിക്കാന്‍ കൊച്ചിയില്‍നിന്ന് ചെന്ന പ്രത്യേക സംഘത്തിനാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇവര്‍ക്കെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം ചോദ്യംചെയ്യാനാണ് തീരുമാനം. ഇതിന് കോയമ്പത്തൂര്‍ പോലീസിന്‍േറയും ഭീകരവിരുദ്ധ സ്‌ക്വാഡിന്‍േറയും സഹകരണവും കൊച്ചി പോലീസ് തേടിയിട്ടുണ്ട്. കോയമ്പത്തൂര്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അല്‍ഉമ്മ എന്ന സംഘടനയുമായി ബന്ധമുള്ള ചിലര്‍ക്ക് നവാസ് പണം നല്‍കിയതായി വ്യക്തമായെങ്കിലും ഇവരാരും ഇപ്പോള്‍ സ്ഥലത്തില്ലാത്തതിനാല്‍ ചോദ്യം ചെയ്യാനായില്ല. ഇവരെക്കുറിച്ച് ലഭിച്ച വിവരങ്ങള്‍ കോയമ്പത്തൂരിലെ ഭീകരവിരുദ്ധ സ്‌ക്വാഡിന് കൈമാറിയിട്ടുണ്ട്.

തത്കാലത്തേക്ക് കോയമ്പത്തൂര്‍ അന്വേഷണം മതിയാക്കി അസി. കമ്മീഷണര്‍ വര്‍ഗീസും സംഘവും കൊച്ചിയില്‍ തിരിച്ചെത്തി. വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് കോയമ്പത്തൂരിലേക്ക് വീണ്ടും സംഘം പോകും.

ഇതിനിടെ, ബസ്സ് കത്തിക്കല്‍ കേസുമായി ബന്ധപ്പെട്ട് പോലീസ് തേടുന്ന ഒമ്പതാം പ്രതി പെരുമ്പാവൂര്‍ പൂക്കാട്ടുപടി സ്വദേശി കുമ്മായം നാസറാണെന്ന് അന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്ന് തട്ടിയെടുത്ത ബസ്സിന് പിന്നാലെ ബൈക്കില്‍ പിന്തുടര്‍ന്നവരുടെ കൂട്ടത്തില്‍ ഇയാളുമുണ്ടായിരുന്നു. എച്ച്.എം.ടി. റോഡിലെ വിജനമായ സ്ഥലത്ത് വെച്ച് ബസ്സ് കത്തിച്ച ശേഷം സംഘാംഗങ്ങള്‍ രക്ഷപ്പെട്ടത് ഇയാള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടിച്ചിരുന്ന മൂന്ന് ബൈക്കുകളിലാണ്. സംഭവമറിഞ്ഞ് ഒളിവിലായ ഇയാളെ ഉടന്‍ പിടികൂടാനാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

പി.ഡി.പി നേതാവായ കുമ്മായം നാസറിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ തടിയന്റവിട നസീര്‍ ശ്രമം നടത്തിയിരുന്നു. മഅദനിയെ കാണാന്‍ കോയമ്പത്തൂര്‍ ജയില്‍ സന്ദര്‍ശിച്ചവരുടെ കൂട്ടത്തില്‍ കുമ്മായം നാസറിന്റെ പേരുമുണ്ട്.

നവാസിന് ഹവാല പണം കൈമാറിയിരുന്ന കണ്ണൂര്‍ സ്വദേശികളായ ഷെമീര്‍, ഷാജഹാന്‍, മുസ്തഫ, വടകര സ്വദേശി ഷാജി എന്നിവര്‍ക്കായി കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് സംഘങ്ങളും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Pathravarthakal

News in this Section