Mathrubhumi

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 135.6 അടിയായി

Posted on: 22 Nov 2009


ഉപ്പുതറ: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയോടടുക്കുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഡാമിലെ ജലനിരപ്പ് 135.6 അടിയായി. ആദ്യത്തെ സ്​പില്‍വേയിലൂടെ വെള്ളം കവിഞ്ഞൊഴുകിത്തുടങ്ങി. ഇപ്പോഴത്തെ നിരക്കില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ ഞായറാഴ്ചയോടെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 136 അടി കവിയും. ജലനിരപ്പ് ഉയരുന്നത് തീരവാസികളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അധികൃതരുടെ ഭാഗത്തുനിന്ന് കരുതല്‍ നടപടികള്‍ കാര്യമായി ഉണ്ടാകാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

ജലനിരപ്പ് 135 അടിയായതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ജില്ലാഭരണകൂടം ഒന്നും, രണ്ടും ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്കിയിരുന്നു. അതിനുശേഷം പീരുമേട് താലൂക്ക് ഓഫീസില്‍ കൂടിയ ദുരന്തനിവാരണ സമിതി, തീരുമാനങ്ങള്‍ എടുത്തെങ്കിലും ഒന്നും നടപ്പാക്കിയില്ല.

ശനിയാഴ്ച വൃഷ്ടിപ്രദേശത്ത് മഴ കുറവായിരുന്നു. എന്നാല്‍ നീരൊഴുക്കില്‍ കാര്യമായ കുറവുവന്നിട്ടില്ല.

തമിഴ്‌നാട് പെന്‍സ്റ്റോക്ക് പൈപ്പിലൂടെ കൊണ്ടുപോകുന്നതിലും കൂടുതലായി 1000 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. വൃഷ്ടിപ്രദേശത്തും, സമീപപ്രദേശങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷമാണ്. മഴ പെയ്യുകകൂടി ചെയ്താല്‍ ഞായറാഴ്ചതന്നെ പരമാവധി സംഭരണശേഷി കവിയാനാണ് സാധ്യത. പെരിയാറിലും നല്ല നീരൊഴുക്കാണുള്ളത്.

പെരിയാറിന്റെ തീരങ്ങളിലെ റോഡുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുക, കണ്‍ട്രോള്‍ റൂം തുറക്കുക, അപകടസൂചന നല്‍കുന്ന സൈറണ്‍ സ്ഥാപിക്കുക, പെരിയാറില്‍ ജലനിരപ്പുയര്‍ന്നാല്‍ തീരങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ദുരിതാശ്വാസക്യാമ്പ് തുറക്കുക, ഫയര്‍ഫോഴ്‌സ് യൂണിറ്റ് സജ്ജമാക്കി നിര്‍ത്തുക തുടങ്ങിയ തീരുമാനങ്ങളാണ് പീരുമേട്ടില്‍കൂടിയ ദുരന്തനിവാരണ സമിതിയെടുത്തത്.

മുല്ലപ്പെരിയാര്‍ കേസില്‍ ഭരണഘടനാ ബെഞ്ച് രൂപവത്കരിച്ചു


ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ വാദം കേള്‍ക്കാനുള്ള ഭരണഘടനാ ബെഞ്ച് രൂപവത്കരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ഉത്തരവായി. നേരത്തേ കേസില്‍ വാദംകേട്ട ജസ്റ്റിസുമാരായ ഡി.കെ. ജെയിന്‍, മുകുന്ദകം ശര്‍മ,ആര്‍.എം. ലോധ, ദീപക് വര്‍മ്മ, ബി. സുദര്‍ശന്‍ റെഡ്ഡി എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുള്ളത്. ആദ്യത്തെ മൂന്ന് ജഡ്ജ ിമാര്‍ കേസില്‍ മുമ്പ് വാദം കേട്ടവരാണ്.

ഭരണഘടനാബെഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കും. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അഭിഭാഷകരുമായി ആലോചിച്ചശേഷം കേസില്‍ വാദം തുടങ്ങുന്നതിന്റെ സമയക്രമം തീരുമാനിക്കും. നിയമനിര്‍മാണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരമുള്‍പ്പെടെ നാല് വിഷയങ്ങളാണ് ഭരണഘടനാ ബെഞ്ച് പ്രധാനമായും പരിഗണിക്കുക.





Related News in Print Edition:
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page