
26/11: രണ്ട് പാകിസ്താന്‍കാര്‍ ഇറ്റലിയില്‍ അറസ്റ്റില്‍
Posted on: 22 Nov 2009
മിലാന്‍ (ഇറ്റലി): മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക് പൗരന്മാരായ അച്ഛനെയും മകനെയും ഇറ്റലിയിലെ ഭീകരവിരുദ്ധ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ ആക്രമണം നടത്തിയവര്‍ക്ക് ടെലിഫോണ്‍ കണക്ഷനുവേണ്ടി മണിട്രാന്‍സ്ഫര്‍ വഴി പണമെത്തിച്ചവരാണ് പിടിയിലായത്. മുഹമ്മദ് യാക്കൂബ് ജന്‍ജുവ(60), ആമിര്‍ യാക്കൂബ് ജന്‍ജുവ (31) എന്നിവരെയാണ് ഇറ്റലിയിലെ ബ്രേഷ്യ നഗരത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ അറസ്റ്റുചെയ്തത്. ഇരുവരും ഇവിടെ മണിട്രാന്‍സ്ഫര്‍ ഏജന്‍സി നടത്തിവരികയായിരുന്നു.ഇന്ത്യയിലെയും അമേരിക്കയിലെയും അന്വേഷണ ഏജന്‍സികളില്‍ നിന്ന് ലഭിച്ച സൂചനകളനുസരിച്ചാണ് ഇരുവരെയും അറസ്റ്റുചെയ്തത്. അന്താരാഷ്ട്ര ഭീകര പ്രവര്‍ത്തനത്തെ സഹായിക്കുകയും അനധികൃത പണമിടപാട് നടത്തുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.
മുംബൈയില്‍ ഭീകരാക്രമണം നടന്ന 2008 നവംബര്‍ 25ന് ഒരു ദിവസം മുമ്പ് ഇന്റര്‍നെറ്റ് ഫോണ്‍ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാനായി ഇവര്‍ 229 ഡോളര്‍ ട്രാന്‍സ്ഫര്‍ ചെയ്തതായി വ്യക്തമായിട്ടുണ്ട്. ഈ ഫോണ്‍ അക്കൗണ്ടാണ് ഭീകരാക്രമണം നടത്തിയവരും അവരുടെ കൂട്ടാളികളും ഉപയോഗിച്ചതെന്ന് ബ്രേഷ്യ ഭീകരവിരുദ്ധ പോലീസ് മേധാവി സ്റ്റെഫാനോ ഫൊന്‍സി പറഞ്ഞു.ഫോണ്‍കണക്ഷനു വേണ്ടി മറ്റൊരു പാകിസ്താന്‍കാരന്റെ പേരിലാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തത്. ഇയാള്‍ ഒരിക്കലും ഇറ്റലി സന്ദര്‍ശിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
അറസ്റ്റിലായവര്‍ നടത്തിയ മണി ട്രാന്‍സ്ഫര്‍ ഏജന്‍സിയില്‍ വ്യാജ വിലാസത്തില്‍ പണം കൈമാറുന്നത് പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. അതിനിടെ അനധികൃതമായി വിദേശത്തേക്ക് ആളുകളെ കയറ്റി അയച്ചിരുന്ന വേറെ രണ്ടുപേരും ഇറ്റലിയില്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ക്ക് മുംബൈ ആക്രമണവുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
ഹെഡ്‌ലി എന്‍.ഡി.എ.യും ലക്ഷ്യമിട്ടെന്ന് സൂചന
ന്യൂഡല്‍ഹി/മുംബൈ/പുണെ: യു.എസ്. അന്വേഷണഏജന്‍സിയായ എഫ്.ബി.ഐ. അറസ്റ്റ് ചെയ്ത ഡേവിഡ് ഹെഡ്‌ലി പുണെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍.ഡി.എ.) തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് മഹരാഷ്ട്ര ആഭ്യന്തരസഹമന്ത്രി രമേശ് ഭഗ്‌വെ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലാണ് ഇയാള്‍ രണ്ടുദിവസം പുണെയില്‍ താമസിച്ചിരുന്നത്. പുണെ റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ചില പ്രധാന കേന്ദ്രങ്ങളിലും ആക്രമണം നടത്താന്‍ ഗൂഢാലോചന നടന്നുവെന്നതിന് തെളിവുണ്ടെന്നും മന്ത്രി പറഞ്ഞു.
മുംബൈ ആക്രമണത്തിനിടെ പിടിയിലായ അജ്മല്‍ അമീര്‍ കസബിന് വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഏര്‍പ്പെടുത്തിക്കൊടുത്തത് ഡേവിഡ് ഹെഡ്‌ലിയും റാണെയുമാണെന്നാണ് സൂചന. ഇതുസംബന്ധിച്ച് എന്‍.ഐ.എ. സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബാംഗ്ലൂരിലുള്ള ഒരു കോളേജിലെ ഐഡന്റിറ്റി കാര്‍ഡിന്റെ വ്യാജനാണ് ആക്രമണം നടത്തിയ ഭീകരരില്‍നിന്നു കണ്ടെടുത്തത്.
റാണ പഴയ പട്ടാളക്കാരന്‍
തഹാവുര്‍ ഹുസൈന്‍ റാണ പഠനശേഷം പാക് കരസേനയില്‍ ചേര്‍ന്നിരുന്നതായി ഇയാളുടെ അമ്മാവന്‍ റാണ അബ്ദുള്‍ ലത്തീഫ് സ്ഥിരീകരിച്ചു. സൈന്യത്തില്‍നിന്നു വിട്ട് ഒരു ഡോക്ടറെ വിവാഹം കഴിച്ച റാണ പിന്നീട് കാനഡയിലേക്ക് കുടിയേറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലാഹോറിനടുത്ത് ചെചാവത്‌നിയിലാണ് റാണയുടെ കുടുംബവീട്. അവിടെ ഹസന്‍ അബ്ദുള്‍ കേഡറ്റ് കോളേജിലായിരുന്നു ബിരുദപഠനം. അതിനുശേഷമാണ് സൈന്യത്തില്‍ ചേരുന്നത്. പിതാവ് റാണവാലി മുഹമ്മദ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു. റാണയുടെ രണ്ടാമത്തെ സഹോദരന്‍ അമേരിക്കയില്‍ അഭിഭാഷകനാണ്. പത്രപ്രവര്‍ത്തകനായ മൂന്നാമത്തെ സഹോദരനും പിതാവും കാനഡയില്‍ കഴിയുന്നു.
സി.ഐ.എ. തലവന്‍ ഡല്‍ഹിയില്‍
യു.എസ്. രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ.യുടെ തലവന്‍ ലിയോണ്‍ ഇ. പാനെറ്റ ശനിയാഴ്ച മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിയിലെത്തി. ദേശീയ സുരക്ഷാഉപദേഷ്ടാവ് എം.കെ. നാരായണനുമായി അദ്ദേഹം അരമണിക്കൂര്‍ ചര്‍ച്ച നടത്തി. എഫ്.ബി.ഐ. അറസ്റ്റ് ചെയ്ത ഡേവിഡ് ഹെഡ്‌ലിയെയും തഹാവുര്‍ റാണെയെയും സംബന്ധിച്ച വിഷയം ചര്‍ച്ചയില്‍ ഉള്‍പ്പെട്ടുവെന്നാണ് സൂചന.
പാകിസ്താനില്‍നിന്നാണ് പാനെറ്റ ഇന്ത്യയിലെത്തിയത്. പാനെറ്റയുമായി ചര്‍ച്ച നടത്തിയശേഷം എം.കെ. നാരായണന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനോടൊപ്പം അമേരിക്കയിലേക്കു പോയി.







