Mathrubhumi

കരിമ്പിന്റെ വില: പ്രധാനമന്ത്രി അടിയന്തരയോഗം വിളിച്ചു

Posted on: 19 Nov 2009




ന്യൂഡല്‍ഹി: കരിമ്പ് കര്‍ഷകരുടെ പ്രശ്‌നങ്ങളെ കുറിച്ചുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചു. ധനമന്ത്രി പ്രണബ്മുഖര്‍ജി, നിയമമന്ത്രി വീരപ്പ മൊയ്‌ലി, കൃഷി മന്ത്രി ശരദ് പവാര്‍, ആഭ്യന്തരമന്ത്രി പി.ചിദംബരം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

രാവിലെയും ഉച്ചയ്ക്കു ശേഷവും ഉണ്ടായ ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ചാണ് കരിമ്പിന്റെ വില നിശ്ചയിച്ചതിലെ അപാകം ചൂണ്ടിക്കാണ്ടി ബഹളം ഉണ്ടാക്കിയത്. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവാണ് പ്രശ്‌നം സഭയില്‍ ഉന്നയിച്ചത്.

ബി.ജെ.പി, സി.പി.എം, രാഷ്ട്രീയ ലോക്ദള്‍ എന്നിവയുടെ നേതാക്കള്‍ പ്രശനം ഉന്നയിച്ച് സഭയില്‍ ബഹളമുണ്ടാക്കി. ബഹളത്തെ തുടര്‍ന്ന് സഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു. ഉച്ചയ്ക്കു ശേഷവും ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

മൂന്ന് പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ചാള്‍സ് ഡയസ് ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. കരിമ്പിന്റെ വില നിശ്ചയിച്ച നടപടിയില്‍ അപാകം ആരോപിച്ച് ഉത്തര്‍പ്രദേശിലെ കരിമ്പ് കര്‍ഷകര്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page