Mathrubhumi

ആണവകേന്ദ്രങ്ങളില്‍ അതിജാഗ്രത

Posted on: 17 Nov 2009



ന്യൂഡല്‍ഹി: ഭീകരാക്രമണം ഉണ്ടാവുമെന്ന സൂചനയെത്തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ ആണവനിലയങ്ങളോടും മുംബൈ ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്) ഉള്‍പ്പെടെയുള്ള ആണവ ഗവേഷണ കേന്ദ്രങ്ങളോടും അതിജാഗ്രത പുലര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഷിക്കാഗോയില്‍ അറസ്റ്റിലായ ലഷ്‌കര്‍ ഭീകരപ്രവര്‍ത്തകന്‍ ഡേവിഡ് ഹെഡ്‌ലി ഇന്ത്യയിലെ ചില തന്ത്രപ്രധാന ആണവനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്.

അതിനിടെ മുംബൈയില്‍ ഹെഡ്‌ലിക്ക് താമസിക്കാന്‍ വീട് തരപ്പെടുത്തിക്കൊടുത്ത സംവിധായകന്‍ മഹേഷ്ഭട്ടിന്റെ മകന്‍ രാഹുല്‍ഭട്ടിനോട് നഗരം വിട്ടുപോകരുതെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) നിര്‍ദേശിച്ചു.

ആണവ നിലയങ്ങളുള്ള എല്ലാ സംസ്ഥാനങ്ങളിലെയും സര്‍ക്കാറുകളോടും ജാഗ്രത പുലര്‍ത്താനും പട്രോളിങ് ശക്തപ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. തന്ത്രപ്രധാന ആണവ നിലയങ്ങള്‍ സ്ഥിതിചെയ്യുന്ന മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ ഹെഡ്‌ലി സന്ദര്‍ശിച്ചതായി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ ആണവ നിലയങ്ങള്‍ സുരക്ഷിതമാണെന്ന് കേന്ദ്രമന്ത്രി പൃഥിരാജ് ചവാന്‍ അറിയിച്ചു.

രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡിന്റെ ഭാഗമായി എന്‍.ഐ.എ. കഴിഞ്ഞ ദിവസം രാഹുല്‍ഭട്ടിനെയും മൂന്നു സുഹൃത്തുക്കളെയും വീണ്ടും ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മുംബൈ വിട്ടു പുറത്തുപോകരുതെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ വിശദമായ യാത്രാപദ്ധതി അറിയിക്കണമെന്നും രാഹുലിനോട് നിര്‍ദേശിച്ചത്. ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡിയിലുള്ള 'മോക്ഷ' ജിംനേഷ്യത്തില്‍ ഇന്‍സ്ട്രക്ടറാണ് രാഹുല്‍. ഈ ജിമ്മിലെ ജീവനക്കാരനായ വിലാസ് എന്നയാള്‍ വഴിയാണ് ഹെഡ്‌ലി രാഹുലുമായി ബന്ധപ്പെട്ടതെന്നാണ് അന്വേഷകര്‍ നല്‍കുന്ന സൂചന.

ഹെഡ്‌ലിക്കൊപ്പം അറസ്റ്റിലായ തഹാവുര്‍ ഹുസൈന്‍ റാണ മുംബൈ ഭീകരാക്രമണത്തിനു മൂന്നാഴ്ചമുമ്പാണ് ഇന്ത്യയില്‍നിന്ന് മടങ്ങിയതെന്ന് യാത്രാരേഖകളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. ഇരുവരും ഇന്ത്യയിലുണ്ടായിരുന്ന കാലത്ത് ബന്ധപ്പെട്ടവരെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

മുംബൈ ഭീകരാക്രമണം നടന്നപ്പോള്‍ ഹെഡ്‌ലിയും റാണയും പാകിസ്താനിലായിരുന്നുവെന്നതിന്റെ തെളിവുകള്‍ ലഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റാണയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദ വിവരം തേടി കാനഡയെ സമീപിച്ചതായും അവര്‍ വ്യക്തമാക്കി.
Pathravarthakal

News in this Section