
ബംഗാളില്‍ ഇടതിന് കനത്ത തിരിച്ചടി
Posted on: 10 Nov 2009

ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പ് നടന്ന പശ്ചിമബംഗാളില്‍ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി. ആകെയുള്ള പത്ത് സീറ്റുകളില്‍ ഇടതുമുന്നണിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. തൃണമൂല്‍-കോണ്‍ഗ്രസ് സഖ്യം 8 സീറ്റിലും ഗൂര്‍ഖ ജനമുക്തിമോര്‍ച്ച പിന്തുണയ്ക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥി ഒരു സീറ്റിലും ഇടതുമുന്നണിയുടെ ഫോര്‍വേഡ് ബ്ലോക്ക് സ്ഥാനാര്‍ത്ഥി ഒരു സീറ്റിലുമാണ് വിജയിച്ചത്.
മുതിര്‍ന്ന സി.പി.എം. നേതാവായിരുന്ന സുഭാഷ് ചക്രവര്‍ത്തി ഏഴ് തവണ പ്രതിനിധാനം ചെയ്ത മണ്ഡലമായ ബെല്‍ഗാച്ചിയയില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി വിജയിച്ചത് ഇടതുമുന്നണിയെ ഞെട്ടിച്ചു. 1977 മുതല്‍ സുഭാഷ് ചക്രവര്‍ത്തി ജയിച്ചുവന്ന മണ്ഡലമാണ് സിപിഎമ്മിനെ കൈവിട്ടത്. സുഭാഷ് ചക്രവര്‍ത്തിയുടെ ഭാര്യയാണ് ഇവിടെ മത്സരിച്ചതെങ്കിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥി സുജിത് ബോസ് 28,360 വോട്ടിനാണ് വിജയിച്ചത്.
നന്ദിഗ്രാം ഉള്‍പ്പെടുന്ന കിഴക്കന്‍ മിഡ്‌നാപൂരിലെ രണ്ട് മണ്ഡലങ്ങളും തൃണമൂല്‍ തന്നെ നേടി. ബെല്‍ഗാച്ചിയ (ഈസ്റ്റ്), കല്‍ച്ചിനി, രാജ്ഗഞ്ച്, സുജാപുര്‍, ഗോല്‍പൊഖാര്‍, ബൊഗോന്‍, കൊണ്ടോല്‍ സൗത്ത്, എഗ്ര, സെരാംപോര്‍, ആലിപുര്‍ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ബംഗാളിലെ ജനങ്ങള്‍ സിപിഎമ്മിനെ വെറുക്കുന്നു എന്നതിന്റെ തെളിവാണ് തങ്ങളുടെ ഈ വിജയമെന്ന് തൃണമൂല്‍ നേതാവും കേന്ദ്രമന്ത്രിയുമായ മമത ബാനര്‍ജി പ്രതികരിച്ചു. ജനങ്ങള്‍ ബംഗാളില്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും സിപിഎമ്മിന് ഇതൊരു പാഠമാണെന്നും മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.







