Mathrubhumi

സമവാക്യങ്ങളെ വെട്ടി ഷുക്കൂറിന് കന്നിവിജയം

Posted on: 10 Nov 2009



ആലപ്പുഴയില്‍ കന്നിക്കാരുടെ പോരാട്ടത്തില്‍ വിജയം കോണ്‍ഗ്രസ് ഐയിലെ എ.എ ഷുക്കൂറിന്. എല്‍.ഡി.എഫിലെ ജി കൃഷ്ണപ്രസാദിനെ 4745 വോട്ടിന് വീഴ് ത്തിയാണ് 51 ാം വയസ്സില്‍ ഷുക്കൂര്‍ നിയമസഭയുടെ പടികയറുന്നത്. ജി. കൃഷ്ണപ്രസാദാണ് തുടക്കത്തില്‍ ലീഡ് നേടിയത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ചെറിയ ലീഡുണ്ടായിരുന്ന കൃഷ്ണപ്രസാദ് ആദ്യ രണ്ട് റൗണ്ടുകളിലും ലീഡ് നലനിര്‍ത്തി. മൂന്നാം റൗണ്ടോടെ ലീഡ് തിരിച്ചുപിടിച്ച എ.എ ഷൂക്കൂര്‍ പിന്നെ എതിരാളിക്ക് ഒരിക്കല്‍ പോലും സാധ്യത നല്‍കിയില്ല. ലീഡില്‍ വന്‍ കുതിപ്പുണ്ടായില്ലെങ്കിലും ക്രമേണ അത് ഉയര്‍ത്തിക്കൊണ്ടുവരാണ് ഷുക്കൂറിന് കഴിഞ്ഞിരുന്നു.

പകുതി വോട്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ ലീഡ് മൂവായിരത്തിന് മേലെയായി. 60 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ലീഡ് നില 4000 കവിഞ്ഞു. അതോടെ യു.ഡി.എഫ് ആഹ്ലാദപ്രകടനം തുടങ്ങി. ആലപ്പുഴ മണ്ഡലം തുടര്‍ച്ചയായ അഞ്ചാം തവണയാണ് കോണ്‍ഗ്രസ് കൂറ് ആവര്‍ത്തിക്കുന്നത്. 2006 ല്‍ കെ.സി വേണിഗോപാല്‍ നേടിയ 16,933 വോട്ടിന്റെ ഭൂരിപക്ഷം കുറയ്ക്കാനായി എന്നുമാത്രം ഇടതുപക്ഷത്തിന് ആശ്വസിക്കാം. പോളിങ് ശതമാനത്തില്‍ നേരിയ വര്‍ധനയുണ്ടായതും കോണ്‍ഗ്രസിന് അനുകൂല ഘടകമായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ.സിക്ക് ഇവിടെ 19,000 ത്തിലധികം ഭൂരിപക്ഷമുണ്ടായിരുന്നു. ഒരു കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയായിരുന്നു ആലപ്പുഴ. പക്ഷേ 1991 ലെ തിരഞ്ഞെടുപ്പ് മുതല്‍ സീറ്റ് കോണ്‍ഗ്രസിന്റെ കൈയിലാണ്. 1996 മുതല്‍ ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ച് കെ.സി വേണുഗോപാല്‍ സൂക്ഷിച്ചുപോന്ന മണ്ഡലം. 13 വര്‍ഷം ആലപ്പുഴയുടെ മാനസപുത്രനായി തുടരുന്ന കെ.സി ലോക്‌സഭയിലേക്ക് ജയിച്ചതോടെയാണ് ആലപ്പുഴ മണ്ഡലം ആദ്യമായി ഉപതിരഞ്ഞെടുപ്പിന് വേദിയായത്. ഷുക്കൂറിന്റെ വിജയത്തിനായി പടനയിച്ചതും കെ.സി തന്നെയായിരുന്നു.

നഗരപിതാവ്, ഡി.സി.സി പ്രസിഡന്റ് എന്നീ നിലകളില്‍ ആലപ്പുഴക്കാര്‍ക്ക് സുപരിചിതനായിരുന്നു ഷുക്കൂര്‍. എന്‍.എസ്.എസിന്റെ പരിഭവമാണ് യു.ഡി.എസിനെ ചെറിയതോതിലെങ്കിലും ആശങ്കപ്പെടുത്തിയത്. സമദൂരം നയം തുടരുമെന്ന് എന്‍.എസ്.എസ് വ്യക്തമാക്കിരുന്നു. കഴിഞ്ഞകുറേ വര്‍ഷങ്ങളായി നായര്‍സമുദായംഗം മത്സരിച്ചുവന്ന സീറ്റായിരുന്നു ആലപ്പുഴ. ജാതിസമവാക്യങ്ങളെക്കാള്‍ വിജയസാധ്യതയ്ക്ക് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കിയപ്പോള്‍ ഷുക്കൂര്‍ മികച്ച സ്ഥാനാര്‍ഥിയായി രംഗത്തുവരുകയായിരുന്നു.

സി.പി.ഐയെ പാഠംപഠിപ്പിക്കാനിറങ്ങിയ പി.ഡി.പിക്കും ലക്ഷ്യം നേടിയതില്‍ ആഹ്ലാദിക്കാമെങ്കിലും അവരുടെ അക്കൗണ്ടില്‍ വീണ വോട്ട് നിര്‍ണായകമായില്ലെന്നത് വസ്തുത. വോട്ട് വിഹിതത്തില്‍ അത്ഭുതങ്ങളൊന്നും സൃഷ്ടിക്കാതെ ബി.ജെ.പിയുടെ കെ ബാബുവും അവരുടെ വോട്ടുകള്‍ സ്വന്തമാക്കി. അടിയൊഴുക്കുകളിലും ജാതിസമവാക്യങ്ങളിലും പ്രതീക്ഷയര്‍പ്പിച്ചിരുന്ന സി.പി.ഐ പ്രീതിക്ഷച്ചപോലെ കാര്യങ്ങളൊന്നും ഏശിയില്ല.

40 കൊല്ലത്തിനിടയില്‍ ഇതാദ്യമായാണ് കോണ്‍ഗ്രസ് ഇവിടെ ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്.. ആസിയാന്‍ കരാര്‍ ഏറ്റവും അധികം പ്രചാരണ വിഷയമായതും ആലപ്പുഴയില്‍ തന്നെയായിരുന്നു. തീരദേശമേഖലകളില്‍ ആസിയാന്‍ കരാര്‍ ശക്തമായി ഉന്നയിച്ച് വോട്ടര്‍മാരെ പുനര്‍വിചിന്തിനത്തിന് എല്‍.ഡി.എഫ് പ്രേരിപ്പിച്ചപ്പോള്‍ ലഘുരേഖകളുമായാണ് യു.ഡി.എഫ് അതിനെ നേരിട്ടത്. പുറമേ സുനാമി ഫണ്ട് വിനിയോഗം യു.ഡി.എഫ് പ്രധാന വിഷയമാക്കി.

ഇവയ്‌ക്കെല്ലാം പുറമേ സര്‍ക്കാരിനെതിരായ ജനവികാരം കൂടി ആഞ്ഞടിച്ചതോടെ എല്‍.ഡി.എഫ് അനിവാര്യമായ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ജനഗ്രോഹ നയങ്ങളെ എല്‍.ഡി.എഫ് നേതാക്കള്‍ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചപ്പോള്‍ കുട്ടനാട് പാക്കേജ് ഉള്‍പ്പടെ കേന്ദ്രം അനുവദിച്ച പല പദ്ധതികളും നടപ്പിലാക്കാന്‍ പോലും കേരളത്തിലെ ഭരണകൂടത്തിന് കഴിയുന്നില്ലെന്ന് ആന്റണി വരെ പരസ്യമായി പറയുകയുണ്ടായി.
Pathravarthakal

News in this Section