Mathrubhumi

കോണ്‍ഗ്രസ് ചായ്‌വ് മറക്കാതെ എറണാകുളം

Posted on: 10 Nov 2009



ഇടയ്ക്ക് ഒന്നു രണ്ടു തവണ കാലിടറിയിട്ടുണ്ടെങ്കിലും എറണാകുളം എല്ലാ കാലത്തും കോണ്‍ഗ്രസിന്റെ ഉറച്ചകോട്ടയായിരുന്നു. കെ.വി തോമസിന്റെ സ്ഥിരം തട്ടകത്തില്‍ ഇത്തവണ വിജയം ഡൊമിനിക് പ്രസന്റേഷന്. സി.പി.എമ്മിലെ പി.എന്‍.സീനുലാലിനെ 8620 വോട്ടിനാണ് ഡൊമിനിക് കീഴടക്കിയത്. നഗരത്തിലെ മാനില്യപ്രശ്‌നവും, സ്മാര്‍ട്ട് സിറ്റിയും തൊട്ട് മെട്രോ റെയില്‍ വരെ ചര്‍ച്ചാവിഷയമായ തിരഞ്ഞെടുപ്പില്‍ 2006 ല്‍ കെ.വി തോമസിന് ലഭിച്ച ഭൂരിപക്ഷവും കവച്ചുവെക്കുന്ന പ്രകടനമാണ് കോണ്‍ഗ്രസ് നടത്തിയത്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 5800 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു കെ.വി തോമസിന് മണ്ഡലത്തിലുണ്ടായിരുന്നത്.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ സീനുലാലിന് നേരിയ ലീഡുണ്ടായിരുന്നു. രണ്ടാം റൗണ്ടോടെ തന്നെ യു.ഡി.എഫ് മുന്‍തൂക്കം നേടി. പിന്നീട് ക്രമേണ ഡൊമിനിക് പ്രസന്റേഷന്‍ ലീഡ് ചെറിയ തോതില്‍ വര്‍ധിപ്പിച്ചു വന്നു. ലീഡ് 5,000 കവിഞ്ഞതോടെ എങ്ങും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷവും തുടങ്ങിയിരുന്നു. കെ.വി തോമസ് ലോക്‌സഭയിലേക്ക് വിജയിച്ചതോടയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഒരാവശ്യവുമില്ലാതെ തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന എല്‍.ഡി.എഫ് ആരോപണവും വിലപ്പോയില്ലെന്ന് ഫലം തെളിയിച്ചു.

തന്റെ തട്ടകത്തില്‍ ഡൊമിനിക്കിന്റെ വിജയം ഉറപ്പിക്കാന്‍ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചതും കേന്ദ്രമന്ത്രി കൂടിയായ തോമസ് മാഷ് തന്നെയായിരുന്നു. മന്ത്രിയെന്ന നിലയില്‍ തിരക്കുകള്‍ മാറ്റിവെച്ച് കുടുംബയോഗങ്ങളില്‍ പോലും അദ്ദേഹം നേരിട്ടു പങ്കെടുത്തു. ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അട്ടിമറിസാധ്യതയില്‍ നിന്ന് തോമസ് മാഷിനെ രക്ഷിച്ചതും എറണാകുളം മണ്ഡലത്തിലെ 14,000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. ബി.ജെ.പിയെ സംബന്ധിച്ച് ശോഭ സുരേന്ദ്രന്റെ സാന്നിധ്യം ബി.ജെ.പിയുടെ വോട്ടുവിഹിതം ഗണ്യമായി വര്‍ധിക്കുന്നതിന് സഹായിച്ചു.


പോളിങ് ശതമാനത്തിലുണ്ടായ ഗണ്യമായ വര്‍ധനയോടെ തന്നെ കോണ്‍ഗ്രസുകാര്‍ വിജയം ഉറപ്പിച്ചിരുന്നു. 2006 ല്‍ 49 ശതമാനം പേര്‍ മാത്രം വോട്ട് രേഖപ്പെടുത്തിയെങ്കില്‍ ഇത്തവണ ഒന്നു രണ്ടുസ്ഥലങ്ങളില്‍ റോഡ് പ്രശ്‌നത്തിന്റെ പേരില്‍ ബഹിഷ്‌കരണ ആഹ്വാനമുണ്ടായിട്ടും പോളിങ് 64.64 ശതമാനത്തിലെത്തിയിരുന്നു. മികച്ചൊരു സ്ഥാനാര്‍ഥിയെ അവതരിപ്പിക്കുന്നതില്‍ പോലും സി.പി.എം ഇവിടെ ഏറെ ബുദ്ധിമുട്ടിയിരുന്നു. മുന്‍ ജി.സി.ഡി.എ ചെയര്‍മാന്‍ ബാലചന്ദ്രനെ പരിഗണിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. ലോറന്‍സ് അടക്കുമുള്ളവരുടെ പേര് പരിഗണിച്ച ശേഷമാണ് ഒടുവില്‍ നഗരസഭയില്‍ 22 വര്‍ഷം കൗണ്‍സിലറായ സീനുലാലിനെ സ്ഥാനാര്‍ഥിയാക്കിയത്.

സാധാരണഗതിയില്‍ ഇരുപാര്‍ട്ടികളും ലത്തീന്‍ സമുദായംഗത്തെ സ്ഥാനാര്‍ഥിയാക്കുന്ന പതിവും സി.പി.എം മാറ്റിപ്രയോഗിക്കുകയായിരുന്നു. 1957 ല്‍ തുടങ്ങി 14 തിരഞ്ഞെടുപ്പുകളില്‍ 12 ലും ജയം കോണ്‍ഗ്രസിനായിരുന്നു. എങ്കിലും ഉപതിരഞ്ഞെടുപ്പിലെ ഭാഗ്യം തുണച്ചിരുന്നത് ഇടതുപക്ഷത്തിനെയായിരുന്നു. ഈ വിജയത്തോടെ ആ ചരിത്രവും യു.ഡി.എഫ് തിരുത്തി. ഡൊമിനിക് പ്രസന്റേഷന്‍ ഇതാദ്യമായാണ് എറണാകുളത്ത് ജനിവിധി തേടിയത്. 1991 മുതല്‍ മൂന്നു തവണ പള്ളുരുത്തിയില്‍ നിന്ന് ജയിച്ച ഡൊമിനിക് കഴിഞ്ഞ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഫിഷറീസ് മന്ത്രിയുമായിരുന്നു. 2006 ലെ ഇടതുതരംഗത്തില്‍ ദിനേശ്മണിയോടാണ് അദ്ദേഹം പരാജയപ്പെട്ടത്.

ഹൈക്കോടതിയുടെ സ്ഥിരം വിമര്‍ശനത്തിന് പാത്രമാകുന്ന കൊച്ചി കോര്‍പറേഷനും എങ്ങുമെത്താത്ത സ്മാര്‍ട്ട് സിറ്റിയും ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കി. ഭരണവിരുദ്ധ വികാരം കൂടിയായതോടെ അമിതപ്രതീക്ഷ സി.പി.എമ്മും വച്ചുപുലര്‍ത്തിയിരുന്നില്ല.
Pathravarthakal

News in this Section