
കര്‍ണാടകത്തിലെ പ്രതിസന്ധിയ്ക്ക് പരിഹാരം
Posted on: 08 Nov 2009

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായി. മുതിര്‍ന്ന ബി.ജെ.പി നേതാവ് സുഷമ സ്വരാജിന്റെ വസതിയില്‍ നടന്ന ചര്‍ച്ചകളിലാണ് പ്രശ്‌നം പരിഹരിച്ചത്. മുഖ്യമന്ത്രി യെദ്യൂരപ്പയും വിമത നേതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് ചര്‍ച്ചയ്ക്കുശേഷം സുഷമ സ്വരാജ് പറഞ്ഞു. മന്ത്രിസഭ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. ഭരണ പ്രതിസന്ധി ഉണ്ടായതില്‍ മപ്പപേക്ഷിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് വിമത നേതാവ് ജനാര്‍ദ്ദന റെഡ്ഡി ചര്‍ച്ചകള്‍ക്കുശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കര്‍ണാടകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ കോര്‍ കമ്മിറ്റി രൂപവത്കരിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. കരുണാകര റെഡ്ഡി, യെദ്യൂരപ്പ എന്നിവര്‍ അടങ്ങിയതാണ് കോര്‍ കമ്മിറ്റി. സംസ്ഥാനത്തിന്റെയും ബി.ജെ.പിയുടെയും താത്പര്യം സംരക്ഷിക്കാനാണ് ധാരണയില്‍ എത്തിയതെന്ന് വിമത നേതാക്കള്‍ പറഞ്ഞു.
ബി.ജെ.പി നേതാക്കളായ അനന്ത് കുമാര്‍, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരും സുഷമ സ്വരാജിന്റെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. നേതൃമാറ്റം ആവശ്യപ്പെട്ട് റെഡ്ഡി സഹോദരന്മാര്‍ നേതൃത്വത്തിനുമേള്‍ സമ്മര്‍ദ്ദം ചെലുത്തി തുടങ്ങിയതോടെയാണ് കര്‍ണ്ണാടത്തിലെ ബി.ജെ.പിയില്‍ പ്രതിസന്ധി രൂക്ഷമായത്. റെഡ്ഡിമാരും അവരെ പിന്തുണയ്ക്കുന്ന 53 എം.എല്‍.എ മാരും പാര്‍ട്ടി പിളര്‍ത്തിയാല്‍ യദ്യൂരപ്പ വീഴുമെന്ന അവസ്ഥ നിലനിന്നിരുന്നു. ഗ്രാമവികസന മന്ത്രി ശോഭ കരന്തലജയെ മാറ്റുന്നതടക്കം പ്രശ്‌ന പരിഹാരത്തിന് കേന്ദ്രനേതൃത്വം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുമെന്നാണ് സൂചന.







