Mathrubhumi

മാവോവാദികള്‍ക്ക് ആയുധങ്ങള്‍ ചൈനയില്‍നിന്ന്: ജി.കെ.പിള്ള

Posted on: 08 Nov 2009



ന്യൂഡല്‍ഹി: മാവോവാദികള്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നത് ചൈനയില്‍ നിന്നാണെന്ന് ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ള പറഞ്ഞു. ചെറിയ ആയുധങ്ങള്‍ കള്ളക്കടത്ത് നടത്തുന്ന നിരവധിപേര്‍ ചൈനയിലുണ്ട്. ഇന്ത്യയിലെ മാവോവാദികള്‍ക്ക് അവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാണെന്ന് ജി.കെ.പിള്ള പറഞ്ഞു. മാവോവാദികള്‍ക്ക് ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായാണ് സര്‍ക്കാര്‍ അഭിപ്രായ പ്രകടനം നടത്തുന്നത്.

ചൈനയുമായി മാവോവാദികള്‍ക്ക് മറ്റെന്തെങ്കിലും തരത്തിലുള്ള ബന്ധം ഉള്ളതായി സര്‍ക്കാരിന് വിവരമൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ആയുധങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാണ്. ആയുധ കള്ളക്കടത്തുകാരില്‍നിന്നാണോ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നാണോ ആയുധം ലഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

മാവോവാദികള്‍ ബംഗ്ലാദേശ്, മ്യാന്‍മാര്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ വഴിയാണ് ആയുധം ശേഖരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം മുന്‍പ് പറഞ്ഞിരുന്നു. ഇന്ത്യാ- നേപ്പാള്‍ അതിര്‍ത്തിയിലൂടെയാണ് ആയുധങ്ങള്‍ എത്തുന്നതെന്നും ചിദംബരം പറഞ്ഞിരുന്നു. നേപ്പാള്‍ സന്ദര്‍ശനം നടത്തി മടങ്ങിവന്ന ശേഷമാണ് ജി.കെ.പിള്ള ചൈന ബന്ധം സംബന്ധിച്ച സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത്. മാവോവാദികള്‍ക്ക് ചൈനയില്‍നിന്ന് ആയുധങ്ങള്‍ ലഭിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ നേപ്പാള്‍ അദ്ദേഹത്തിന് കൈമാറിയേക്കാമെന്ന് സൂചനയുണ്ട്.
Pathravarthakal

News in this Section