
റോസയ്യ മൊയ്‌ലിയുമായി കൂടിക്കാഴ്ച നടത്തി
Posted on: 07 Nov 2009
ന്യൂഡല്‍ഹി: ആന്ധ്രമുഖ്യമന്ത്രിയായി അധികാരമേറ്റശേഷം ആദ്യമായി ഡല്‍ഹിലെത്തിയ കെ. റോസയ്യ ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി വീരപ്പ മൊയ്‌ലിയുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് റോസയ്യ ഡല്‍ഹിയിലെത്തിയത്. നേതൃത്വത്തിന്റെ നിര്‍ദ്ദേശം അവഗണിച്ച് നിരന്തരമായി പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ നേതൃത്വത്തിന്റെ നടപടിയുണ്ടാവുമെന്ന സൂചനയാണ് റോസയ്യയുമായുള്ള ചര്‍ച്ചയിലൂടെ കേന്ദ്ര നേതൃത്വം നല്‍കുന്നത്.
പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, എന്നിവരേയും റോസയ്യ കാണുന്നുണ്ട്. തന്റെ സര്‍ക്കാറിനെതിരെ ജഗനും അനുയായികളും നടത്തുന്ന അപവാദപ്രചാരണങ്ങളും ചില മന്ത്രിമാരുടെ നിസ്സഹകരണവും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ വിമതപ്രവര്‍ത്തനങ്ങളും റോസയ്യ നേതൃത്വത്തെ ധരിപ്പിക്കുമെന്നറിയുന്നു. ജഗനെ ഒതുക്കാനായി കേന്ദ്രനേതൃത്വം ശക്തമായ ഇടപെടലുകള്‍ നടത്താനിരിക്കെയാണ് റോസയ്യയുടെ ഡല്‍ഹി യാത്ര.







