Mathrubhumi

പ്രശ്‌നം പരിഹരിച്ചെന്ന് യെദ്യൂരപ്പ: ഇല്ലെന്ന് വിമതര്‍

Posted on: 07 Nov 2009



ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായെന്ന് മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ അറിയിച്ചു. എന്നാല്‍ വിശദാംശങ്ങള്‍ പറയാന്‍ അദ്ദേഹം തയ്യാറായില്ല. ഡല്‍ഹിയില്‍ പാര്‍ട്ടി നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ജമ്മുവിലെ വൈഷ്ണവോദേവി ക്ഷേത്ര ദര്‍ശനത്തിന് പോകും വഴിയാണ് എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി യദ്യൂരപ്പ പറഞ്ഞത്. ''എല്ലാം പരിഹരിച്ചു. എന്നില്‍ വിശ്വാസമര്‍പ്പിച്ച പാര്‍ട്ടി നേതൃത്വത്തിന് നന്ദി പറയുന്നു. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും'' അദ്ദേഹം പറഞ്ഞു. ഗ്രാമവികസന മന്ത്രിയും യെദ്യൂരപ്പയുടെ വിശ്വസ്തയുമായ ശോഭ കരന്ദലജയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റും. സ്​പീക്കര്‍ ജഗദീഷ് ഷെട്ടാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. നിലവിലെ മന്ത്രിമാരില്‍ കരന്ദലജ ഉള്‍പ്പട്ടെ മൂന്നോ നാലോ പേരെ ഒഴിവാക്കും. ഇതിന് പുറമേ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയുണ്ടാക്കും.

എന്നാല്‍ വിമതനേതാവ് ജനാര്‍ദ്ദന റെഢി പ്രശ്‌നപരിഹാരമായെന്ന വാര്‍ത്തകള്‍ നിഷേധിച്ചു. എന്താണ് ഫോര്‍മുലയെന്ന് തങ്ങള്‍ക്കറിയില്ലന്നും ഒത്തുതീര്‍പ്പിനെക്കുറിച്ച് ആരും പറഞ്ഞില്ലന്നുമാണ് ജനാര്‍ദ്ദന റെഡ്ഡി പറഞ്ഞത്. യദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് മാറ്റുക മാത്രമാണ് പരിഹാരമെന്നതാണ് അവരുടെ നിലപാട്. ഞങ്ങളുടെ നിര്‍ദേശം പാര്‍ട്ടിയുടെ താല്‍പ്പര്യമനുസരിച്ചുള്ളതും സംസ്ഥാനത്തിന് ഗുണകരവുമാണ്. പാര്‍ട്ടി നേതൃത്വം ഉചിതവും ശരിയായതുമായ തീരുമാനം എടുക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ജനാര്‍ദ്ദന റെഢി പറഞ്ഞു. ഹൈദരബാദില്‍ താമസിപ്പിച്ചിട്ടുള്ള 52 വിമത പക്ഷ എം.എല്‍.എമാരുടെ രാജിക്കത്ത് നേതൃത്വത്തിന് കൈമാറാന്‍ ജനാര്‍ദന റെഡ്ഡി ഹൈദരബാദിലേക്ക് പുറപ്പെട്ടു.

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യദ്യൂരപ്പയെ മാറ്റിയേതീരൂ എന്ന വിമതപക്ഷത്തിന്റെ കടുംപിടിത്തമാണ് സംസ്ഥാനത്തെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാന്‍ ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് തടസമായത്. എന്നാല്‍ മുഖ്യമന്ത്രിയെ മാറ്റുന്ന പ്രശ്‌നമില്ലന്നും കടുംപിടുത്തം തുടരുകയാണങ്കില്‍ തിരഞ്ഞെടുപ്പിലേക്ക് പോകേണ്ടി വരുമെന്നുമുള്ള കേന്ദ്ര നേതൃത്വത്തിന്റെ ഭീഷണിയും ഇതുവരെ ഫലംകണ്ടിട്ടില്ല.


റെഡ്ഡിമാര്‍ വാഴുംകാലം-ന്യൂസ് സ്‌പെഷല്‍


.
Pathravarthakal

News in this Section