Mathrubhumi

അതിവേഗ റെയില്‍പ്പാതയ്ക്ക് ചെലവ് 50,000 കോടി

Posted on: 06 Nov 2009



കാസര്‍കോട്:കാസര്‍കോട് - തിരുവനന്തപുരം അതിവേഗ റെയില്‍പ്പാതയ്ക്കുള്ള പ്രാഥമിക സര്‍വേ പൂര്‍ത്തിയായി. 800 കിലോമീറ്റര്‍ നീളം വരുന്ന പാതയ്ക്ക് 50,000 കോടി രൂപയാണ് നിര്‍മാണച്ചെലവ് കണക്കാക്കിയിരിക്കുന്നത്.



കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നാലുമണിക്കൂര്‍ കൊണ്ട് എത്തിച്ചേരാവുന്ന പാതയില്‍ മൂന്നു സ്റ്റോപ്പുകള്‍ മാത്രമാണ് തുടക്കത്തില്‍ വിഭാവനം ചെയ്യുന്നത്. കാസര്‍കോട്ട് നിന്ന് പുറപ്പെട്ടാല്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പ്.

അതിവേഗപാതയ്ക്കാവശ്യമായ പണം നല്കാന്‍ തയ്യാറായി ഏജന്‍സികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇ.ശ്രീധരനെ പ്രോജക്ടിന്റെ ചുമതലയേല്പിക്കാനും ധാരണയായിട്ടുണ്ട്. 2020ല്‍ കമ്മീഷന്‍ ചെയ്യാവുന്ന രീതിയിലാണ് പ്രവര്‍ത്തനം നടക്കുന്നത്. പദ്ധതിക്കാവശ്യമായ പ്രാരംഭ നടപടികള്‍ നടത്തുന്നത് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ്. അതു സംബന്ധിച്ചുള്ള മന്ത്രിസഭാ തീരുമാനത്തിന് കാത്തിരിക്കുകയാണവര്‍.

അതിവേഗ പാതയിലൂടെ എത്ര ബുള്ളറ്റ് ട്രെയിനുകള്‍ ഓടിക്കണം, എത്ര ചാനലുകള്‍ നിര്‍മിക്കണം എന്നതിനെക്കുറിച്ച് വിശദമായ പഠനം നടത്തേണ്ടതുണ്ട്. അതിനുവേണ്ടി 800 കിലോമീറ്റര്‍ പുതിയ സ്ഥലം ഏറ്റെടുക്കേണ്ടി വരും. പദ്ധതി ലാഭകരമാക്കുന്നത് സംബന്ധിച്ചുള്ള പ്രാരംഭ പഠനത്തിന് കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കെ.രാജേഷ്‌കുമാര്‍
Pathravarthakal

News in this Section