Mathrubhumi

ഇന്ത്യയ്ക്ക് മൂന്ന് റണ്‍സ് തോല്‍വി

Posted on: 05 Nov 2009




ഹൈദരാബാദ്: സച്ചിന്‍ തെണ്ടുല്‍ക്കറുടെ സ്വപ്‌നതുല്ല്യമായ ഇന്നിങ്‌സിനുശേഷം ഇന്ത്യ പടിക്കല്‍ കലമുടച്ചു. റണ്ണടിയുടെ പെരുമഴ കണ്ട മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു ഇന്ത്യയുടെ ഹൃദയഭേദകമായ തോല്‍വി. വെറും മൂന്ന് റണ്‍സിന്. ഇതോടെ ഏഴ് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 3-2ന് മുന്നിലെത്തി.

സ്‌കോര്‍: ഓസ്‌ട്രേലിയ: നാലിന് 350, ഇന്ത്യ: 347


സച്ചിന്‍ പതിനേഴായിരം ഏകദിന റണ്‍സ് തികയ്ക്കുന്നതിന് സാക്ഷ്യം വഹിച്ച മത്സരത്തില്‍ സച്ചിനും പലവട്ടം ജീവന്‍ തിരിച്ചുകിട്ടിയ സുരേഷ് റൈനയുമല്ലാതെ മറ്റൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാനും മാന്യമായി കളിച്ചില്ല. എല്ലാവരുടെയും പിഴവുകള്‍ക്ക് തനിച്ച് പരിഹാരം കാണുന്ന തരത്തിലുള്ളതായിരുന്നു സച്ചിന്റെ അവിസ്മരണീയ ഇന്നിങ്‌സ്. 141 പന്തില്‍ നിന്ന് നാല് സിക്‌സിന്റെയും 19 ബൗണ്ടറിയുടെയും അകമ്പടിയോടെ 175 റണ്‍സ്. സച്ചിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് എന്നാണ് മുന്‍ നായകനും ബാറ്റിങ് കൂട്ടുകാരനുമായ സൗരവ് ഗാംഗുലി വിശേഷിപ്പിച്ചത്. സച്ചിന്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. 59 പന്തില്‍ നിന്ന് 59 റണ്‍സായിരുന്നു റൈനയുടെ സംഭാവന. സെവാഗ് 30 പന്തില്‍ നിന്ന് 38 റണ്‍സെടുത്തു.

സച്ചിന്റെ ചിറകിലേറി ഒരുവേള വിജയത്തിന്റെ വക്കിലെത്തിയശേഷമായിരുന്നു ഇന്ത്യ പരാജയത്തിലേയ്ക്ക് കൂപ്പുകുത്തിയത്. അഞ്ചിന് 299 റണ്‍സ് എന്ന സുരക്ഷിതമായ നിലയില്‍ നിന്നാണ് ഇന്ത്യയുടെ ഇന്നിങ്‌സ് ദയനീയമായി 347ല്‍ വന്നുനിന്നത്. ഹര്‍ഭജന്‍ ഉള്‍പ്പടെയുള്ള വാലറ്റക്കാരില്‍ നിന്ന് കാര്യമായ ഒരു സംഭാവനയും ഉണ്ടായില്ല. രവീന്ദ്ര ജഡേജ 17 പന്തില്‍ നിന്ന് 23 റണ്‍സ് നേടി ചില മിന്നലാട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചെങ്കിലും വെറുതെ ക്രീസ് വിട്ട് റണ്ണൗട്ടായി. കളി തോല്‍പച്ചതില്‍ ഈ റണ്ണൗട്ടിന്റെ പങ്കും ചെറുതല്ല.

നേരത്തെ ഷോന്‍ മാഷിന്റെ കന്നി ഏകദിന സെഞ്ച്വറിയുടെയും ഷെയ്ന്‍ വാട്‌സന്റെ മിന്നല്‍ ബാറ്റിങ്ങിന്റെയും (93) മികവിലാണ് ഓസ്‌ട്രേലിയ 350 എന്ന പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ഒരാളെപ്പോലും വെറുതെ വിടാതെയാണ് വാട്‌സണും മാഷും തകര്‍ത്താടിയത്. മാഷ് രണ്ടു സിക്‌സും എട്ട് ബൗണ്ടറിയും ഉള്‍പ്പടെ 112 പന്തില്‍ നിന്ന് 112 റണ്‍സെടുത്തപ്പോള്‍ മൂന്ന് സിക്‌സിന്റെയും ഒന്‍പത് ബൗണ്ടറിയുടെയും അകമ്പടിയോടെ 89 പന്തില്‍ നിന്ന് 93 റണ്‍സെടുത്താണ് വാട്‌സണ്‍ പുറത്തായത്. 145 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തത്. കാമറൂണ്‍ വൈറ്റ് 33 പന്തില്‍ നിന്ന് 57 ഉം പോണ്ടിങ് 45 പന്തില്‍ നിന്ന് 45 ഉം റണ്‍സെടുത്തു. 31 റണ്‍സെടുത്ത മൈക്ക് ഹസ്സി പുറത്താകാതെ നിന്നു.

കണ്ണില്‍ ചോരയില്ലാതെ തല്ലു വാങ്ങാത്തവരായി ആരും തന്നെയില്ലായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരില്‍. ഒരു വിക്കറ്റെടുത്തെങ്കിലും ആശിഷ് നെഹ്‌റ പത്തോവറില്‍ 79 റണ്‍സും മുനാഫ് പട്ടേല്‍ ഒന്‍പത് ഓവറില്‍ 73 റണ്‍സും രണ്ടു വിക്കറ്റെടുത്ത പ്രവീണ്‍കുമാര്‍ ഒന്‍പത് ഓവറില്‍ 68 റണ്‍സുമാണ് വിട്ടുകൊടുത്തത്. പത്തോവറില്‍ 44 റണ്‍സ് വിട്ടുകൊടുത്ത ഹര്‍ഭജന്‍ ഒരു വിക്കറ്റെടുത്തു.

Pathravarthakal

News in this Section