Mathrubhumi

'മഷിത്തണ്ടി'ന്റെ പുതിയ പതിപ്പ് നെറ്റിലെത്തി

Posted on: 03 Nov 2009


സ്വന്തം ലേഖകന്‍



കോഴിക്കോട്: മഷിത്തണ്ട് മലയാളം സോഫ്ട്‌വേര്‍ സംരംഭങ്ങളുടെ ഭാഗമായ മലയാളം നിഘണ്ടുവിന്റെ പുതിയ പതിപ്പ് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുറത്തിറങ്ങി. ഇന്റര്‍നെറ്റിലെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവായ മഷിത്തണ്ടില്‍ ഇപ്പോള്‍ അറുപത്തിയൊന്നായിരം മലയാളപദങ്ങളുടെയും ഇരുപത്തിയേഴായിരം ഇംഗ്ലീഷ് വാക്കുകളുടെയും അര്‍ഥം ലഭ്യമാണ്.

ഇന്റര്‍നെറ്റില്‍ മലയാളഭാഷയുടെ ഉപയോഗവും പ്രചാരവും വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ, തൃശ്ശൂര്‍ എന്‍ജിനിയറിങ് കോളേജിലെ ഒരു സംഘം പൂര്‍വവിദ്യാര്‍ഥികളാണ് മഷിത്തണ്ട് സംരംഭത്തിന് തൊണ്ണൂറുകളുടെ അവസാനം തുടക്കമിട്ടത്. മലയാളത്തിന് വേണ്ടി സ്‌പെല്‍ചെക്കറും ഇംഗ്ലീഷ് പരിഭാഷകനും രൂപപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തുടക്കത്തില്‍ ഇരുപതിനായിരത്തോളം വാക്കുകള്‍ ഇവര്‍ തന്നെ കൂട്ടിച്ചേര്‍ത്ത് ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചു.

എന്നാല്‍, പിന്നീട് മലയാളം വാക്കുകളുടെ ആവശ്യക്കാരുടെ എണ്ണം ഇന്റര്‍നെറ്റില്‍ വര്‍ധിച്ചു. ഉപഭോക്താക്കള്‍ക്ക് തന്നെ പദങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ അനുമതി നല്‍കിയത് അങ്ങനെയാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗത്ത് വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രണ്ടായിരത്തിയഞ്ഞൂറോളം വ്യക്തികള്‍ മഷിത്തണ്ടില്‍ പദങ്ങളും അര്‍ഥങ്ങളും എഴുതിച്ചേര്‍ത്തു.

മഷിത്തണ്ടിന്റെ മുഖ്യലക്ഷ്യങ്ങളില്‍ ഒന്ന് ഇന്റര്‍നെറ്റില്‍ മലയാളഭാഷയുടെ ഉപയോഗം വര്‍ധിപ്പിക്കുകയും അനായാസമാക്കുകയും ചെയ്യുകയെന്നതാണെന്ന്, ഈ സംരംഭത്തിന്റെ തുടക്കക്കാരില്‍ ഒരാളായ ജോജു ജോണ്‍ അറിയിക്കുന്നു. അത് ലക്ഷ്യം വെച്ച് ഒരു പദപ്രശ്‌ന വിഭാഗവും മഷിത്തണ്ടില്‍ ഉണ്ട്.

സ്‌പെല്‍ചെക്കറിന്റെ പണിപ്പുരയിലാണ് മഷിത്തണ്ട് പ്രവര്‍ത്തകര്‍ ഇപ്പോള്‍. നിഘണ്ടുവില്‍ ഇപ്പോള്‍ തന്നെ സാമ്യമുള്ള പദങ്ങള്‍ ലഭിക്കുന്നുണ്ട്. എട്ടുലക്ഷം വാക്കുകള്‍ അടങ്ങിയ പദശേഖരം നിര്‍മിക്കാനാകും എന്നാണ് മഷിത്തണ്ട് പ്രവര്‍ത്തകരുടെ പ്രതീക്ഷ. ഈ നിഘണ്ടു ഡൗണ്‍ലോഡ് ചെയ്യാനാകില്ല, നെറ്റിലുള്ള ഉപയോഗം മാത്രമേ നടക്കൂ.

കാണുക: http://dictionary.mashithantu.com/

Pathravarthakal

News in this Section