Mathrubhumi

കാലദോഷമകറ്റാന്‍ പോലീസ് സ്റ്റേഷനില്‍ കവടിനിരത്തി

Posted on: 30 Oct 2009



ചേര്‍ത്തല: കലികാലത്ത് പോലീസ് സ്റ്റേഷന് കാലദോഷമോ? ദുര്‍ലക്ഷണങ്ങള്‍ തുടര്‍ച്ചയായപ്പോള്‍ പോലീസുകാര്‍ ജ്യോത്സ്യനെ വിളിച്ചുവരുത്തി. കവടി നിരത്തി ജ്യോത്സ്യന്‍ പ്രശ്‌നം വെച്ചു. പ്രശ്‌നവിധിപ്രകാരം പരിഹാരക്രിയകള്‍ നിര്‍ദേശിച്ച് മടങ്ങി. ഇനി വൈകാതെ ഈ ക്രിയകള്‍ നടത്താനുള്ള ഒരുക്കത്തിലാണ് പൂച്ചാക്കല്‍ സ്റ്റേഷനിലെ പോലീസുകാര്‍.

രണ്ടുവര്‍ഷം മുമ്പാണ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം. അന്നുമുതല്‍ അശുഭ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്ന് പോലീസുകാര്‍ പറയുന്നു. രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ മരിച്ചു. എസ്‌ഐമാര്‍ക്ക് തുടരെ സ്ഥലംമാറ്റം. പലര്‍ക്കും സ്ഥിരമായി ശാരീരികാസ്വാസ്ഥ്യം. ആകെയുള്ള 39 പോലീസുകാരില്‍ ഭൂരിഭാഗം പേര്‍ക്കും പലവിധം അസുഖങ്ങള്‍.

ഒടുവില്‍ എല്ലാവരും കൂടി തീരുമാനിച്ചു; ജോത്സ്യനെ വിളിക്കുകതന്നെ. അങ്ങനെയാണ് രഹസ്യമായി വ്യാഴാഴ്ച രാവിലെ കിഴക്കേമഠത്തില്‍ കണിമംഗലം മാലിയില്‍ മണിയന്‍ ജ്യോത്സ്യരുടെ വരവ്.

മണിയന്‍ ജ്യോത്സ്യന്‍ കവടിനിരത്തി. ആരൂഢം കന്നിരാശിയും പ്രശ്‌നരാശി ഉദയം വൃശ്ചികവും ആയതോടെ ജ്യോത്സ്യന്‍ പ്രശ്‌നവിധി പറഞ്ഞു. അത് ഇപ്രകാരം:

സ്റ്റേഷന്‍ ഇരിക്കുന്ന സ്ഥലത്തിന് സര്‍പ്പദോഷം. പുതിയ കെട്ടിടത്തിന്റെ സ്ഥാനം തെറ്റാണ്. തച്ചുശാസ്ത്രപ്രകാരമല്ല നിര്‍മാണം. ഭൂമി പണ്ട് ക്ഷേത്രാധീനതയിലായിരുന്നു. പിന്നീട് ബ്രാഹ്മണര്‍ ഉടമകളായി. അവരില്‍ നിന്ന് സര്‍ക്കാരിലെത്തി. ബ്രാഹ്മണരുടെ പിന്മുറക്കാര്‍ ഇപ്പോഴുമുണ്ട്. അവരുടെ താപം ഈ ഭൂമിയിലുണ്ട്-ദോഷങ്ങളുടെ പട്ടിക നീണ്ടു.

കെട്ടിടത്തിന്റെ കണക്കുനോക്കാന്‍ സ്ഥപതിമാരെ (കണക്കന്‍) വിളിക്കണമെന്നും ചില ക്ഷേത്രങ്ങളില്‍ വഴിപാടും പൂജകളും പരിഹാര ക്രമമായി നിര്‍ദേശിച്ചുമാണ് ജ്യോത്സ്യന്‍ മടങ്ങിയത്.

കന്നിമാസത്തിലായിരുന്നു പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം. കന്നിമാസം ഇതിന് യോജിച്ചതല്ലായിരുന്നുവത്രേ. നേരത്തേ തന്നെ ഇക്കാര്യം പോലീസുകാര്‍ ചര്‍ച്ചചെയ്തിരുന്നു. പോലീസുകാരില്‍ ഒരാള്‍ക്ക് തച്ചുശാസ്ത്രമറിയാം. അയാളുടെ നിര്‍ദേശപ്രകാരം പഴയ കെട്ടിടത്തില്‍ ഒരു ദ്വാരം ഉണ്ടാക്കി പുതിയ കെട്ടിടത്തിന് റോഡിലേക്ക് ദര്‍ശനം ഒരുക്കിയിരുന്നു. ഇതുകൊണ്ടും വിഘ്‌നങ്ങള്‍ മാറാതെ വന്നപ്പോഴാണ് ജ്യോത്സ്യനെ വിളിച്ചുവരുത്തിയത്.

Pathravarthakal

News in this Section