Mathrubhumi

അഫ്ഗാനിസ്താനില്‍ വെടിവെപ്പ്: 12 മരണം

Posted on: 28 Oct 2009



കാബൂള്‍: അഫ്ഗാനിസ്താനിലെ ഐക്യരാഷ്ട്രസഭാ ഗസ്റ്റ് ഹൗസില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറ് യു.എന്‍ ഉദ്യോഗസ്ഥരും മൂന്ന് സുരക്ഷാ ഗാര്‍ഡുകളും മൂന്ന് തീവ്രവാദികളുമാണ് മരിച്ചത്.

കാബൂളിലെ ഷെര്‍ ഇ നൗവ് പ്രദേശത്തെ ഗസ്റ്റ് ഗൗസില്‍ ബുധനാഴ്ച രാവിലെ 5.30 നാണ് തീവ്രവാദികള്‍ കടന്നു കയറിയത്. മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ 8.30 ഓടെ മൂന്ന് തീവ്രവാദികളെ വധിച്ച് സൈന്യം കെട്ടിടം മോചിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.

ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് യു.എന്‍ ആരോപിച്ചു. നവംബര്‍ ഏഴിന് നടക്കാനിരിക്കുന്ന രണ്ടാംഘട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്താനില്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

നിരവധി സൈനികര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു. സ്‌ഫോടക വസ്തുക്കളുമായാണ് തീവ്രവാദികള്‍ ഗസ്റ്റ് ഹൗസിന്റെ നിയന്ത്രണം ഏറ്റെടുത്തത്. കെട്ടിടത്തില്‍നിന്ന് തീയും പുകയും ഉയര്‍ന്നത് കണ്ടതായും സ്‌ഫോടന ശബ്ദം കേട്ടതായും ദൃക്‌സാക്ഷികള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സൈന്യം പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്.
Pathravarthakal

News in this Section