Mathrubhumi

മുംബൈ: ബ്രിട്ടീഷ് രാജ്ഞി ഇന്ത്യയെ അഭിനന്ദിച്ചു

Posted on: 28 Oct 2009



വിന്‍സര്‍ (ബ്രിട്ടന്‍): മുംബൈ തീവ്രവാദി ആക്രമണത്തിന് ഒരുവര്‍ഷം തികയവെ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി സംഭവത്തെ ശക്തമായി അപലപിച്ചു. തീവ്രവാദികളെ നേരിടുന്നതില്‍ ഇന്ത്യകാട്ടിയ ധീരതയെ അവര്‍ അഭിനന്ദിച്ചു. ദുരന്തം നേരിടുന്നതില്‍ ഇന്ത്യയിലെ ജനങ്ങളും സുരക്ഷാ സൈനികരും കാട്ടിയ ധീരത മാതൃകാപരമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് ചൊവ്വാഴ്ച രാത്രി നല്‍കിയ വിരുന്ന് സല്‍ക്കാരത്തിലാണ് എലിസബത്ത് രാജ്ഞി ഇക്കാര്യം പറഞ്ഞത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ അടക്കമുള്ളവര്‍ വിരുന്നില്‍ പങ്കെടുത്തു. മുംബൈ ആക്രമണത്തെ ബ്രിട്ടീഷ് രാജ്ഞി അപലപിച്ച ചടങ്ങില്‍ പാകിസ്താന്‍ ഹൈക്കമ്മീഷണറുടെ സാന്നിധ്യം ശ്രദ്ധേയമായി.

ആക്രമണത്തിനുശേഷം ഇന്ത്യയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാരും രാജ്യത്തെ ജനങ്ങളും നല്‍കിയ പിന്തുണയ്ക്ക് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ നന്ദി പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കാന്‍ ബ്രിട്ടീഷ് രാജ്ഞിയെ രാഷ്ട്രപതി ക്ഷണിച്ചു. 2010 ഒക്ടോബറില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നതിനിടെ ഇന്ത്യ സന്ദര്‍ശിക്കാനാണ് ക്ഷണം. ഇന്ത്യയും ബ്രിട്ടനും പരമ്പരാഗതമായി അടുത്ത ബന്ധുക്കളാണെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു. 1961 ലും, 83 ലും, 97 ലും എലിസബത്ത് രാജ്ഞി ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page